കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. 19.4 ഓവറില്‍ ശ്രീലങ്ക ഇത് മറികടന്നു.

പുറത്താകാതെ 34 പന്തില്‍ 40 റണ്‍ അടിച്ച ധനഞ്ജയ ഡി സില്‍വയാണ് ശ്രീലങ്കയെ ജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ മിനോദ് ഭാനുക 36 റണ്‍സ് നേടി. കുല്‍ദീപ് യാദവ് രണ്ടും ഭുവനേശ്വര്‍, സക്കറിയ, രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഒന്ന് വീതം വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി റുതുരാജും ധവാനും ഓപ്പണിങ് വിക്കറ്റില്‍ ഏഴ് ഓവറില്‍ 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. റുതുരാജ് 18 പന്തില്‍ 21 റണ്‍സും ധവാന്‍ 42 പന്തില്‍ 40 റണ്‍സുമടിച്ചു. 

23 പന്തില്‍ ഒന്നു വീതം ഫോറും സിക്സും സഹിതം 29 റണ്‍സെടുത്ത് ദേവ്ദത്ത് അരങ്ങേറ്റം ഗംഭീരമാക്കി. 13 പന്തില്‍ ഏഴ് റണ്‍സ് കണ്ടെത്താനേ സഞ്ജുവിന് കഴിഞ്ഞുള്ളൂ. 12 പന്തില്‍ ഒമ്പത് റണ്‍സെടുത്ത നിധീഷ് റാണ അവസാന ഓവറില്‍ പുറത്തായി. 

ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. നാല് താരങ്ങള്‍ അരങ്ങേറ്റം കുറിച്ചു. പ്ലെയിങ് ഇലവനിലുണ്ടായത് അഞ്ച് ബാറ്റ്സ്മാന്‍മാരും ആറു ബൗളര്‍മാരും. ഒപ്പം മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലും സഞ്ജു സാംസണും ഇന്ത്യക്കായി ഒരുമിച്ച് കളിച്ചു എന്ന പ്രത്യേകതയും ഉണ്ട്. 

റുതുരാജ് ഗെയ്ക്ക്വാദ്, ദേവ്ദത്ത് പടിക്കല്‍, ചേതന്‍ സക്കറിയ, നിധീഷ് റാണ എന്നിവരാണ് ഇന്ത്യക്കായി അരങ്ങേറിയത്. ക്രുണാലുമായി സമ്പര്‍ക്കമുണ്ടായ എട്ടു താരങ്ങള്‍ ഐസൊലേഷനിലാണ്. ഇതോടെ നെറ്റ്‌സില്‍ പന്തെറിയുന്ന താരങ്ങളെ കൂടി ഉള്‍പ്പെടുത്തി ടീം പുതുക്കുകയായിരുന്നു.

ആദ്യ ട്വന്റി-20യില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. ക്രുണാലിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച നടക്കേണ്ട മത്സരമാണ് ഇന്നത്തേക്ക് മാറ്റിവെച്ചത്.  മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയില്‍ ഇതോടെ ഇരുടീമുകളും ഓരോന്ന് വീതം ജയിച്ചു.

Content Highlights: India vs Sri Lanka Second T20 Cricket