Photo: twitter.com|BCCI
കൊളംബോ: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം 36.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ഏകദിന അരങ്ങേറ്റത്തില്‍ അര്‍ധ നേടിയ ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്.
95 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 86 റണ്‍സെടുത്ത ധവാനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. മത്സരത്തിനിടെ ഏകദിനത്തില്‍ 6000 റണ്‍സെന്ന നാഴികക്കല്ലും ധവാന്‍ പിന്നിട്ടു.
അരങ്ങേറ്റ മത്സരം കളിച്ച സൂര്യകുമാര്‍ യാദവ് 20 പന്തില്‍ നിന്ന് 31 റണ്‍സുമായി ധവാനൊപ്പം പുറത്താകാതെ നിന്നു.
263 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍ പൃഥ്വി ഷാ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 24 പന്തില്‍ നിന്ന് ഒമ്പത് ഫോറടക്കം 43 റണ്‍സെടുത്ത പൃഥ്വി ടീം സ്‌കോര്‍ 50 പിന്നിട്ട ശേഷമാണ് പുറത്തായത്.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ധവാന്‍ - ഇഷാന്‍ കിഷന്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
42 പന്തില്‍ നിന്ന് രണ്ടു സിക്‌സും എട്ടു ഫോറുമടക്കം 59 റണ്‍സെടുത്ത കിഷന്‍ 18-ാം ഓവറിലാണ് പുറത്തായത്. നേരിട്ട ആദ്യ പന്തു തന്നെ സിക്‌സറിന് പറത്തി തുടങ്ങിയ കിഷന്‍ വെറും 33 പന്തില്‍ 50 തികച്ച് ഏകദിന അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി. നേരത്തെ ഇന്ത്യയ്ക്കായുള്ള ട്വന്റി 20 അരങ്ങേറ്റത്തിലും ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു.
26 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് പുറത്തായ മറ്റൊരു താരം. ലങ്കയ്ക്കായി ധനഞ്ജയ ഡിസില്‍വ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തിരുന്നു.
ഇന്ത്യയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും ലങ്കന്‍ താരങ്ങളുടെ ചെറിയ സംഭാവനകളാണ് ടീമിനെ 262 റണ്‍സിലെത്തിച്ചത്.
ലങ്കന്‍ നിരയില്‍ ഒരാള്‍ക്ക് പോലും അര്‍ധ സെഞ്ചുറി നേടാനായില്ല. എട്ടാമനായി ഇറങ്ങി 35 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത ചാമിക കരുണരത്‌നെയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ കരുണരത്‌നെ 19 റണ്‍സ് അടിച്ചെടുത്തു.
ലങ്കയ്ക്കായി ഓപ്പണര്‍മാരായ അവിഷ്‌ക ഫെര്‍ണാണ്ടോയും മിനോദ് ഭാനുകയും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. 55 പന്തില്‍ 49 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
35 പന്തില്‍ 32 റണ്‍സെടുത്ത ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയെ പുറത്താക്കി യൂസ്വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ 17-ാം ഓവറില്‍ കുല്‍ദീപ് യാദവ് ലങ്കയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഓവറിലെ ആദ്യ പന്തില്‍ ഭാനുക രജപക്‌സയെ (24) മടക്കിയ കുല്‍ദീപ് യാദവ്, നാലാം പന്തില്‍ മിനോദ് ഭാനുകയേയും (27) പുറത്താക്കി. പിന്നാലെ 14 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയെ ക്രുനാല്‍ പാണ്ഡ്യ മടക്കി.
അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ചരിത് അസലങ്ക - ദസുന്‍ ഷാനക സഖ്യം 49 റണ്‍സ് ലങ്കന്‍ സ്‌കോറിലേക്ക് ചേര്‍ത്തു. 38-ാം ഓവറില്‍ അസലങ്കയെ മടക്കി ദീപക് ചാഹറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 65 പന്തില്‍ 38 റണ്‍സെടുത്താണ് താരം മടങ്ങിയത്. 50 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത ദസുന്‍ ഷാനകയെ 44-ാം ഓവറില്‍ ചാഹല്‍ പുറത്താക്കി.
വാനിന്ദു ഹസരംഗ (8), ഇസുരു ഉദാന (8), ദുഷ്മാന്ത ചമീര (13) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഒമ്പതാം വിക്കറ്റില്‍ ചാമിക കരുണരത്‌നെ - ദുഷ്മാന്ത ചമീര സഖ്യം 40 റണ്‍സ് ചേര്‍ത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കരുണരത്‌നെയാണ് ലങ്കന്‍ സ്‌കോര്‍ 250 കടത്തിയത്.
ഇന്ത്യയ്ക്കായി ദീപക് ചാഹര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: India vs Sri Lanka first odi cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..