കൊല്‍ക്കത്ത: ഒരു ടെസ്റ്റിന്റെ അഞ്ചു ദിവസങ്ങളിലും ബാറ്റു ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യുന്‍ താരമെന്ന റെക്കോഡ് ഇനി ചേതേശ്വര്‍ പൂജാരയ്ക്ക് സ്വന്തം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റിലാണ് പൂജാര ഈ നേട്ടം പിന്നിട്ടത്. എം.എല്‍ ജയസിംഹയും രവി ശാസ്ത്രിയുമാണ് ഇതിന് മുമ്പ് അഞ്ചു ദിവസവും ബാറ്റു ചെയ്ത താരങ്ങള്‍. 

ആദ്യ ഇന്നിങ്‌സില്‍ 117 പന്തില്‍ 52 റണ്‍സ് നേടി ഇന്ത്യയുടെ ടോപ്പ് സ്‌കോററായിരുന്നു പൂജാര. രണ്ടാം ഇന്നിങ്‌സില്‍ ശിഖര്‍ ധവാന്‍ പുറത്തായതോടെ പൂജാര ക്രീസിലെത്തി. ടെസ്റ്റിന്റെ നാലാം ദിനമായിരുന്നു. അഞ്ചാം ദിനത്തിലും ബാറ്റിങ് തുടര്‍ന്ന പൂജാര 22 റണ്‍സെടുത്ത് പുറത്തായി. 

1960ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ജയസിംഹ അഞ്ചു ദിവസവും ബാറ്റു ചെയ്തത്. ആദ്യ ഇന്നിങ്‌സില്‍ 20 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 74 റണ്‍സും ജയസിംഹ നേടി. 1984 ഇംഗ്ലണ്ടിനെതിരെ 111, 7 എന്നിങ്ങനെ സ്‌കോര്‍ ചെയ്തായിരുന്നു ശാസ്ത്രി ഈ നേട്ടം പിന്നിട്ടത്. പൂജാരയും ശാസ്ത്രിയും ജയസിംഹയും ഈ റെക്കോഡിലെത്തിയത് ഈഡന്‍ ഗാര്‍ഡന്‍സിലാണെന്ന പ്രത്യേകതയുമുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോഡ് ജയസിംഹയുടെ പേരിലാണ്.

ഇതുവരെ എട്ടു ബാറ്റ്‌സ്മാന്‍മാരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇങ്ങിനെയൊരു റെക്കോഡിട്ടത്. ഇംഗ്ലണ്ട് താരം ബോയ്‌കോട്ട്, ഓസ്‌ട്രേലിയന്‍ താരം കിം ഹ്യൂസ്, ഇംഗ്ലണ്ടിന്റെ അലന്‍ ലാമ്പ്, വെസ്റ്റിന്‍ഡീസിന്റെ അഡ്രിയാന്‍ ഗ്രിഫിത്, ഇംഗ്ലണ്ടിന്റെ ആന്‍ഡ്രു ഫ്‌ളിന്റോഫ് എന്നിവരെല്ലാം ഈ നേട്ടത്തിലെത്തി. 

Content Highlights: India vs Sri Lanka Cheteshwar Pujara becomes third Indian to bat on all 5 days