twitter.com/BCCI
മൊഹാലി: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മത്സരമവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ആധിപത്യം. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 574 റണ്‍സ് മറികടക്കാനായി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ശ്രീലങ്ക നാലുവിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തു.
26 റണ്‍സുമായി പത്തും നിസംഗയും ഒരു റണ്ണെടുത്ത് ചരിത് അസലങ്കയുമാണ് ക്രീസിലുള്ളത്. ദിമുത് കരുണരത്നെ, ലാഹിരു തിരിമന്നെ, ഏയ്ഞ്ജലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ എന്നിവരുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിന് മറുപടിയായി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് വേണ്ടി നായകന് ദിമുത് കരുണരത്നെയും ലാഹിരു തിരിമന്നെയും ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇരുവരും 48 റണ്‍സ് കണ്ടെത്തി. എന്നാല്‍ സ്പിന്നര്‍മാര്‍ വരാന്‍ തുടങ്ങിയതോടെ ഇരുവരുടെയും താളം തെറ്റി.
തിരിമന്നെയെയാണ് ശ്രീലങ്കയ്ക്ക് ആദ്യം നഷ്ടമായത്. 17 റണ്‍സെടുത്ത താരത്തെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടുപിന്നാലെ കരുണരത്നെയും പുറത്തായി. സെഞ്ചുറി നേടി തിളങ്ങിയ ജഡേജ തന്റെ ആദ്യ ഓവറില്‍ തന്നെ കരുണരത്നെയെ മടക്കി. 28 റണ്‍സെടുത്ത താരത്തെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി.
ഓപ്പണര്‍മാരെ നഷ്ടമായതോടെ ശ്രീലങ്കയ്ക്ക് വേണ്ടി ഏയ്ഞ്ജലോ മാത്യൂസും പത്തും നിസംഗയും ക്രീസിലൊന്നിച്ചു. ഇരുവരും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചു. എന്നാല്‍ സ്കോര്‍ 93-ല്‍ നില്‍ക്കേ ജസ്പ്രീത് ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. 22 റണ്‍സെടുത്ത വെറ്ററന്‍ താരം മാത്യൂസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറ ശ്രീലങ്കയുടെ മൂന്നാം വിക്കറ്റെടുത്തു.
പിന്നാലെ വന്ന ധനഞ്ജയ ഡി സില്‍വയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. വെറും ഒരു റണ്ണെടുത്ത സില്‍വയെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ക്രീസിലൊന്നിച്ച ചരിത് അസലങ്കയും നിസംഗയും ചേര്‍ന്ന് വലിയ അപകടമില്ലാതെ രണ്ടാം ദിനം മത്സരം അവസാനിപ്പിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്ര അശ്വിന് രണ്ടുവിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യ എട്ട് വിക്കറ്റിന് 574 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. സെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തത്. ജഡേജ 228 പന്തുകളില്‍ നിന്ന് 17 ബൗണ്ടറിയുടെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 175 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ആറുവിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് രവീന്ദ്ര ജഡേജയും അശ്വിനും നല്‍കിയത്. ശ്രീലങ്കന്‍ ബൗളര്‍മാരെ അനായാസം നേരിട്ട ഇരുവരും ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തി. ഏഴാം വിക്കറ്റില്‍ അശ്വിനും ജഡേജയും 130 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
എന്നാല്‍ ടീം സ്കോര്‍ 462-ല്‍ നില്‍ക്കേ അശ്വിന് പുറത്തായി. 61 റണ്‍സെടുത്ത അശ്വിനെ സുരംഗ ലക്മല്‍ നിറോഷന്‍ ഡിക്ക്വെല്ലയുടെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന ജയന്ത് യാദവിനും പിടിച്ചുനില്‍ക്കാനായില്ല. രണ്ട് റണ്‍സെടുത്ത യാദവിനെ വിശ്വ ഫെര്‍ണാണ്ടോ ലാഹിരു തിരിമന്നെയുടെ കൈയ്യിലെത്തിച്ചു.
പിന്നീട് ക്രീസിലെത്തിയ മുഹമ്മദ് ഷമിയെ കൂട്ടുപിടിച്ച ജഡേജ തകര്‍ത്തടിച്ചു. താരം സെഞ്ചുറിയും 150 റണ്‍സും തികച്ചു. ജഡേജയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറും രണ്ടാം സെഞ്ചുറിയുമാണിത്.
ഷമിയെ കൂട്ടുപിടിച്ച് ഒന്‍പതാം വിക്കറ്റില്‍ ജഡേജ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒന്‍പതാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഇരുവരും 103 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടിലൂടെ ഇന്ത്യന്‍ സ്കോര്‍ 574-ല്‍ എത്തിച്ചു. വൈകാതെ നായകന് രോഹിത് ശര്‍മ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 25 റണ്‍സ് മാത്രമകലെ ജഡേജയ്ക്ക് ഇരട്ടസെഞ്ചുറി നഷ്ടമായി. ഷമി പുറത്താവാതെ 20 റണ്‍സെടുത്തു
ശ്രീലങ്കയ്ക്ക് വേണ്ടി സുരംഗ ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുല്‍ദെനിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലാഹിരു കുമാര, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
Content Highlights: india vs sri lanka first test match day two updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..