ഗോള്‍: 11 വര്‍ഷത്തെ ഇടവേളക്ക് ശേഷം ശ്രീലങ്കയിലെ ഗോള്‍ സ്‌റ്റേഡിയത്തില്‍ വീണ്ടുമൊരു സുനാമി. ഇത്തവണ കോലിയും സംഘവും തീര്‍ത്ത സുനാമിത്തിരയില്‍ പെട്ട് ലങ്കന്‍ ബാറ്റിങ് നിര ഒലിച്ചുപോയി. 2006 ഡിസംബറില്‍ സുനാമിത്തിരകള്‍ വിഴുങ്ങിയ ശേഷം പുതുക്കിപ്പണിത ഗോള്‍ സ്‌റ്റേഡിയത്തില്‍ 304 റണ്‍സിനാണ് ഇന്ത്യന്‍ ടീം വിജയമാഘോഷിച്ചത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അടി പതറിയ ലങ്കന്‍ ബാറ്റിങ് നിര രണ്ടാമിന്നിങ്‌സില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായി.

പരിക്കേറ്റ രംഗണ ഹെറാത്ത്, അസേല ഗുണരത്‌ന എന്നിവര്‍ ലങ്കന്‍ നിരയില്‍ ബാറ്റിങ്ങിനിറങ്ങിയില്ല. വിജയത്തോടെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

സ്‌കോര്‍: ഇന്ത്യ 600, 240/3 ഡിക്ലയേര്‍ഡ്, ശ്രീലങ്ക  291, 245

550 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ലങ്കന്‍ നിരയില്‍ കരുണരത്‌നയ്ക്കും ഡിക്ക് വെല്ലയ്ക്കും മാത്രമേ പിടിച്ചു നില്‍ക്കാനായുള്ളു. കരുണരത്‌ന 97 റണ്‍സും ഡിക്ക് വെല്ല 67 റണ്‍സും അടിച്ചെടുത്തു. അഞ്ചു റണ്‍സിനിടയില്‍ ലങ്കയുടെ അവസാന മൂന്ന് വിക്കറ്റുകള്‍ വീണു. മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ആര്‍.അശ്വിനുമാണ് ലങ്കന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇതോടെ രണ്ടിന്നിങ്‌സിലുമായി ജഡേജ ആറു വിക്കറ്റ് വീഴ്ത്തി. 

ആദ്യ ഇന്നിങ്‌സിലെ ലീഡുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ വിരാട് കോലി സെഞ്ചുറി കണ്ടെത്തിയപ്പോള്‍ അഭിനവ് മുകുന്ദ് അര്‍ധസെഞ്ചുറി നേടി. തന്റെ ടെസ്റ്റ് കരിയറിലെ 17-ാം സെഞ്ചുറിയാണ് കോലി പൂര്‍ത്തിയാക്കിയത്. 136 പന്തില്‍ കോലി 103 റണ്‍സ് അടിച്ചതിന് പിന്നാലെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ലങ്കയ്ക്ക് മുന്നില്‍ 550 റണ്‍സിന്റെ വിജയലക്ഷ്യം വെക്കുകയായിരുന്നു. 

നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സില്‍ രണ്ടു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയുമാണ് പിറന്നത്. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും സെഞ്ചുറിയടിച്ചപ്പോള്‍ രഹാനെയും ഹാര്‍ദിക് പാണ്ഡ്യയും അര്‍ധശതകം നേടി. 

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 600 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ലങ്ക 291 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഉപുല്‍ തരംഗ, എയ്ഞ്ചലോ മാത്യൂസ്, ദില്‍റുവാന്‍ പെരേര എന്നിവരൊഴികെയുള്ള ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും പിടിച്ചു നില്‍ക്കാനായില്ല. 

virat kohli

വാലറ്റക്കാര്‍ക്കൊപ്പം ഉജ്വലമായി ചെറുത്തുനിന്ന് 132 പന്തില്‍ നിന്ന് 92 റണ്‍സ് നേടിയ പെരേരയാണ് ടോപ് സ്‌കോറര്‍. എയ്ഞ്ചലോ മാത്യൂസ് 130 പന്തില്‍ നിന്ന് 83 ഉം ഉപുല്‍ തരംഗ 93 പന്തില്‍ നിന്ന് 64 ഉം റണ്‍സെടുത്തു. 

ഓപ്പണര്‍ കരുണരത്നെ (2), ഗുണതിലക (16), മെന്‍ഡിസ് (0), ഡിക്ക്വെല്ല (8), ക്യാപ്റ്റന്‍ ഹെരാത്ത് (9), നുവാന്‍ പ്രദീപ് (10), കുമാര (2) എന്നിവര്‍ക്കൊന്നും രവീന്ദ്ര ജഡേജയും ഷമിയും നയിച്ച ഇന്ത്യന്‍ ബൗളിങ്ങിനെ ചെറുക്കാനായില്ല.

shikhar dhawan