Photo: PTI
രാജ്കോട്ട്: അതിവേഗത്താല്‍ ഞെട്ടിക്കുന്നെങ്കിലും ഉമ്രാന് മാലിക് എന്തിനാണ് ഇത്രയും റണ്‍സ് വഴങ്ങുന്നത്? അര്‍ഷ്ദീപ് സിങ് എന്തിനാണ് ഇങ്ങനെ തല്ലുവാങ്ങിക്കുന്നത്? സൂര്യകുമാര്‍ യാദവ് ഒത്തുപിടിച്ചിട്ടും ടീം തോല്‍ക്കുന്നതെങ്ങനെ? ബാറ്റുകൊണ്ടും പന്തുകൊണ്ടും അക്സര്‍ പട്ടേല്‍ എന്ന ഓള്‍റൗണ്ടര്‍ വെട്ടിത്തിളങ്ങിയിട്ടും ഫലമില്ലാതെപോയത് എന്തുകൊണ്ട്? ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ ഇന്ത്യക്ക് വിശ്വസിക്കാമോ?
ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടിവേണ്ടതുണ്ട്. ശനിയാഴ്ച മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 ക്രിക്കറ്റില്‍ ശ്രീലങ്കയെ നേരിടുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അതിനൊക്കെ മറുപടിപറയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ കഷ്ടിച്ചാണ് ജയിച്ചത്. അന്ന് ഹാര്‍ദിക് പറഞ്ഞത്, ടീം പ്രതിസന്ധിയിലാകുന്നതും അതില്‍നിന്ന് കരകയറുന്നതും ഭാവിയിലെ വലിയ മത്സരങ്ങളെ നേരിടാന്‍ ഇന്ത്യയെ പ്രാപ്തമാക്കുമെന്നുമാണ്. രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയത്തിന്റെ ത്രില്ലിന് അരികിലെത്തിയതാണ്. അക്സര്‍ പട്ടേല്‍ എന്തൊരു വലിയ ക്രിക്കറ്ററാണ്. ബൗളിങ്ങിലും പിന്നാലെ ബാറ്റിങ്ങിലും അയാളുടെ ആധിപത്യം. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയെക്കാള് അക്സര്‍ മുന്നിലായിരുന്നു. ആത്യന്തികഫലം പക്ഷേ, ഇന്ത്യക്കും അക്സറിനും എതിരായിപ്പോയി. 16 റണ്‍സിനാണ് ശ്രീലങ്ക രണ്ടാം മത്സരം ജയിച്ചത്. അതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലെത്തി. ശനിയാഴ്ച രാജ്കോട്ടില്‍ അവസാന ട്വന്റി 20-യില്‍ ഇന്ത്യയും ശ്രീലങ്കയും മുഖാമുഖം വരുമ്പോള്‍ ആരാധകര്‍ക്ക് ഉദ്വേഗം.
പുതുമുഖങ്ങള്‍ എല്ലാം തികഞ്ഞവരല്ല. റണ്ണേറെ വഴങ്ങിയിട്ടും ഉമ്രാന് മാലിക് എന്ന അതിവേഗക്കാരന് സ്റ്റമ്പുകള്‍ തകര്‍ക്കുന്നത് ആരാധകര്‍ ആസ്വദിക്കുന്നു, ശിവം മാവി ബൗളറുടെ ഉത്തരവാദിത്വം വിട്ടെങ്കിലും ബാറ്റിങ്ങില്‍ കടന്നാക്രണം നടത്തിയത് അദ്ഭുതപ്പെടുത്തുന്നു.
അര്‍ഷ്ദീപ് സിങ് പരിഭ്രമത്തോടെയാണ് പന്തെറിഞ്ഞത്. രണ്ടോവറിനിടെ അഞ്ച് നോബോളുകളാണ് യുവതാരത്തില്നിന്നുണ്ടായത്. ബാറ്റിങ്ങില്‍ മുന്‍നിര അമ്പേ പാളി. ആദ്യമത്സരത്തില്‍ ഏഴു റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം മത്സരത്തില്‍ രണ്ടു റണ്‍സ് കുറച്ചെടുത്ത് ബാറ്റുതാഴ്ത്തി. ഇഷാന് കിഷനും അരങ്ങേറ്റക്കാരന്‍ രാഹുല്‍ ത്രിപാഠിയും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ദീപക് ഹൂഡയും അവിശ്വസനീയമായി പരാജയപ്പെട്ടു. പക്ഷേ. 57 റണ്‍സിനിടെ പാതി വിക്കറ്റും പൊഴിഞ്ഞിട്ടും അവസാന പന്തുവരെ മത്സരം നീട്ടിയത് ഇന്ത്യയുടെ പുതുവത്സരപ്രതീക്ഷയാണ്.
Content Highlights: india vs sri lanka, ind vs sl, indian cricket, india vs sri lanka t 20, indian team, sports news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..