ഇന്‍ഡോര്‍:  ഇന്ത്യയുടെ ബാറ്റിങ് വിസ്‌ഫോടനത്തിന് ശ്രീലങ്കയ്ക്ക് മറുപടിയില്ലാതായതോടെ ഇന്‍ഡോറില്‍ ഇന്ത്യക്ക് 88 റണ്‍സിന്റെ ആധികാരിക വിജയം. 261 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 17.2 ഓവറില്‍ 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. പരിക്കേറ്റ എയ്ഞ്ചലോ മാത്യൂസ് ബാറ്റിങ്ങിന് ഇറങ്ങാത്തതിനാല്‍ ലങ്കയുടെ ഒമ്പത് വിക്കറ്റില്‍ തന്നെ മത്സരം അവസാനിച്ചു. 

ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടിട്വന്റി പരമ്പരയും ഇന്ത്യ സ്വന്തമാക്കി. നേരത്തെ ടെസ്റ്റ്, ഏകദിന പരമ്പരയിലും ഇന്ത്യ വിജയിച്ചിരുന്നു. ഞായറാഴ്ച്ചയാണ് ലങ്കക്കെതിരായ മൂന്നാം ടിട്വന്റി.

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ തുടക്കത്തില്‍ തന്നെ ലങ്ക പതറി. 36 റണ്‍സെടുക്കുന്നതിനിടയില്‍ ലങ്കയ്ക്ക ആദ്യ വിക്കറ്റ് നഷ്ടമായി. 15-ാം ഓവറില്‍ മൂന്നു വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് യാദവാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. തൊട്ടുപിന്നാലെ 16-ാം ഓവറില്‍ ചാഹലും മൂന്നു വിക്കറ്റു കണ്ടെത്തി. ഇതോടെ 17 റണ്‍സെടുക്കുന്നതിനിടയില്‍ ലങ്കയുടെ അവസാന ഏഴു വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു. ആറു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ 37 പന്തില്‍ 77 റണ്‍സ് നേടിയ കുസാല്‍ പെരേരയും 29 പന്തില്‍ 47 റണ്‍സടിച്ച തരംഗയുമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. 

rohit sharma

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അതിര്‍ത്തി കടത്തി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് നേടുകയായിരുന്നു. അന്താരാഷ്ട്ര ടിട്വന്റിയില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോറും ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന സ്‌കോറുമാണിത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയ നേടിയ 263/3 ആണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍. വിന്‍ഡീസിനെതിരെ നേടിയ 244 റണ്‍സായിരുന്നു ഇന്ത്യയുടെ ഏറ്റവുമയര്‍ന്ന സ്‌കോര്‍.

ഏഴ് ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ ബാറ്റിങ്ങിനെ തടയിടാനായില്ല. നാല് ഓവറില്‍ 61 റണ്‍സ് വഴങ്ങിയ ഫെര്‍ണാണ്ടോയാണ് ഏറ്റവും കൂടുതല്‍ തല്ല് വാങ്ങിയത്.  21 സിക്സുകള്‍ അടിച്ചുകൂട്ടിയ ഇന്ത്യ അതിലും റെക്കോഡിട്ടു. അന്താരാഷ്ട്ര ടിട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സിക്സെന്ന റെക്കോഡില്‍ ഇന്ത്യ വിന്‍ഡീസിനൊപ്പമെത്തി. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ തന്നെയായിരുന്നു വിന്‍ഡീസിന്റെ നേട്ടം. രോഹിത് പത്തും രാഹുല്‍ എട്ടും സിക്സറുകള്‍ പറത്തിയപ്പോള്‍ ധോനി രണ്ടും പാണ്ഡ്യ ഒരു സിക്സും നേടി.

ലോകേഷ് രാഹുലും രോഹിത് ശര്‍മ്മയും തുടക്കത്തില്‍ തന്നെ കൂറ്റനടികളുമായി കളം നിറയുകയായിരുന്നു. ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടിയതിന്റെ ഫോം ടിട്വന്റിയിലും തുടര്‍ന്ന രോഹിത് ശര്‍മ്മയായിരുന്നു കൂടുതല്‍ അപകടകാരി. 35 പന്തില്‍ 101 റണ്‍സടിച്ച രോഹിത് ശര്‍മ്മയുടെ മികവില്‍ 12 ഓവര്‍ പിന്നിട്ടപ്പോഴേക്കും ഇന്ത്യയുടെ സ്‌കോര്‍ 100 കടന്നു. 

rohit shrama

അന്താരാഷ്ട്ര ടിട്വന്റിയിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് ഇന്‍ഡോറില്‍ രോഹിത് പിന്നിട്ടത്. ഈ വര്‍ഷം ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ 35 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. ഇതോടെ മില്ലറുടെ റെക്കോഡിനൊപ്പമാണ് രോഹിത് എത്തിയത്.

പെരേര എറിഞ്ഞ 11-ാം ഓവറില്‍ നാല് സിക്സടക്കം 26 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ 43 പന്തില്‍ 118 റണ്‍സെടുത്താണ് പുറത്തായത്. അപ്പോഴേക്കും 12 ഫോറും പത്ത് സിക്‌സും ഹിറ്റ്മാന്റെ ബാറ്റില്‍ നിന്ന് പിറന്നിരുന്നു. ഒപ്പം ഓപ്പണിങ് വിക്കറ്റില്‍ ലോകേഷുമൊത്ത് 165 റണ്‍സിന്റെ കൂട്ടുകെട്ടും രോഹിത് പടുത്തുയര്‍ത്തി.ടിട്വന്റിയില്‍ മികച്ച മൂന്നാമത്തെ ഓപ്പണിങ് കൂട്ടുകെട്ടും ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടുമാണിത്.

49 പന്തില്‍ അഞ്ചു ഫോറും അട്ടു സിക്സുമടക്കം 89 റണ്‍സാണ് ലോകേഷ് നേടിയത്. മൂന്നു പന്തു നേരിട്ട് പത്ത് റണ്‍സടിച്ച് ഹാര്‍ദിക് പാണ്ഡ്യയും പുറത്തായതോടെ അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോറിങ് കുറഞ്ഞു. ശ്രേയസ് അയ്യര്‍ അക്കൗണ്ട് തുറക്കുംമുമ്പ് ക്രീസ് വിട്ടപ്പോള്‍ ധോനി 28 റണ്‍സിനും പുറത്തായി. ഒരു റണ്ണുമായി മനീഷ് പാണ്ഡയും അഞ്ചു റണ്‍സെടുത്ത് ദിനേശ് കാര്‍ത്തിക്കും പുറത്താകാതെ നിന്നു.