Photo: AP
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: പരമ്പര നേടിക്കഴിഞ്ഞെങ്കിലും വിജയം സമ്പൂര്‍ണമാക്കുക ലക്ഷ്യമിട്ട് ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ബുധനാഴ്ച വൈകീട്ട് ഏഴുമുതല്‍ നടക്കും.
ആദ്യമത്സരം മൂന്നു റണ്‍സിനും രണ്ടാം മത്സരം രണ്ടു വിക്കറ്റിനും ജയിച്ച ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് പരമ്പരയില്‍ 2-0-ന്റെ ഭേദിക്കപ്പെടാത്ത ലീഡുണ്ട്.
വിന്‍ഡീസിനെതിരേ കഴിഞ്ഞമത്സരത്തില്‍ ഇന്ത്യ നേടിയത് ആ ടീമിനെതിരായ തുടര്‍ച്ചയായ 12-ാം ഏകദിന വിജയമാണ്. ഇത് ലോകറെക്കോഡാണ്. ഏകദിനത്തില്‍ ഒരു ടീമിനെതിരേ ആരും ഇത്രയുംമത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചിട്ടില്ല. അതേസമയം, തുടരെ എട്ട് ഏകദിനങ്ങള്‍ തോറ്റതിന്റെ ക്ഷീണത്തിലാണ് വിന്‍ഡീസ്.
പരമ്പരനേടിയ സ്ഥിതിക്ക് മറ്റുകളിക്കാര്‍ക്ക് ചില അവസരങ്ങള്‍ കിട്ടിയേക്കാം. പക്ഷേ, ആരെ മാറ്റും എന്നത് വലിയ ചോദ്യമാണ്. ശുഭ്മാന്‍ ഗില്ലിനുപകരം ഓപ്പണറായി ഋതുരാജ് ഗെയ്ക്വാദ് വരാന്‍ സാധ്യത കുറവാണ്. 64, 43 എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ കഴിഞ്ഞ രണ്ടുമത്സരങ്ങളിലെ സ്‌കോറുകള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒരു പരമ്പര കിട്ടിയിട്ടും ഗെയ്ക്വാദ് ശോഭിച്ചിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് അയ്യരെയും സഞ്ജു സാംസണെയും മാറ്റില്ല. രണ്ടുമത്സരങ്ങളിലും തിളങ്ങാതിരുന്നത് സൂര്യകുമാര്‍ യാദവാണ്. ഇഷാന്‍ കിഷന് ഇതുവരെ അവസരം കിട്ടിയിട്ടില്ല.
പരിക്കുമൂലം ആദ്യ രണ്ടുമത്സരങ്ങളിലും കളിക്കാതിരുന്ന വൈസ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ ഇലവനിലേക്ക് തിരിച്ചെത്തുമോ എന്നുറപ്പില്ല. ജഡേജയ്ക്കുപകരമെത്തിയ അക്‌സര്‍ പട്ടേലാണ് ഉജ്ജ്വല ബാറ്റിങ്ങിലൂടെ കഴിഞ്ഞമത്സരത്തില്‍ ഇന്ത്യയെ ജയിപ്പിച്ചത്.
ജഡേജ തിരിച്ചെത്തിയാല്‍ യുസ്വേന്ദ്ര ചാഹലായിരിക്കും മാറേണ്ടിവരുക. പരിക്കില്‍നിന്ന് മോചിതനായാല്‍ അര്‍ഷ്ദീപ് സിങ്ങിന് കളിക്കാം. കഴിഞ്ഞമത്സരത്തില്‍ ബൗളിങ്ങില്‍ ഒട്ടേറെ റണ്‍സ് വിട്ടുകൊടുത്ത ആവേശ് ഖാന് പുറത്തിരിക്കേണ്ടിവരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..