Photo: twitter.com|ICC
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആവേശകരമായ മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ ദീപക് ചാഹറിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.
276 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 49.1 ഓവറില്‍ അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ഏഴുവിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്ക് വീണുകൊണ്ടിരുന്ന ടീമിനെ ചാഹര്‍ ഒറ്റയ്ക്ക് തോളിലേറ്റി വിജയത്തിലെത്തിക്കുകയായിരുന്നു. ചാഹര്‍ 69 റണ്‍സെടുത്തും ഭുവനേശ്വര്‍ 19 റണ്‍സെടുത്തും പുറത്താവാതെ നിന്നു. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തി. നേരത്തേ രണ്ട് ശ്രീലങ്കന്‍ വിക്കറ്റുകളും ചാഹര്‍ വീഴ്ത്തിയിരുന്നു. അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.ചാഹറാണ് കളിയിലെ താരം.
ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സാണെടുത്തത്. അര്‍ധസെഞ്ചുറി നേടിയ ചരിത് അസലങ്കയുടെയും ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയുടെയും മികവിലാണ് ലങ്കന്‍ പട ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ചമിക കരുണരത്‌നെയും ഓപ്പണര്‍ മിനോദ് ഭനുകയും മികച്ച പ്രകടനം പുറത്തെടുത്തു.
276 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും നല്‍കിയത്. ആദ്യ ഓവറില്‍ തുടര്‍ച്ചയായി മൂന്നു പന്തുകളില്‍ ബൗണ്ടറി നേടി ഷാ വരവറിയിച്ചു. എന്നാല്‍ മൂന്നാം ഓവറിലെ അവസാന പന്തില്‍ ഷായെ ക്ലീന്‍ ബൗള്‍ഡാക്കി ഹസരംഗ മത്സരം ശ്രീലങ്കയ്ക്ക് അനുകൂലമാക്കി. 11 പന്തുകളില്‍ നിന്നും 13 റണ്‍സ് മാത്രമാണ് ഷായ്ക്ക് നേടാനായത്.
ഷായ്ക്ക് പിന്നാലെയെത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ ഇഷാന്‍ കിഷനും പിടിച്ചുനില്‍ക്കാനായില്ല. ഒരു റണ്‍സ് മാത്രമെടുത്ത താരത്തിന്റെ വിക്കറ്റ് പിഴുത് കസുന്‍ രജിത ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീഴ്ത്തി. ഇതോടെ ഇന്ത്യ അഞ്ചോവറില്‍ 39 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. കിഷന് പകരമായി ക്രീസിലെത്തിയ മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് നായകന്‍ ശിഖര്‍ ധവാന്‍ ടീം സ്‌കോര്‍ എട്ടോവറില്‍ 50 കടത്തി.
വളരെ സൂക്ഷിച്ചുകളിച്ച ധവാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഹസരംഗ വീണ്ടും ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 12-ാം ഓവറിലെ അവസാന പന്തിലാണ് ധവാന്‍ പുറത്തായത്. 38 പന്തുകളില്‍ നിന്നും ആറു ബൗണ്ടറികളുടെ സഹായത്തോടെ 29 റണ്‍സാണ് താരം നേടിയത്. ധവാന്‍ പുറത്താകുമ്പോള്‍ വെറും 65 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായത്.
ധവാന് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി. യാദവും പാണ്ഡെയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടുനയിച്ചു. 15.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. സൂര്യകുമാര്‍ ആക്രമിച്ച് കളിച്ചപ്പോള്‍ ശ്രദ്ധയോടെയാണ് മനീഷ് പാണ്ഡെ ബാറ്റ് വീശിയത്.
എന്നാല്‍ 18-ാം ഓവറില്‍ നിര്‍ഭാഗ്യവശാല്‍ മനീഷ് പാണ്ഡെ പുറത്തായി. ഹിറ്റ് വിക്കറ്റായാണ് താരം പവലിയനിലേക്ക് മടങ്ങിയത്. 31 പന്തുകളില്‍ നിന്നും മൂന്ന് ബൗണ്ടറിയടക്കം 37 റണ്‍സ് പാണ്ഡെ നേടി. അതേ ഓവറില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യയെ പൂജ്യനാക്കി മടക്കി ശ്രീലങ്കന്‍ നായകന്‍ ദാസണ്‍ ശനക ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ഇതോടെ 115 ന് മൂന്ന് എന്ന നിലയില്‍ നിന്നും 116 ന് അഞ്ച് എന്ന സ്‌കോറിലേക്ക് ഇന്ത്യ വീണു.
ഹാര്‍ദിക്കിന് പകരം ക്രീസിലെത്തിയ ക്രുനാല്‍ പാണ്ഡ്യയെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് ശ്രദ്ധയോടെ കളിക്കാന്‍ ആരംഭിച്ചു. 27-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി സൂര്യകുമാര്‍ ഏകദിനത്തിലെ തന്റെ ആദ്യ അര്‍ധസെഞ്ചുറി സ്വന്തമാക്കി. 42 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം പൂര്‍ത്തിയാക്കിയത്. എന്നാല്‍ അര്‍ധശതകം നേടിയതിനുപിന്നാലെ താരം പുറത്തായി. സന്ദകനാണ് സൂര്യകുമാറിനെ പുറത്താക്കിയത്. 44 പന്തുകളില്‍ നിന്നും ആറുബൗണ്ടറികളുടെ സഹായത്തോടെ 53 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഇതോടെ ഇന്ത്യ പരാജയം മണത്തു.
പിന്നീട് ക്രീസിലെത്തിയ ദീപക് ചാഹറിനെ കൂട്ടുപിടിച്ച് ക്രുനാല്‍ പാണ്ഡ്യ രക്ഷകന്റെ ചുമതലയേറ്റെടുത്തു. പതിയേ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നതിനിടെ ക്രുനാലിനെ പുറത്താക്കി ഹസരംഗ ഇന്ത്യയെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 54 പന്തുകളില്‍ നിന്നും 35 റണ്‍സെടുത്ത താരത്തെ ഹസരംഗ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. ക്രുനാലായിരുന്നു ഇന്ത്യയുടെ അവസാന ബാറ്റിങ് പ്രതീക്ഷ. പിന്നീട് ഒത്തുചേര്‍ന്ന ചാഹറും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി.
അവസാന പത്തോവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 67 റണ്‍സാണ് വേണ്ടിയിരുന്നത്. അവിശ്വസനീയമായി ബാറ്റേന്തിയ ദീപക് ചാഹര്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു. മോശം പന്തുകള്‍ പ്രഹരിച്ച് കളിച്ച ചാഹര്‍ അനായാസം സ്‌കോര്‍ ചലിപ്പിച്ചു. ഭുവനേശ്വര്‍ താരത്തിന് മികച്ച പിന്തുണ സമ്മാനിച്ചു. വൈകാതെ താരം ഏകദിനത്തിലെ ആദ്യ അര്‍ധശതകം പൂര്‍ത്തിയാക്കി. 64 പന്തുകളില്‍ നിന്നുമാണ് ചാഹര്‍ അര്‍ധശതകം നേടിയത്.
47-ാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയുടെ സ്‌കോര്‍ 250 റണ്‍സിലെത്തിച്ചു. പിന്നീട് ശ്രദ്ധിച്ചുകളിച്ച ഇരുവരും സിംഗിളുകളും ഡബിളുകളുമൊക്കെയായി ഇന്ത്യയെ വിജയത്തിലെത്തിച്ചു. ചാഹര്‍ 82 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ പുറത്താവാതെ 69 റണ്‍സും ഭുവനേശ്വര്‍ 28 പന്തുകളില്‍ നിന്നും 19 റണ്‍സും നേടി.
ശ്രീലങ്കയ്ക്ക് വേണ്ടി ഹസരംഗ 10 ഓവറില്‍ വെറും 37 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശനക, രജിത, സന്ദകന്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കന്‍ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് അവസരം ലഭിച്ചു. രണ്ടാം ഓവറില്‍ ദീപക് ചഹാറിന്റെ പന്തില്‍ ഓപ്പണര്‍ മിനോദ് ഭനുകയുടെ ക്യാച്ച് സ്ലിപ്പില്‍ മനീഷ് പാണ്ഡെ പാഴാക്കി. ചാഹര്‍ എറിഞ്ഞ നാലാം ഓവറില്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയെ പുറത്താക്കാനുള്ള അവസരം ഭുവനേശ്വര്‍ കുമാറും പാഴാക്കി.
ഇതോടെ കുടുതല്‍ ശ്രദ്ധിച്ചുകളിച്ച ഓപ്പണര്‍മാര്‍ മോശം പന്തുകള്‍ തിരഞ്ഞുപിടിച്ച് പ്രഹരിക്കാന്‍ തുടങ്ങി. പതിയേ കളി ശ്രീലങ്കയുടെ കൈയ്യിലായി. മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ശ്രീലങ്കയ്ക്ക് നല്‍കിയത്. ഫെര്‍ണാണ്ടോയും മിനോദും ചേര്‍ന്ന് 7.4 ഓവറില്‍ സ്‌കോര്‍ 50 കടത്തി.
എന്നാല്‍ സ്‌കോര്‍ 77-ല്‍ നില്‍ക്കെ ഓപ്പണര്‍ മിനോദ് ഭനുകയെ പുറത്താക്കി യൂസ്വേന്ദ്ര ചാഹല്‍ ശ്രീലങ്കയുടെ കൂട്ടുകെട്ട് പൊളിച്ചു. 42 പന്തുകളില്‍ നിന്നും ആറു ബൗണ്ടറികളുടെ സഹായത്തോടെ 36 റണ്‍സെടുത്ത മിനോദിനെ ചാഹല്‍ മനീഷ് പാണ്ഡെയുടെ കൈയ്യിലെത്തിച്ചു. ആദ്യ വിക്കറ്റില്‍ ഫെര്‍ണാണ്ടോയ്‌ക്കൊപ്പം 77 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് മിനോദ് ക്രീസ് വിട്ടത്.
തൊട്ടടുത്ത പന്തില്‍ ഭനുക രജപക്‌സയെ പുറത്താക്കി ചാഹല്‍ ശ്രീലങ്കയെ തകര്‍ത്തു. ആദ്യ പന്തില്‍ തന്നെ രജപക്‌സ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ 77 ന് പൂജ്യം എന്ന സ്‌കോറില്‍ നിന്നും 77 ന് രണ്ട് എന്ന നിലയിലേക്ക് ശ്രീലങ്ക കൂപ്പുകുത്തി. രണ്ട് വിക്കറ്റുകള്‍ പെട്ടെന്ന് വീണതോടെ ശ്രീലങ്കന്‍ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. 20.2 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു.
24.2 ഓവറില്‍ ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോ അര്‍ധശതകം പൂര്‍ത്തിയാക്കി. 70 പന്തുകളില്‍ നിന്നുമാണ് താരം ഫിഫ്റ്റിയടിച്ചത്. താരത്തിന്റെ കരിയറിലെ നാലാം അര്‍ധസെഞ്ചുറിയാണിത്. ഈ ടൂര്‍ണമെന്റില്‍ ശ്രീലങ്കന്‍ താരം നേടുന്ന ആദ്യ അര്‍ധസെഞ്ചുറിയുമാണിത്.
എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഫെര്‍ണാണ്ടോ പുറത്തായി. ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ്. ഭുവിയുടെ പന്ത് ആക്രമിക്കാന്‍ ശ്രമിച്ച ഫെര്‍ണാണ്ടോയുടെ ശ്രമം പാളി. ഉയര്‍ന്നുപൊന്തിയ പന്ത് ക്രുനാല്‍ പാണ്ഡ്യ അനായാസം കൈയ്യിലൊതുക്കി. 71 പന്തുകളില്‍ നിന്നും നാല് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് താരം 50 റണ്‍സെടുത്തത്.
പിന്നാലെ സ്‌കോര്‍ 134-ല്‍ നില്‍ക്കേ 27-ാം ഓവറിലെ രണ്ടാം പന്തില്‍ പരിചയ സമ്പന്നനായ ധനഞ്ജയ ഡി സില്‍വ പുറത്തായി. ഇതോടെ ശ്രീലങ്ക തകര്‍ന്നു. 45 പന്തുകളില്‍ നിന്നും 32 റണ്‍സെടുത്ത താരത്തെ ദീപക് ചാഹര്‍ പുറത്താക്കി. അനാവശ്യ ഷോട്ടിന് ശ്രമിച്ച സില്‍വയെ ശിഖര്‍ ധവാന്‍ കൈയ്യിലൊതുക്കി. ഇതോടെ ശ്രീലങ്ക 134 ന് നാല് എന്ന നിലയിലേക്ക് വീണു.
പിന്നീട് ഒത്തുചേര്‍ന്ന ചരിത് അസലങ്കയും നായകന്‍ ദാസണ്‍ ശനകയും ചേര്‍ന്ന് ശ്രീലങ്കന്‍ സ്‌കോര്‍ 150 കടത്തി. ഇരുവരും ശ്രദ്ധിച്ച് കളിച്ചാണ് സ്‌കോര്‍ബോര്‍ഡ് മുന്നോട്ടുചലിപ്പിച്ചത്. എന്നാല്‍ സ്‌കോര്‍ 172-ല്‍ നില്‍ക്കേ 16 റണ്‍സെടുത്ത നായകന്‍ ശനകയെ ക്ലീന്‍ ബൗള്‍ഡാക്കി ചാഹല്‍ കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെ വന്ന വാനിന്‍ഡു ഹസരംഗയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. മികച്ച ഒരു സ്ലോ ബോളിലൂടെ താരത്തെ ദീപക് ചാഹാര്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ 194 ന് ആറുവിക്കറ്റ് എന്ന നിലയിലായി ശ്രീലങ്ക. എന്നാല്‍ മറുവശത്ത് ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ അസലങ്ക 41-ാം ഓവറില്‍ ടീം സ്‌കോര്‍ 200 കടത്തി. പിന്നാലെ താരം അര്‍ധശതകം കണ്ടെത്തി.
56 പന്തുകളില്‍ നിന്നുമാണ് താരം അര്‍ധശതകം കുറിച്ചത്. താരത്തിന്റെ കരിയറിലെ ആദ്യ അര്‍ധസെഞ്ചുറിയാണിത്. എട്ടാമനായി ഇറങ്ങിയ കരുണരത്‌നെയെ കൂട്ടുപിടിച്ച് ടീം സ്‌കോര്‍ 244-ല്‍ എത്തിച്ചു. എന്നാല്‍ 48-ാം ഓവറില്‍ താരത്തെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ശ്രീലങ്കന്‍ ഇന്നിങ്‌സിന് കടിഞ്ഞാണിട്ടു. 68 പന്തുകളില്‍ നിന്നും ആറ് ബൗണ്ടറികളുടെ സഹായത്തോടെ 65 റണ്‍സെടുത്ത താരം കൂറ്റനടിയ്ക്ക് ശ്രമിച്ചാണ് പുറത്തായത്.
അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ഷോട്ടുകള്‍ കളിച്ച കരുണരത്‌നെ സ്‌കോര്‍ 275-ല്‍ എത്തിച്ചു. താരം 33 പന്തുകളില്‍ നിന്നും അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ പുറത്താവാതെ 44 റണ്‍സെടുത്തു. ഒരു റണ്‍സെടുത്ത രജിത മറുവശത്ത് പുറത്താവാതെ നിന്നു.
ഇന്ത്യയ്ക്കായി യൂസ്വേന്ദ്ര ചാഹലും ഭുവനേശ്വര്‍ കുമാറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദീപക് ചാഹര്‍ രണ്ട് വിക്കറ്റെടുത്തു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: India vs Srilanka second one day international live
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..