രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയതിനു പിന്നാലെ ഒന്‍പതു വിക്കറ്റിന് 649 റണ്‍സിന് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 

അരങ്ങേറ്റ ടെസ്റ്റ് കളിച്ച പൃഥ്വി ഷാ (134), നായകന്‍ വിരാട് കോഹ്‌ലി (139) എന്നിവര്‍ക്കു പിന്നാലെയായിരുന്നു ജഡേജയുടെ സെഞ്ചുറി (100). ഇവര്‍ക്കു പുറമേ ചേതേശ്വര്‍ പൂജാര (86), ഋഷഭ് പന്ത് (92) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് സംഭാവന നല്‍കി. 132 പന്തില്‍ അഞ്ചു ബൗണ്ടറികളും അഞ്ചു സിക്‌സും ഉള്‍പ്പെടെയാണ് ജഡേജ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. ജഡേജയ്‌ക്കൊപ്പം മുഹമ്മദ് ഷമി രണ്ടു റണ്‍സോടെ പുറത്താകാതെ നിന്നു.

കൗമാര താരം പൃഥ്വി ഷായുടെ അരങ്ങേറ്റത്തിലെ സെഞ്ചുറിയായിരുന്നു ആദ്യ ദിവസത്തെ പ്രത്യേകതയെങ്കില്‍ രണ്ടാം ദിനം ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്റെ 24-ാം സെഞ്ചുറിയുമായി കളംനിറഞ്ഞു. 230 പന്തില്‍ 10 ബൗണ്ടറികളോടെ 139 റണ്‍സെടുത്ത കോലി ഒടുവില്‍ ഹക്കിം ലെവിസിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. 

അടിച്ചുതകര്‍ത്ത് മുന്നേറിയ യുവതാരം ഋഷഭ് പന്തിന് എട്ടു റണ്‍സ് അകലെ രണ്ടാം ടെസ്റ്റ് സെഞ്ചുറി നഷ്ടമാകുകയും ചെയ്തു. 84 പന്തില്‍ എട്ടു ബൗണ്ടറിയും നാലു സിക്‌സറുമടക്കം 92 റണ്‍സെടുത്ത പന്തിനെ ദേവേന്ദ്ര ബിഷുവാണ് പുറത്താക്കിയത്. അഞ്ചാം വിക്കറ്റില്‍ കോലിക്കൊപ്പം 136 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പന്ത് പുറത്തായത്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ സെഞ്ചുറി നേടിയ പന്തിന്, തുടര്‍ച്ചയായ രണ്ടു ടെസ്റ്റുകളില്‍ സെഞ്ചുറി നേടാനുള്ള അവസരമാണ് നഷ്ടമായത്. 

രണ്ടാം ദിനം നാലിന് 34 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ സ്‌കോര്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോയത് പന്തിന്റെ വെടിക്കെട്ടായിരുന്നു. നേരത്തെ ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ചുറി നേടിയ പൃഥ്വി ഷായും (134) പൂജാരയുമാണ് (86) ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ലോകേഷ് രാഹുലിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായ ശേഷം ഒത്തു ചേര്‍ന്ന ഈ സഖ്യം 206 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു. 

ഇരുവരും പുറത്തായതിനു പിന്നാലെ ഒത്തുചേര്‍ന്ന കോലി-രഹാനെ (41) സഖ്യവും സെഞ്ചുറി കൂട്ടുകെട്ട് (105) തീര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ലോകേഷ് രാഹുല്‍ (0), അജിങ്ക്യ രഹാനെ (41), രവിചന്ദ്രന്‍ അശ്വിന്‍ (7), കുല്‍ദീപ് യാദവ് (12) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍. വിന്‍ഡീസിനായി ദേവേന്ദ്ര ബിഷൂ നാലു വിക്കറ്റ് വീഴ്ത്തി.

Content Highlights: india vs west indies 1st test day 2