രാജ്‌കോട്ട്: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയ പൃഥ്വി ഷായുടെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ഷാ 134 റണ്‍സെടുത്ത് പുറത്തായി. 154 പന്തില്‍ 19 ബൗണ്ടറികളടക്കം 134 റണ്‍സെടുത്ത പൃഥ്വി ഷായെ ദേവേന്ദ്ര ബിഷുവാണ് പുറത്താക്കിയത്. 

ചേതേശ്വര്‍ പൂജാര 86 റണ്‍സെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റില്‍ ഇരുവരും 206 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 20 റണ്‍സുമായി നായകന്‍ വിരാട് കോലിയും ആറു റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 15-ാമത്തെ ഇന്ത്യന്‍ താരമാണ് ഷാ. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഷാ സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ പ്രായം കുറഞ്ഞ താരവുമാണ് ഷാ. 18 വര്‍ഷവും 329 ദിവസവുമാണ് പൃഥ്വി ഷായുടെ പ്രായം. ഏകദിന ശൈലിയില്‍ തുടക്കക്കാരന്റെ യാതൊരു പതര്‍ച്ചയും ഇല്ലാതെയായിരുന്നുപൃഥ്വി ഷായുടെ ബാറ്റിങ്. 

തുടക്കത്തില്‍ തന്നെ ലോകേഷ് രാഹുലിന്റെ വിക്കറ്റോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ആരംഭിച്ചത്. ഷാനന്‍ ഗബ്രിയേലാണ് രാഹുലിനെ പുറത്താക്കിയത്. വെറും നാലു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്‌സിനൊടുവില്‍ റണ്ണൊന്നുമെടുക്കാനാകാതെ ഗബ്രിയേലിന്റെ പന്തില്‍ രാഹുല്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. ഇതിനിടെ അംപയറുടെ തീരുമാനം റിവ്യൂ ചെയ്ത രാഹുല്‍ ഇന്ത്യയുടെ ഏക റിവ്യൂ അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.

Content Highlights: india vs west 1st test in rajkot