കാന്‍ഡി: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ മേല്‍ക്കൈ കളഞ്ഞുകളിച്ച് ഇന്ത്യ. ഒന്നാം വിക്കറ്റില്‍ 188 റണ്‍സെടുത്ത ഇന്ത്യയ്ക്ക് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 329 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായി. 13 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും ഒരു റണ്ണെടുത്ത ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.
സെഞ്ചുറി നേടിയ ശിഖര്‍ ധവാനും മികച്ച പിന്തുണ നല്കിയ കെ.എല്‍. രാഹുലും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കയിത്. ധവാന് 123 പന്തില്‍ നിന്ന് 119 റണ്‍സാണ് നേടിയത്. ഇരുപത്തിയാറാം ടെസ്റ്റ് കളിക്കുന്ന ധവാന്റെ ആറാം സെഞ്ചുറിയാണിത്. ഈ പരമ്പരയിലെ രണ്ടാമത്തേതും. ഇന്ത്യ വിജയിച്ച ഗോള്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിലും ധവാന് സെഞ്ചുറി നേടിയിരുന്നു (190 റണ്‍സ്). രാഹുല്‍ 135 പന്തില്‍ നിന്ന് 85 റണ്‍സുമെടുത്തു.
40-ാം ഓവറില്‍ രാഹുലിനെ പുഷ്പകുമാര മടക്കിയതോടെ ഇന്ത്യയ്ക്ക് താളം നഷ്ടപ്പെട്ടു. വലിയ വെല്ലുവിളി ഉയര്‍ത്താതെ ചേതേശ്വര്‍ പൂജാര കൂടി മടങ്ങിയതോടെ ഇന്ത്യയ്ക്ക് തുടക്കത്തില്‍ ലഭിച്ച മേല്‍ക്കൈ നഷ്മായി.
ഉച്ചഭക്ഷണത്തിനുശേഷമാണ് ഇന്ത്യയുടെ തകര്‍ച്ച തുടങ്ങിയത്. വിക്കറ്റുകളെല്ലാം നഷ്ടപ്പെട്ടതും ഭക്ഷണത്തിനുശേഷം തന്നെ. ക്യാപ്റ്റന്‍ വിരാട് കോലി 84 പന്തില്‍ നിന്ന് 42 ഉം അജിങ്ക്യ രഹാനെ 48 പന്തില്‍ നിന്ന് പതിനേഴും അശ്വിന് 75 പന്തില്‍ നിന്ന് 31 ഉം റണ്‍സെടുത്ത് മടങ്ങിയതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി.
പതിനെട്ട് ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാരയാണ് ഇന്ത്യയെ മെരുക്കിയത്. സാന്ദക്കന് രണ്ടും ഫെര്‍ണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ രണ്ട് ടെസ്റ്റും വിജയിച്ച ഇന്ത്യ ഗോള്‍ ടെസ്റ്റോടെ പരമ്പര സ്വന്തമാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..