
Photo: twitter.com/BCCI
ട്രിനിഡാഡ്: അണ്ടര്‍ 19 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ യുഗാണ്‍ഡയെ 326 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 406 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ യുഗാണ്‍ഡ വെറും 79 റണ്‍സിന് ഓള് ഔട്ടായി. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരായി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്കോര്‍: ഇന്ത്യ 50 ഓവറില്‍ അഞ്ചിന് 405. യുഗാണ്‍ഡ 19.4 ഓവറില്‍ 79 ന് ഓള് ഔട്ട്.
സെഞ്ചുറി നേടിയ രാജ് ബാവയും അംഗ്ക്രിഷ് രഘുവംശിയുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രാജ് ബാവ 108 പന്തുകളില്‍ നിന്ന് പുറത്താവാതെ 162 റണ്‍സെടുത്തു. 14 ഫോറും എട്ട് സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഓപ്പണര്‍ അംഗ്ക്രിഷ് 120 പന്തുകളില്‍ നിന്ന് 22 ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 144 റണ്‍സെടുത്ത് പുറത്തായി. ഇരുവരും 206 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
406 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ യുഗാണ്ഡയ്ക്ക് വേണ്ടി 34 റണ്‍സെടുത്ത നായകന് പാസ്കല്‍ മുറുംഗി മാത്രമാണ് പിടിച്ചുനിന്നത്. രണ്ട് താരങ്ങള്‍ മാത്രമാണ് ടീമില്‍ രണ്ടക്കം കണ്ടത്. ഇന്ത്യയ്ക്ക് വേണ്ടി നായകന് നിഷാന്ത് സിന്ധു നാലുവിക്കറ്റെടുത്തപ്പോള്‍ രാജ്വര്ധന് രണ്ട് വിക്കറ്റ് നേടി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ജനുവരി 29 നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. കോവിഡിന്റെ പിടിയിലായ ഇന്ത്യ ആറ് പകരക്കാരെ വെച്ചാണ് കളിച്ചത്.
Content Highlights: India vs Uganda Under 19 cricket world cup match result
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..