കൊളംബോ: രാജ്യത്തെ അടിയന്തരാവസ്ഥയ്ക്കിടെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ അടിച്ചുപൊളി. ലങ്കയുടെ പരിചയസമ്പത്തിനുമുന്നില്‍ ഇന്ത്യയുടെ പരീക്ഷണ ടീമിന് പിഴച്ചു. ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്ക ഇന്ത്യയെ അഞ്ചു വിക്കറ്റിന് കീഴടക്കി.

സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 174. ശ്രീലങ്ക 18.3 ഓവറില്‍ അഞ്ചുവിക്കറ്റിന് 175.

ശിഖര്‍ ധവാന്റെ ഇന്നിങ്‌സിലൂടെ (49 പന്തില്‍ 90) പൊരുതാവുന്ന സ്‌കോറിലെത്തിയ ഇന്ത്യയെ തകര്‍ത്തത് അന്താരാഷ്ട്ര ട്വന്റി 20- യില്‍ ശ്രീലങ്കക്കാരന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറി കണ്ടെത്തിയ കുശാല്‍ പെരേരയാണ് (37 പന്തില്‍ 66). അവസാന ഓവറുകളില്‍ തിസാര പെരേര (10 പന്തില്‍ 22*) ദൗത്യം പൂര്‍ത്തിയാക്കി.

ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയ ഇന്ത്യ, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ജയദേവ് ഉനദ്കട്ട് തുടങ്ങി താരതമ്യേന പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പരീക്ഷണ ടീമിനെ കളത്തിലിറക്കി. എന്നാല്‍ ബൗളര്‍മാരുടെ പരിചയക്കുറവും ഫീല്‍ഡിങ് പിഴവുകളും ഇന്ത്യയുടെ വിധിയെഴുതി.

ഫീല്‍ഡിങ് തിരഞ്ഞെടുക്കാനുള്ള ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമലിന്റെ തീരുമാനം ശരിവെച്ചുകൊണ്ട്, ഇന്ത്യയുടെ ബാറ്റിങ് തുടക്കത്തിലേ പിഴച്ചു. ശിഖര്‍ ധവാനുമാത്രമേ സ്വതസിദ്ധമായി കളിക്കാനായുള്ളൂ. അക്കൗണ്ട് തുറക്കും മുന്‍പ് ക്യാപ്റ്റന്‍ രോഹിതും (0) ഒരു റണ്‍സുമായി റെയ്‌നയും മടങ്ങിയപ്പോള്‍ ഇന്ത്യ രണ്ട് ഓവറില്‍ രണ്ടുവിക്കറ്റിന് ഒമ്പത് എന്ന നിലയിലായി. ധവാന് മനീഷ് പാണ്ഡെ പിന്തുണ (35 പന്തില്‍ 37) നല്‍കിയെങ്കിലും ഇന്നിങ്‌സിന് ട്വന്റി 20-ക്കുചേര്‍ന്ന വേഗമുണ്ടായിരുന്നില്ല. ഋഷഭ് പന്തിനും (23 പന്തില്‍ 23) സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താനായില്ല. ആറ്ു സിക്‌സും ആറു ബൗണ്ടറിയുമടങ്ങുന്നതാണ് ധവാന്റെ ഇന്നിങ്‌സ്.

തുടക്കത്തിലേ ആക്രമിച്ചുകളിച്ച ലങ്ക ആദ്യ അഞ്ച് ഓവറില്‍ 70 റണ്‍സ് വാരി ജയത്തിന് അടിത്തറയിട്ടു. 22 പന്തിലാണ് കുശാല്‍ 50 റണ്‍സടിച്ചത്. പവര്‍ പ്ലേയില്‍ ലങ്കയുടെ ഏറ്റവും ഉര്‍ന്ന സ്‌കോറും (ആറ്ു ഓവറില്‍ 75) കണ്ടെത്തി.

ശാര്‍ദ്ദൂല്‍ എറിഞ്ഞ മൂന്നാം ഓവറില്‍ 27 റണ്‍സ് വന്നു. ജയദേവ് ഉനദ്കട്ട്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും അടിവാങ്ങി. വ്യാഴാഴ്ച, ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.