Photo Courtesy: Facebook| Sanju Samson
പുണെ: ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് ലഭിച്ച അവസരം ശരിക്കും പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ല. നേരിട്ട ആദ്യപന്തില്‍ തന്നെ ലക്ഷന്‍ സന്ദകനെ സിക്‌സടിച്ചുകൊണ്ട് സഞ്ജു സ്റ്റേഡിയത്തെ ആവേശം കൊള്ളിച്ചു. സിക്‌സര്‍ കണ്ട് ക്യാപ്റ്റന്‍ കോലി ഡ്രസ്സിങ് റൂമില്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചു. നേരിട്ട ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ച് സഹതാരങ്ങളെയും സ്‌റ്റേഡിയത്തെയും ആവേശംകൊള്ളിച്ച സഞ്ജു പക്ഷേ രണ്ടാം പന്തില്‍ എല്‍ബിയില്‍ കുരുങ്ങി പുറത്തായി.
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20-യില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ വെള്ളിയാഴ്ച ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു പകരം സഞ്ജു സാംസണും ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് പകരം മനീഷ് പാണ്ഡെയും കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചാഹലും ഇടംപിടിച്ചു. ഇലവനില്‍ ഇടംപിടിച്ചതോടെ ബാറ്റിങ്ങിന് അവസരം കിട്ടുമോ എന്ന ആകാംക്ഷയായി. ഓപ്പണര്‍മാരായ ലോകേഷ് രാഹുലും ശിഖര്‍ ധവാനും 10.5 ഓവര്‍ ബാറ്റുചെയ്തു. ധവാന്‍ പുറത്തായപ്പോള്‍ വണ്‍ ഡൗണായി അതാ വരുന്നു സഞ്ജു.
നേരിട്ട ആദ്യപന്തിലെ സിക്‌സര്‍ സ്റ്റേഡിയത്തെ ആവേശം കൊള്ളിച്ചു. വനിന്ദു ഹസരംഗ എറിഞ്ഞ അടുത്ത ഓവറിലെ മൂന്നാം പന്തില്‍ സഞ്ജു സ്ട്രൈക്കര്‍. ഓഫ് സൈഡിനുപുറത്ത് പിച്ചുചെയ്ത പന്തിന്റെ ദിശ കൃത്യമായി മനസ്സിലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. പന്ത് നേരേ പാഡിലേക്ക്. എല്‍.ബി. ഔട്ട് നല്‍കാന്‍ അമ്പയര്‍ക്ക് രണ്ടാമത് ആലോചിക്കേണ്ടിവന്നില്ല. റിവ്യുവിന് നില്‍ക്കാതെ ക്രീസ് വിട്ടു. രണ്ടു പന്തില്‍ ആറു റണ്‍സ് സമ്പാദ്യം.
പിന്നീടു വിക്കറ്റിനു പിന്നില്‍ കരുത്തുകാട്ടിയ സഞ്ജു ഒരു സ്റ്റംപിങ്ങും സ്വന്തമാക്കി കയ്യടി നേടി. ശ്രീലങ്കയുടെ ലക്ഷണ്‍ സന്ദകനെയാണ് വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ സഞ്ജു സ്റ്റമ്പ് ചെയ്ത് മടക്കിയത്.
2015-ല്‍ സിംബാബ്വെക്കെതിരായ ട്വന്റി 20-യില്‍ കളിച്ച സഞ്ജുവിന് അതിനുശേഷം ആദ്യ അന്തരാഷ്ട്ര മത്സരമാണിത്. ഈയിടെ സമാപിച്ച ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കെതിരായ ട്വന്റി 20 പരമ്പരകളില്‍ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം കിട്ടിയിരുന്നില്ല.
Content Highlights: India vs Sri Lanka Sanju Samson gets a game for India after 4 years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..