ഹൈദരാബാദ്: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 50 പന്തില്‍ നിന്ന് ആറു വീതം ബൗണ്ടറിയും സിക്‌സുമായി 94 റണ്‍സെടുത്ത് മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ വിരാട് കോലിയാണ് വിന്‍ഡീസിനെ നിഷ്പ്രഭമാക്കിയത്. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ (1-0) മുന്നിലെത്തി.

ട്വന്റി 20-യില്‍ റണ്‍സ് പിന്തുടര്‍ന്നുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. 2009-ല്‍ ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയില്‍ 207 റണ്‍സ് പിന്തുടര്‍ന്നുള്ള ജയം ഇതോടെ രണ്ടാമതായി.

ഓപ്പണര്‍ രോഹിത് ശര്‍മയെ (8) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും തകര്‍ത്തടിച്ച കെ.എല്‍ രാഹുലാണ് (40 പന്തില്‍ 62) ഇന്ത്യയ്ക്ക് മികച്ച തുടക്കമേകിയത്. രാഹുല്‍ ട്വന്റി 20-യിലെ ഏഴാം അര്‍ധ സെഞ്ചുറിയും കുറിച്ചു. ഇതിനിടെ ട്വന്റി 20 കരിയറില്‍ രാഹുല്‍ 1000 റണ്‍സും തികച്ചു. 29-ാം ഇന്നിങ്‌സിലാണ് താരത്തിന്റെ ഈ നേട്ടം.

രാഹുല്‍ പുറത്തായ ശേഷം ആക്രമണം ഏറ്റെടുത്ത കോലി പിന്നീട് വെടിക്കെട്ടിന് തിരികൊളുത്തി. കോലിയുടെ 23-ാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. തകര്‍ത്തടിച്ച കോലി വിന്‍ഡീസ് ബൗളര്‍ കെസ്രിക്ക് വില്യംസണെതിരേ നോട്ട്ബുക്ക് സെലബ്രേഷനും നടത്തി. രണ്ടാം വിക്കറ്റില്‍ കോലി - രാഹുല്‍ സഖ്യം 100 റണ്‍സ് ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം (18) 48 റണ്‍സിന്റെ കൂട്ടുകെട്ടിലും കോലി പങ്കാളിയായി.

India vs West Indies 1st T20 Hyderabad
കെസ്രിക്ക് വില്യംസണെതിരേ നോട്ട്ബുക്ക് സെലബ്രേഷന്‍ നടത്തുന്ന കോലി

നേരത്തെ തുടക്കംമുതല്‍ തകര്‍ത്തടിച്ച ബാറ്റ്‌സ്മാന്‍മാരെ ക്യാച്ചുകള്‍ കൈവിട്ട് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ സഹായിച്ചപ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 207-ല്‍ എത്തി. 

ട്വന്റി 20-യിലെ ആദ്യ അന്താരാഷ്ട്ര അര്‍ധസെഞ്ചുറി നേടിയ ഷിംറോണ്‍ ഹെറ്റ്മയറാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. രണ്ടു തവണ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട ഹെറ്റ്മയര്‍ 41 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ടു ബൗണ്ടറിയുമടക്കം 56 റണ്‍സെടുത്തു.

രണ്ടാം ഓവറില്‍ തന്നെ ദീപക് ചാഹര്‍ ലെന്‍ഡല്‍ സിമ്മണ്‍സിനെ (2) മടക്കിയ ശേഷമായിരുന്നു വിന്‍ഡീസ് വെടിക്കെട്ട്. 17 പന്തില്‍ നിന്ന് 40 റണ്‍സടിച്ച എവിന്‍ ലൂയിസാണ് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ലൂയിസിനെ പിന്നീട് വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി. ബ്രണ്ടന്‍ കിങ് (23 പന്തില്‍ 31), കീറോണ്‍ പൊള്ളാര്‍ഡ് (19 പന്തില്‍ 37) എന്നിവരും തകര്‍ത്തടിച്ചു. 15 സിക്‌സറുകളാണ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചുകൂട്ടിയത്. ഇന്ത്യയ്‌ക്കെതിരേ വിന്‍ഡീസ് ഒരു ട്വന്റി 20-യില്‍ നേടുന്ന ഏറ്റവും കൂടുതല്‍ സിക്‌സറുകളാണിത്. 

ജേസണ്‍ ഹോള്‍ഡര്‍ (ഒമ്പതു പന്തില്‍ 24*), ദിനേഷ് രാംദിന്‍ (ഏഴു പന്തില്‍ 11) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി യൂസ്‌വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹര്‍, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlights: India vs West Indies 1st T20 Hyderabad