ഇന്‍ഡോര്‍: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടിട്വന്റിക്കിടയിലെ കമന്ററിയിലെ ഒരു വാചകം ഇങ്ങിനെയായിരുന്നു ' ലങ്കന്‍ ക്യാപ്റ്റന്‍ ഇനി അമ്പയര്‍ക്ക് മാത്രമേ പന്ത് കൊടുക്കാനുള്ളൂ, ബാക്കിയെല്ലാവരും ബൗള്‍ ചെയ്തുകഴിഞ്ഞു'. ഇതുതന്നെയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സില്‍ ലങ്കയുടെ അവസ്ഥ. ഏഴു ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിനെ തളര്‍ത്താന്‍ ലങ്കയ്ക്ക് കഴിഞ്ഞില്ല. 

രോഹിതും ലോകേഷ് രാഹുലും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ റെക്കോഡ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.76 പന്തില്‍ 165 റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടി. ടിട്വന്റിയില്‍ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ ഓപ്പണിങ് കൂട്ടുകെട്ടും ഇന്ത്യയുടെ മികച്ച ടിട്വന്റി ഓപ്പണിങ് കൂട്ടുകെട്ടുമാണിത്. 

35 പന്തില്‍ മൂന്നക്കം പിന്നിട്ട ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയും ഒരുപിടി റെക്കോഡുകള്‍ കട്ടക്കില്‍ പിന്നിട്ടു. അന്താരാഷ്ട്ര ടിട്വന്റിയില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടിയ റെക്കോഡില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ക്കൊപ്പമെത്താന്‍ ഇന്ത്യന്‍ ക്യാപ്റ്റനായി. ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു മില്ലറുടെ നേട്ടം. ഒപ്പം ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയിലുള്ള ടിട്വന്റി സെഞ്ചുറി നേടാനും രോഹിതിന് സാധിച്ചു. 

ടിട്വന്റിയില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമയര്‍ന്ന സ്‌കോറും രോഹിത് നേടിയ 118 റണ്‍സാണ്. കഴിഞ്ഞ വര്‍ഷം വിന്‍ഡീസിനെതിരെ ലോകേഷ് രാഹുല്‍ നേടിയ 110 റണ്‍സിന്റെ റെക്കോഡാണ് ഹിറ്റ്മാന്‍ പഴങ്കഥയാക്കിയത്. ടിട്വന്റിയില്‍ രണ്ടു സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിതിന്റെ പേരിലായി. രണ്ട് സെഞ്ചുറി നേടുന്ന അഞ്ച് അന്താരാഷ്ട്ര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും രോഹിതാണ്. 

മത്സരത്തില്‍ പത്ത് സിക്‌സുകള്‍ കണ്ടെത്തിയ രോഹിതിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 257 സിക്‌സുകളായി. ഇന്ത്യന്‍ താരങ്ങളില്‍ ധോനിയും സച്ചിനും മാത്രമാണ് ഇക്കാര്യത്തില്‍ രോഹിതിന് മുന്നിലുള്ളത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സെന്ന റെക്കോഡും ഇനി രോഹിതിന് അവകാശപ്പെട്ടതാണ്. 2015ല്‍ ഡിവില്ലിയേഴ്‌സ് നേടിയ 63 സിക്‌സിന്റെ റെക്കോഡാണ് രോഹിത് മറികടന്നത്. 

ഇന്ത്യ ആകെ 21 സിക്‌സുകള്‍ അടിച്ചപ്പോള്‍ അതിലും റെക്കോഡ് വഴിമാറി. അന്താരാഷ്ട്ര ടിട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സിക്സെന്ന റെക്കോഡില്‍ ഇന്ത്യ വിന്‍ഡീസിനൊപ്പമെത്തി. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ തന്നെയായിരുന്നു വിന്‍ഡീസിന്റെ നേട്ടം. രോഹിത് പത്തും രാഹുല്‍ എട്ടും സിക്സറുകള്‍ പറത്തിയപ്പോള്‍ ധോനി രണ്ടും പാണ്ഡ്യ ഒരു സിക്സും നേടി.

അന്താരാഷ്ട്ര ടിട്വന്റിയില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോറും ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന സ്‌കോറും ഇന്‍ഡോറില്‍ രോഹിതും സംഘവും പിന്നിട്ടു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയ നേടിയ 263/3 ആണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍. വിന്‍ഡീസിനെതിരെ നേടിയ 244 റണ്‍സായിരുന്നു ഇന്ത്യയുടെ ഏറ്റവുമയര്‍ന്ന സ്‌കോര്‍.