ടീമംഗങ്ങൾ പരിശീലനത്തിനിടെ ഫോട്ടോ: ബിസിസിഐ
ഗുവാഹാട്ടി: ട്വന്റി-20 ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഞായറാഴ്ച തുടങ്ങുന്നു. പുതുവര്‍ഷത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. ട്വന്റി 20 ക്രിക്കറ്റ് മത്സരം വൈകീട്ട് ഏഴുമുതല്‍ ഗുവാഹാട്ടിയില്‍.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഏറ്റവും ശക്തമായ സമരം നടക്കുന്ന സംസ്ഥാനമാണ് അസം. ഗുവാഹാട്ടിയിലെ ബര്‍സപാര സ്റ്റേഡിയത്തില്‍ കനത്തസുരക്ഷയിലാണ് മത്സരം നടക്കുക. പരിക്കിലായിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാനും പേസ് ബൗളര്‍ ജസ്പ്രീത് ബുംറയും ടീമില്‍ തിരിച്ചെത്തും. ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. മലയാളി ബാറ്റ്സ്മാന്‍ സഞ്ജു വി. സാംസണ്‍ ടീമിലുണ്ട്.
ലോകകപ്പിലേക്ക്
അടുത്ത ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യയ്ക്ക് വിജയപരമ്പരയോടെ ലോകകപ്പിന് ഒരുങ്ങാനുള്ള അരങ്ങാണ് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര.
ധവാന്‍, ബുംറ വരുന്നു
കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പര്യടനത്തിലാണ് ശിഖര്‍ ധവാനും ജസ്പ്രീത് ബുംറയും അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. അതിനുശേഷം ചികിത്സയിലായിരുന്നു. ലോകകപ്പ് മുന്നില്‍നില്‍ക്കേ, ഇവരുടെ തിരിച്ചുവരവ് ആകാംക്ഷയോടെ കാത്തിരിക്കുന്നു. ധവാന്റെ അഭാവത്തില്‍ ഓപ്പണറായ ലോകേഷ് രാഹുല്‍ മികവ് തെളിയിച്ചതിനാല്‍ ഇക്കുറി രോഹിതിന്റെ അഭാവത്തിലും രാഹുല്‍ ഓപ്പണ്‍ ചെയ്യും.
പേസര്‍മാരായ മുഹമ്മദ് ഷമി വിശ്രമത്തിലും ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍ എന്നിവര്‍ പരിക്കിലുമാണ്. അതുകൊണ്ട് ശാര്‍ദൂല്‍ ഠാക്കൂര്‍, നവദീപ് സെയ്നി എന്നിവര്‍ക്ക് സാധ്യത തെളിയും. ബംഗ്ലാദേശിനും വെസ്റ്റിന്‍ഡീസിനുമെതിരായ പരമ്പരകളില്‍ ടീമിലുണ്ടായിരുന്ന സഞ്ജുവിന് ഒരു മത്സരംപോലും കളിക്കാനായില്ല. ഇക്കുറിയെങ്കിലും കളിക്കാന്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ട്വന്റി-20 യില്‍ ശ്രീലങ്കയ്‌ക്കെതിരേ കണക്കുകളില്‍ ഇന്ത്യ മുന്നിലാണ്. 16 മത്സരങ്ങളില്‍ 11-ലും ഇന്ത്യ ജയിച്ചു.
Content Highlights: India vs Sri Lanka First T-20 Cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..