Photo: twitter.com|BCCI
പുണെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിലും ഇന്ത്യയ്ക്ക് അനായാസ ജയം. പരമ്പരയിലെ അവസാന മത്സരത്തില്‍ 78 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 15.5 ഓവറില്‍ 123 റണ്‍സില്‍ അവസാനിച്ചു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2- 0ന് സ്വന്തമാക്കി.
അര്‍ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ ധനഞ്ജയ ഡിസില്‍വയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 36 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സാണ് ധനഞ്ജയ നേടിയത്. 20 പന്തില്‍ ഒരു ഫോറും മൂന്നു സിക്‌സും സഹിതം ഏഞ്ചലോ മാത്യൂസ് 31 റണ്‍സെടുത്തു. ധനുഷ്‌ക ഗുണതിലക (ഒന്ന്), ആവിഷ്‌ക ഫെര്‍ണാണ്ടോ (ഒന്‍പത്), കുശാല്‍ പെരേര (10 പന്തില്‍ ഏഴ്), ഒഷാഡ ഫെര്‍ണാണ്ടോ (അഞ്ച് പന്തില്‍ രണ്ട്), ദസൂണ്‍ ഷാനക (ഒന്‍പതു പന്തില്‍ 9), വാനിന്ദു ഹസരംഗ (0), ലക്ഷണ്‍ സന്ദാകന്‍ (ഒന്ന്), ക്യാപ്റ്റന്‍ ലസിത് മലിംഗ (0) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ലഹിരു കുമാര ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഇന്ത്യയ്ക്കായി നവ്ദീപ് സെയ്‌നി 3.5 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഷാര്‍ദുല്‍ താക്കൂര്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ രണ്ടും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ട്വന്റി20യില്‍ ജയിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 201 റണ്‍സെടുത്തത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (36 പന്തില്‍ 52), കെ.എല്‍. രാഹുല്‍ (36 പന്തില്‍ 54) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പന്തു തന്നെ സിക്‌സര്‍ പറത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി. ശ്രേയസ് അയ്യര്‍ (രണ്ട് പന്തില്‍ നാല്), വിരാട് കോലി (17 പന്തില്‍ 26), വാഷിങ്ടന്‍ സുന്ദര്‍ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മനീഷ് പാണ്ഡെയും (18 പന്തില്‍ 31), ഷാര്‍ദൂല്‍ താക്കൂറും (8 പന്തില്‍ 22) എന്നിവര്‍ പുറത്താകാതെ നിന്നു.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഗുവഹാത്തിയില്‍ നിശ്ചയിച്ചിരുന്ന പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്ദോറില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിക്കുകയായിരുന്നു.
Content Highlights; India vs Sri Lanka T20, Sanju Samson gets a game for India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..