രവീന്ദ്ര ജഡേജയുടെ വിക്കറ്റാഘോഷം | Photo: ICC
- രണ്ടാമിന്നിങ്സില്‍ ശ്രീലങ്ക 208 റണ്‍സിന് പുറത്ത്
- രണ്ടിന്നിങ്സിലുമായി ബുംറയ്ക്ക് എട്ടു വിക്കറ്റ്
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലും ശ്രീലങ്കയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം ടെസ്റ്റില്‍ സന്ദര്‍ശകരെ ഇന്ത്യന്‍ സംഘം 238 റണ്‍സിന് തകര്‍ത്തു. 447 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക രണ്ടാമിന്നിങ്സില്‍ 208 റണ്‍സിന് പുറത്തായി. ഇതോടെ രണ്ടു ടെസ്റ്റിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി
ലങ്കയ്ക്കായി ക്യാപ്റ്റന്‍ ദിമുത് കരുണരത്ന സെഞ്ചുറി നേടി. 174 പന്തില്‍ 15 ഫോറിന്റെ സഹായത്തോടെ 107 റണ്‍സാണ് കരുണരത്ന അടിച്ചെടുത്തത്. 54 റണ്‍സോടെ കുശാല്‍ മെന്‍ഡിസ് പിന്തുണ നല്കി. നാല് വിക്കറ്റെടുത്ത ആര് അശ്വിനും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ഇതോടെ രണ്ടിന്നിങ്സിലുമായി ബുംറ എട്ടു വിക്കറ്റ് സ്വന്തമാക്കി.
സ്കോര്‍: ഇന്ത്യ-252&303/9ഡിക്ലയേര്‍ഡ്, ശ്രീലങ്ക-109&208
കളിയുടെ മൂന്നാം ദിനമായ തിങ്കളാഴ്ച മികച്ച തുടക്കമിട്ട ശേഷമാണ് ലങ്ക തകര്‍ന്നത്. അര്‍ധ സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസും ദിമുത് കരുണരത്നയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മെന്‍ഡിസിനെ പുറത്താക്കി അശ്വിന് ഈ കൂട്ടുകെട്ട് പൊളിച്ചു. ക്രീസ് വിട്ടിറങ്ങി ആക്രമിക്കാനുള്ള ശ്രമത്തില്‍ പന്ത് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. 60 പന്തില്‍ എട്ടു ഫോറിന്റെ സഹാത്തോടെ 54 റണ്‍സാണ് മെന്‍ഡിസ് അടിച്ചെടുത്തത്.
പിന്നീട് ക്രീസിലെത്തിയ എയ്ഞ്ചലോ മാത്യൂസും ധനഞ്ജയ ഡിസില്‍വയും വേഗത്തില്‍ മടങ്ങി. ഇതോടെ എട്ടു റണ്‍സിനിടെ സന്ദര്‍ശകര്‍ക്ക് മൂന്നു വിക്കറ്റാണ് നഷ്ടമായത്. രണ്ടു വിക്കറ്റിന് 97 റണ്‍സ് എന്ന നിലയില്‍ നിന്ന് നാല് വിക്കറ്റിന് 105 എന്ന നിലയിലേക്ക് അവര്‍ തകര്‍ന്നു. മാത്യൂസ് ഒരു റണ്ണും ധനഞ്ജയ നാല് റണ്‍സുമാണെടുത്തത്.
പിന്നീട് അഞ്ചാം വിക്കറ്റില്‍ നിരോഷന്‍ ഡിക്ക്വെല്ലയെ കൂട്ടുപിടിച്ച് കരുണരത്ന 55 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 12 റണ്‍സെടുത്ത ഡിക്ക്വെല്ലയെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ചരിത് അസലങ്ക (5)യും ലസിത് എംബുല്‍ദേനിയ(2)യും സുരംഗ ലക്മലും (1) ക്രീസ് വിട്ടു. രണ്ടു റണ്‍സെടുത്ത വിശ്വ ഫെര്‍ണാണ്ടോയെ ഷമിയുടെ കൈയിലെത്തിച്ച് അശ്വിന് ലങ്കന്‍ ഇന്നിങ്സിന് തിരശ്ശീലയിട്ടു. പ്രവീണ്‍ ജയവിക്രമ പുറത്താകാതെ നിന്നു.
പന്തിന് റെക്കോഡ്
നേരത്തെ ഇന്ത്യ രണ്ടാം ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ഋഷഭ് പന്തിന്റേയും ശ്രേയസ് അയ്യരുടേയും അര്‍ധ സെഞ്ചുറിയും രോഹിത് ശര്‍മയുടെ 46 റണ്‍സുമാണ് ഇന്ത്യയുടെ സ്കോര്‍ 300 കടത്തിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരത്തിന്റെ റെക്കോഡ് സ്വന്തമാക്കിയായിരുന്നു ഋഷഭ് പന്തിന്റെ ബാറ്റിങ്. വെറും 28 പന്തില്‍ ഏഴു ഫോറും രണ്ടു സിക്സും സഹിതം അര്‍ധ സെഞ്ചുറിയിലെത്തി. 1982-ല്‍ പാകിസ്താനെതിരെ 30 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച കപില്‍ ദേവിന്റെ റെക്കോഡാണ് മറികടന്നത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ 51 റണ്‍സുമായി പന്ത് ക്രീസ് വിട്ടു. തുടര്‍ച്ചയായ രണ്ടാം ഇന്നിങ്സിലും ശ്രേയസ് അര്‍ധ സെഞ്ചുറി കണ്ടെത്തി. 87 പന്തില്‍ ഒമ്പത് ഫോറിന്റെ അകമ്പടിയോടെ 67 റണ്‍സ് നേടി.
ബുംറയുടെ പഞ്ച്
ആദ്യ ഇന്നിങ്സില്‍ ശ്രീലങ്കയെ 109 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഒന്നാമിന്നിങ്സില്‍ 143 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിയിരുന്നു. ശ്രീലങ്ക 35.5 ഓവറിലാണ് പുറത്തായത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ലങ്കയ്ക്ക് 23 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി. ഇന്ത്യന്‍ മണ്ണില്‍ ആദ്യ അഞ്ചു വിക്കറ്റ് നേട്ടവുമായി മുന്നില്‍ നിന്ന് നയിച്ച പേസ് ബൗളര്‍ ജസ്പ്രീത് ബുംറയാണ് ലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.
ബുംറ 10 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. രാജ്യാന്തര ടെസ്റ്റ് കരിയറില്‍ ബുംറയുടെ എട്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. മുഹമ്മദ് ഷമിയും ആര് അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അക്ഷര്‍ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു. 85 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 43 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ഒറ്റയാനായി ശ്രേയസ്
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 252 റണ്‍സില്‍ അവസാനിച്ചിരുന്നു. പിച്ചില്‍ നിന്ന് ലഭിച്ച പിന്തുണ ലങ്കന്‍ സ്പിന്നര്‍മാര്‍ മുതലെടുത്തതോടെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് പതറിയപ്പോള്‍ ശ്രേയസ് അയ്യരുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ 250 കടത്തിയത്.
98 പന്തുകള്‍ നേരിട്ട് 10 ഫോറും നാല് സിക്സും പറത്തിയ അയ്യര്‍ 92 റണ്‍സെടുത്ത് പത്താമനായാണ് പുറത്തായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ലസിത് എംബുള്‍ദെനിയ, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ ലങ്കയ്ക്കായി തിളങ്ങി. ധനഞ്ജയ ഡിസില്‍വ രണ്ടു വിക്കറ്റെടുത്തു.
Content Highlights: India vs Sri Lanka Second Test Cricket Day 3
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..