Photo Courtesy: Twitter
ഇന്‍ഡോര്‍: ബാറ്റിങ് റെക്കോഡുകള്‍ ഓരോന്നായി സ്വന്തം പേരിലാക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ശീലമാക്കിയ ഒരു കാര്യമാണ്. ഇപ്പോഴിതാ ക്യാപ്റ്റനായ ശേഷം ക്യാപ്റ്റന്‍സി റെക്കോഡുകളും ഓരോന്നായി കോലിക്കു മുന്നില്‍ വഴിമാറുകയാണ്.
നേരത്തെ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ 17 പന്തില്‍ 30 റണ്‍സടിച്ച് പുറത്താകാതെ നിന്ന കോലി രാജ്യാന്തര ട്വന്റി 20-യില്‍ നായകനെന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റനായുള്ള തന്റെ 30-ാം ഇന്നിങ്സിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. 31 ഇന്നിങ്സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാസ് ഡൂപ്ലെസിയുടെ റെക്കോഡാണ് കോലി മറികടന്നത്.
വെള്ളിയാഴ്ച ലങ്കയ്‌ക്കെതിരേ മൂന്നാം ട്വന്റി 20 മത്സരത്തിനിറങ്ങുമ്പോള്‍ കോലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഒരു റണ്‍കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ റണ്‍നേട്ടം 11,000 ആകും.
എം.എസ് ധോനിയാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ഏക ഇന്ത്യന്‍ താരം. അന്താരാഷ്ട്ര കരിയറില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് കോലി.
നേരത്തെ രോഹിത് ശര്‍മയെ പിന്നിലാക്കി രാജ്യാന്തര ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു. 71 ഇന്നിങ്സുകളില്‍ നിന്ന് 2,663 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 96 ഇന്നിങ്സുകള്‍ കളിച്ച രോഹിത്തിന്റെ അക്കൗണ്ടിലുള്ളത് 2,633 റണ്‍സും.
അതേസമയം രാജ്യാന്തര ട്വന്റി 20-യില്‍ 1,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് കോലി. 57 ഇന്നിങ്സുകളില്‍ നിന്ന് 1,000 തികച്ച എം.എസ് ധോനിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍. നിലവില്‍ ട്വന്റി 20 നായകന്മാരിലെ റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്താണ് കോലി. ഫാസ് ഡൂപ്ലെസി (1,273), എം.എസ് ധോനി (1,112), കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (1,083), ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (1,013) എന്നിവരാണ് ഇക്കാര്യത്തില്‍ കോലിക്ക് മുന്നിലുള്ളവര്‍.
പരമ്പര തേടി ഇന്ത്യ
പുണെ: പരമ്പര ലക്ഷ്യമിട്ടാണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റിന് വെള്ളിയാഴ്ച ടീം ഇന്ത്യ ഇറങ്ങുന്നത്. ആദ്യമത്സരം മഴയെടുത്തപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഉജ്ജ്വലവിജയം നേടി. ഫൈനലിന് തുല്യമായ മത്സരം പുണെയില്‍ വൈകീട്ട് ഏഴിന് തുടങ്ങും.
എല്ലാംകൊണ്ടും സുസജ്ജമാണ് ഇന്ത്യ. ഫാസ്റ്റ് ബൗളിങ്ങില്‍ ഇന്ത്യയുടെ ആഴം രണ്ടാം കളിയില്‍ തെളിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന ജസ്പ്രീത് ബുംറ തന്റെ അവസാന ഓവറിലാണ് ഒരു വിക്കറ്റെടുത്തത്. എന്നാല്‍, തുടക്കത്തില്‍ നവ്ദീപ് സെയ്നിയും അവസാനം ശാര്‍ദുല്‍ താക്കൂറും ഇന്ത്യയ്ക്ക് വഴിത്തിരിവുകളുണ്ടാക്കി. വന്‍ സ്‌കോറിലെത്താന്‍ ശ്രീലങ്കയെ ഇന്ത്യ അനുവദിച്ചില്ല.
ട്വന്റി 20 ലോകകപ്പ് ആകുമ്പോഴേക്ക് ക്യാപ്റ്റന്‍ വിരാട് കോലി നാലാം നമ്പറിലേക്ക് മാറാനുള്ള സാധ്യതയും കാണുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ശ്രേയസ്സ് അയ്യരാണ് മൂന്നാം നമ്പറില്‍ ഇറങ്ങിയത്.
രോഹിത് ശര്‍മയ്‌ക്കൊപ്പം ലോകകപ്പില്‍ ആര് ഓപ്പണ്‍ ചെയ്യും എന്നതിനും വരുംമത്സരങ്ങളില്‍ തീരുമാനമാകും. ശിഖര്‍ ധവാനും കെ.എല്‍. രാഹുലും തമ്മിലാണ് മത്സരം.
Content Highlights: India vs Sri Lanka Virat Kohli just a run short to add another captaincy record
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..