കൊളംബോ: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക. അവസാന മത്സരത്തില്‍ മിന്നും ജയം സ്വന്തമാക്കിയാണ് ആതിഥേയര്‍ പരമ്പര നേടിയത്. ഇന്ത്യയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. ലങ്കന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 81 റണ്‍സിലൊതുങ്ങി. 14.5 ഓവറില്‍ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പുറത്താകാതെ 21 പന്തില്‍ 23 റണ്‍സ് നേടിയ ധനഞ്ജയ ഡി സില്‍വയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ്പ്് സ്‌കോറര്‍. ഒമ്പത് പന്തില്‍ 14 റണ്ണെടുത്ത ഹസറങ്കയും പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി പുറത്താകാതെ 28 പന്തില്‍ 23 റണ്‍സെടുത്ത കുല്‍ദീപ് യാദവാണ് ടോപ്പ് സ്‌കോറര്‍. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേഗത്തില്‍ വിക്കറ്റുകള്‍ നഷ്്ടപ്പെട്ടു. കുല്‍ദീപിനെ കൂടാതെ റുതുരാജ് ഗെയ്ക്കവാദും ഭുവനേശ്വര്‍ കുമാറും മാത്രമാണ് രണ്ടക്കം കണ്ടത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഒമ്പത് റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്തായി. 

ശ്രീലങ്കയ്ക്കായി വനിന്ദു ഹസരംഗ നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ദസുന്‍ ശനക രണ്ട് വിക്കറ്റെടുത്തു. 

മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ത്യക്കായി അരങ്ങേറി. രണ്ടാം ട്വന്റി-20യില്‍ ഫീല്‍ഡിങ്ങിനിടെ തോളിന് പരിക്കേറ്റ നവദീപ് സയ്നിക്ക് പകരമായാണ് സന്ദീപ് ടീമില്‍ ഇടം നേടിയത്. ഇതോടെ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ഉള്‍പ്പെടെ ടീമില്‍ മൂന്നു മലയാളികളായി. 

ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണി നടത്തിയിരുന്നു. എട്ടു താരങ്ങള്‍ ഐസൊലഷേനില്‍ പോയതിനെ തുടര്‍ന്നാണ് ഇത്. രണ്ടാം ട്വന്റി-20യില്‍ അഞ്ച് ബാറ്റ്സ്മാന്‍മാരും ആറു ബൗളര്‍മാരുമായാണ് ഇന്ത്യ കളിച്ചത്.

മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. 2-1 ന് ട്വന്റി-20 പരമ്പ ശ്രീലങ്ക സ്വന്തമാക്കിയപ്പോള്‍ 2-1-ന് ഏകദിന പരമ്പര ഇന്ത്യക്കായിരുന്നു.

Content Highlights: India vs Sri Lanka Third T20 Cricket Sandeep Warrier Makes Debut