Photo: PTI
കൊല്‍ക്കത്ത: ആദ്യമൊന്ന് പതറിയെങ്കിലും രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയ്ക്ക് വിജയം. നാല് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ശ്രീലങ്ക ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ഏകദിനത്തിലും ഇന്ത്യ വിജയം നേടിയിരുന്നു.
ചെറിയ ലക്ഷ്യമായിരുന്നെങ്കിലും മുന്‍നിര ബാറ്റര്‍മാര്‍ താളം കണ്ടെത്താതെ പോയപ്പോഴും ക്ഷമയോടെ പിടിച്ച് നിന്ന് ബാറ്റുവീശിയ കെ.എല്‍.രാഹുലാണ് ഇന്ത്യയുടെ വിജയശില്‍പ്പി. രാഹുല്‍ 103 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെ അകമ്പടിയോടെ 64 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ശ്രീലങ്ക ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ആക്രമിച്ച് കളിച്ചു. പക്ഷേ അഞ്ചാം ഓവറിലെ അവസാന പന്തില്‍ രോഹിത്തിനെ മടക്കി ചമിക കരുണരത്നെ ഈ കൂട്ടുകെട്ട് പൊളിച്ചു. 17 റണ്‍സെടുത്ത രോഹിത്തിനെ കരുണരത്നെ കുശാല്‍ മെന്‍ഡിസിന്റെ കൈയ്യിലെത്തിച്ചു. ഈ വിക്കറ്റിന് ശേഷം ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാര്‍ തകരുന്ന കാഴ്ചയ്ക്കാണ് ഈഡന് ഗാര്‍ഡന്‍സ് വേദിയായത്.
രോഹിത്തിന് പിന്നാലെ 21 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ ലാഹിരു കുമാര ആവിഷ്ക ഫെര്‍ണാണ്ടോയുടെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന സൂപ്പര്‍ താരം വിരാട് കോലിയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. വെറും നാല് റണ്‍സ് മാത്രമെടുത്ത കോലിയെ ലാഹിരു കുമാര ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ ഇന്ത്യ 62 ന് മൂന്ന് വിക്കറ്റ് എന്ന സ്കോറിലേക്ക് കൂപ്പുകുത്തി.
നാലാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ്സ് അയ്യരും കെ.എല്‍.രാഹുലും ചേര്‍ന്ന് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ശ്രേയസ്സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കസുന്‍ രജിത ഈ കൂട്ടുകെട്ട് പൊളിച്ചു. 28 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ വീണ്ടും തകര്‍ച്ചയെ അഭിമുഖീകരിച്ചു.
എന്നാല്‍ ആറാമനായി ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷ പരന്നു. പാണ്ഡ്യയും രാഹുലും വളരെ സൂക്ഷിച്ചാണ് ബാറ്റുവീശിയത്. മോശം പന്തുകള്‍ മാത്രം പ്രഹരിച്ച് ഇരുവരും ടീം സ്കോര്‍ 150 കടത്തി. എന്നാല്‍ ടീം സ്കോര്‍ 161-ല്‍ നില്‍ക്കെ പാണ്ഡ്യയുടെ നിര്‍ണായക വിക്കറ്റ് നേടിക്കൊണ്ട് ശ്രീലങ്ക മത്സരത്തിലേക്ക് തിരിച്ചുവന്നു. കരുണരത്നെയുടെ പന്തില്‍ പാണ്ഡ്യ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് നല്കി മടങ്ങി. 53 പന്തുകള്‍ നേരിട്ട പാണ്ഡ്യ 36 റണ്‍സുമായി മടങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും ആശങ്ക പരന്നു. എന്നാല്‍ മറുവശത്ത് നിലയുറപ്പിച്ച രാഹുല്‍ അനായാസം ബാറ്റുവീശി. പകരക്കാരനായി വന്ന അക്ഷര്‍ പട്ടേലും നന്നായി കളിക്കാനാരംഭിച്ചതോടെ ഇന്ത്യ വിജയപ്രതീക്ഷ കൈവരിച്ചു.
എന്നാല്‍ അക്ഷറിനെ മടക്കി ധനഞ്ജയ ഡി സില്‍വ വീണ്ടും ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചു. 21 റണ്‍സെടുത്ത അക്ഷറിനെ മികച്ച ക്യാച്ചിലൂടെ കരുണരത്നെ പുറത്താക്കി. ഇതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. ഇതോടെ ബാറ്റര്‍മാരുടെ നിര അവസാനിച്ചു. പിന്നാലെ വന്ന കുല്‍ദീപ് യാദവിനെ സാക്ഷിയാക്കി രാഹുല്‍ അര്‍ധസെഞ്ചുറി നേടി. 93 പന്തുകളില്‍ നിന്നാണ് താരം 50 റണ്‍സെടുത്തത്.
42-ാം ഓവറില്‍ കുല്‍ദീപിന്റെ ബൗണ്ടറിയിലൂടെ ഇന്ത്യ 200 കടന്നു. പിന്നാലെ തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടിക്കൊണ്ട് രാഹുല്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. കുല്‍ദീപ് യാദവ് 44-ാം ഓവറിലെ രണ്ടാം പന്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വിജയറണ്‍ കുറിച്ചു. കുല്‍ദീപ് പത്ത് റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ശ്രീലങ്കയ്ക്ക് വേണ്ടി ലാഹിരു കുമാരയും ചമിക കരുണരത്നെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കസുന്‍ രജിതയും ധനഞ്ജയ ഡി സില്‍വയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് ഓള് ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ അരങ്ങേറ്റതാരം നുവനിഡു ഫെര്‍ണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. വാലറ്റത്ത് പൊരുതിയ ദുനിത് വെല്ലാലാഗെ ടീം സ്കോര്‍ 200 കടക്കുന്നതിന് സഹായിച്ചു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് വേണ്ടി ആവിഷ്ക ഫെര്‍ണാണ്ടോയ്ക്കൊപ്പം പുതുതായി ടീമിലിടം നേടിയ നുവാനിന്‍ഡു ഫെര്‍ണാണ്ടോയാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ ഇരുവരും 29 റണ്‍സാണ് ചേര്‍ത്തത്. എന്നാല്‍ ആറാം ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. അതിമനോഹരമായ ഇന്‍സ്വിങ്ങറിലൂടെ സിറാജ് ആവിഷ്ക ഫെര്‍ണാണ്ടോയുടെ വിക്കറ്റ് പിഴുതെടുത്തു. സിറാജിന്റെ ഇന്‍സ്വിങ്ങര്‍ ആവിഷ്കയുടെ ബാറ്റിലുരസി വിക്കറ്റില്‍ കൊള്ളുകയായിരുന്നു. 17 പന്തില്‍ നിന്ന് 20 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ആവിഷ്കയ്ക്ക് പകരം കുശാല്‍ മെന്‍ഡിസ് ക്രീസിലെത്തി.
കുശാല്‍ മെന്‍ഡിസും ഫെര്‍ണാണ്ടോയും ക്രീസിലൊന്നിച്ചതോടെ ശ്രീലങ്കന്‍ ഇന്നിങ്സിന് ജീവന്‍വെച്ചു. ഇരുവരും അനായാസം ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടു. അരങ്ങേറ്റ മത്സരം കളിച്ച ഫെര്‍ണാണ്ടോ മനോഹരമായാണ് ബാറ്റുവീശിയത്. ഇരുവരും രണ്ടാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഈ കൂട്ടുകെട്ടിന്റെ ബലത്തില്‍ ശ്രീലങ്ക 17-ാം ഓവറില്‍ തന്നെ 100 കടന്നു.
എന്നാല്‍ സ്പിന്നര്‍മാരെ രോഹിത് ശര്‍മ ഇറക്കിയതോടെ കളി മാറിമറിഞ്ഞു. ഇടംകൈയ്യന്‍ സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും വന്നതോടെ ശ്രീലങ്ക പതറി. 34 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിനെ പുറത്താക്കി കുല്‍ദീപ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. മെന്‍ഡിസിനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ വന്ന ധനഞ്ജയ ഡി സില്‍വ നേരിട്ട ആദ്യ പന്തില്‍ തന്നെ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി.
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് പിടിച്ചുനിന്ന ഫെര്‍ണാണ്ടോ അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ അനാവശ്യ റണ്ണിന് ശ്രമിച്ച് ഫെര്‍ണാണ്ടോ റണ്‍ ഔട്ടായി. ശുഭ്മാന്‍ ഗില്ലാണ് താരത്തെ പുറത്താക്കിയത്. 63 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളുടെ സഹായത്തോടെ 50 റണ്‍സെടുത്ത് ഫെര്‍ണാണ്ടോ മടങ്ങി.
തൊട്ടടുത്ത ഓവറില്‍ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ നായകന് ഡാസണ്‍ ശനകയെ ക്ലീന്‍ ബൗള്‍ഡാക്കി കുല്‍ദീപ് ശ്രീലങ്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. വെറും രണ്ട് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വിശ്വസ്തനായ ചരിത് അസലങ്കയെയും മടക്കി കുല്‍ദീപ് കരുത്തുകാട്ടി. അസലങ്ക 15 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ ശ്രീലങ്ക 102 റണ്‍സിന് ഒരു വിക്കറ്റ് എന്ന സ്കോറില്‍ നിന്ന് 126 ന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.
ഏഴാമനായി ക്രീസിലെത്തിയ വാനിന്ദു ഹസരംഗ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി പുറത്തായി. 17 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ഹസരംഗയെ പേസ് ബൗളര്‍ ഉമ്രാന് മാലിക്ക് അക്ഷര്‍ പട്ടേലിന്റെ കൈയ്യിലെത്തിച്ചു.
വലിയ തകര്‍ച്ചയിലേക്ക് പോകുകായായിരുന്ന ശ്രീലങ്കയെ പിന്നീട് ക്രീസിലൊന്നിച്ച ദുനിത് വെല്ലാലാഗെയും ചമിക കരുണരത്നെയും ചേര്‍ന്ന് രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 177-ല്‍ എത്തിച്ചു. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് ഉമ്രാന് വീണ്ടും ശ്രീലങ്കയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 17 റണ്‍സെടുത്ത കരുണരത്നെയെ ഉമ്രാന് അക്ഷര്‍ പട്ടേലിന്റെ കൈയ്യിലെത്തിച്ചു.
പക്ഷേ ദുനിത്തിന്റെ പോരാട്ടം അവിടെ അവസാനിച്ചില്ല. പിന്നാലെ വന്ന കസുന്‍ രജിതയെ കൂട്ടിപിടിച്ച് ദുനിത് ആഞ്ഞടിക്കുകയും ടീം സ്കോര്‍ 200 കടത്തുകയും ചെയ്തു. എന്നാല്‍ ടീം സ്കോര്‍ 215-ല്‍ നില്‍ക്കെ അപകടകാരിയായ ദുനിത്തിനെ പുറത്താക്കി സിറാജ് കരുത്തുകാട്ടി. 34 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ ദുനിത്തിനെ സിറാജ് അക്ഷര്‍ പട്ടേലിന്റെ കൈയ്യിലെത്തിച്ചു. അവസാന ബാറ്ററായി വന്ന ലാഹിരു കുമാരയെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് ശ്രീലങ്കന്‍ ഇന്നിങ്സിന് തിരശ്ശീലയിട്ടു.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉമ്രാന് മാലിക്ക് രണ്ട് വിക്കറ്റ് സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.
Updating ...
Content Highlights: india vs sri lanka, ind vs sl, india vs sri lanka second one day international match updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..