ബെംഗളൂരു:  ഡി.ആര്‍.എസ്സിനായി ഡ്രസ്സിങ് റൂമിന്റെ സഹായം തേടി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നേരത്തെ വിവാദ നായകനായിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടെസ്റ്റിലായിരുന്നു അത്. തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ ഇതില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. 

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ അത്തരമൊരു സംഭവം വീണ്ടും ആവര്‍ത്തിച്ചു. ഇത്തവണ ശ്രീലങ്കന്‍ ബാറ്റ്‌സ്മാനായ ദില്‍റുവാന്‍ പെരേരയാണ് ഇന്ത്യയുടെ കണ്ണില്‍പൊടിയിട്ട് ഡി.ആര്‍.എസ്സിനായി ഡ്രസ്സിങ് റൂമിന്റെ സഹായം തേടിയത്.

57-ാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ പെരേര ഔട്ടാണെന്ന് അമ്പയര്‍ വിധിച്ചു. തുടര്‍ന്ന് പെരേര മറുവശത്തുണ്ടായിരുന്ന രംഗണ ഹെറാത്തിനോട് അഭിപ്രായം ചോദിച്ചു. എന്നാല്‍ ഡി.ആര്‍.എസ് വിളിക്കണോ എന്ന കാര്യത്തില്‍ തീരുമാനം പറയാന്‍ ഹെറാത്തിനായില്ല. തുടര്‍ന്നാണ് പെരേര ഡ്രസ്സിങ് റൂമിലേക്ക് കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് ഡി.ആര്‍.എസ് വിളിക്കണോ എന്ന് ചോദിക്കുകയായിരുന്നു. 

ഡ്രസ്സിങ് റൂമില്‍ നിന്ന് ആരോ കൈകളുയര്‍ത്തി റിവ്യൂവിന് പോകാന്‍ നിര്‍ദേശം നല്‍കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് പെരേര ഡി.ആര്‍.എസിന് പോകുകയും ഔട്ടല്ലെന്ന് വ്യക്തമാകുകയും ചെയ്തു. കമന്റേറ്ററായ സൈമണ്‍ ഡോള്‍ അപ്പോള്‍ത്തന്നെ തന്റെ നീരസം പ്രകടമാക്കി. പെരേര പുറത്തേക്ക് തന്നെയാണ് പോകേണ്ടതന്നെ ഡോള്‍ കമന്ററിക്കിടയില്‍ പറയുന്നുണ്ടായിരുന്നു. 

പെരേരയുടെ ഈ പ്രവൃത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണുള്ളത്. ഡി.ആര്‍.എസ്സിനെ ഡ്രസ്സിങ് റൂം റിവ്യൂ സിസ്റ്റമാക്കേണ്ടി വരുമെന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇക്കാര്യത്തില്‍ തന്റെ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. 

Content Highlights: India vs Sri Lanka Dilruwan Perera Does DRS Controversy Eden Gardens