Photo: twitter.com/ICC
രാജ്കോട്ട്: ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ 91 റണ്‍സിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി (2-1) ഇന്ത്യ.
229 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലങ്കയെ 16.4 ഓവറില്‍ വെറും 137 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കിയത്. കളിയുടെ എല്ലാ മേഖലകളിലും ലങ്കയെ നിഷ്പ്രഭരാക്കിയായിരുന്നു ഇന്ത്യന്‍ ജയം.
മികച്ച തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെ ലങ്ക കളി കൈവിടുകയായിരുന്നു. പഥും നിസ്സങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 4.5 ഓവറില്‍ 44 റണ്‍സ് ചേര്‍ത്തെങ്കിലും പിന്നീട് വന്ന ആര്‍ക്കും തന്നെ ആവശ്യമായ റണ്റേറ്റിനൊത്ത് ബാറ്റ് വീശാനാകാതിരുന്നതോടെ ലങ്കയ്ക്ക് പിന്നീടുള്ള ഓവറുകള്‍ ചടങ്ങ്തീര്ക്കല് മാത്രമായി.
15 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത മെന്‍ഡിസിനെ മടക്കി അക്ഷര്‍ പട്ടേലാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 17 പന്തില്‍ നിന്ന് 15 റണ്‍സുമായി നിസ്സങ്കയും മടങ്ങി. വമ്പനടിക്കാരന്‍ അവിഷ്ക ഫെര്‍ണാണ്ടോയും (1) തീര്‍ത്തും നിരാശപ്പെടുത്തി. പിന്നീടെത്തിയവരില്‍ ധനഞ്ജയ ഡിസില്‍വയും (22), ചരിത് അസലങ്കയും (19), ക്യാപ്റ്റന്‍ ദസുന്‍ ഷാനകയും (23) മാത്രമാണ് അല്പമെങ്കിലും പൊരുതിയത്.
വാനിന്ദു ഹസരംഗ (9), ചമിക കരുണരത്നെ (0), മഹീഷ് തീക്ഷണ (2), ദില്ഷന് മധുഷങ്ക (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് സെഞ്ചുറി മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തിരുന്നു. 51 പന്തുകള്‍ നേരിട്ട സൂര്യ ഒമ്പത് സിക്സും ഏഴ് ഫോറുമടക്കം അടിച്ചുകൂട്ടിയത് 112 റണ്‍സ്. താരത്തിന്റെ മൂന്നാം സെഞ്ചുറിയായിരുന്നു ഇത്.
ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ ഇഷാന് കിഷന്റെ (1) വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. എന്നാല്‍ പിന്നാലെ ക്രീസിലെത്തിയ രാഹുല്‍ ത്രിപാഠി തകര്‍ത്തടിച്ചതോടെ സ്കോര്‍ബോര്‍ഡ് കുതിച്ചു. 16 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 35 റണ്‍സെടുത്ത ത്രിപാഠി, ശുഭ്മാന്‍ ഗില്ലിനൊപ്പം 49 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പുറത്തായത്.
തുടര്‍ന്ന് സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയതോടെ പിന്നെ സ്റ്റേഡിയമാകെ സിക്സറുകള്‍ കൊണ്ട് ആറാട്ടായിരുന്നു. മറുവശത്ത് ശുഭ്മാന്‍ ഗില്‍ ഉറച്ച പിന്തുണ നല്‍കുകയും ചെയ്തു. മൂന്നാം വിക്കറ്റില്‍ 111 റണ്‍സ് ചേര്‍ത്ത ഈ സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്. 36 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 46 റണ്‍സെടുത്ത ഗില്ലിനെ ഒടുവില്‍ 15-ാം ഓവറില്‍ വാനിന്ദു ഹസരംഗ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും (4), ദീപക് ഹൂഡയ്ക്കും (4) കാര്യമായ സംഭാവന നല്‍കാനായില്ല.
എന്നാല്‍ പതിവ് ഫോം തുടര്‍ന്ന അക്ഷര്‍ പട്ടേല്‍ വെറും ഒമ്പത് പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 21 റണ്‍സോടെ പുറത്താകാതെ നിന്നു. ലങ്കയ്ക്കായി പന്തെടുത്തവരില്‍ കസുന്‍ രജിത ഒഴികെയുളളവരെല്ലാം നന്നായി തല്ലുവാങ്ങി. ദില്ഷന് മധുഷങ്ക രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി. ശ്രീലങ്കന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. ഭാനുക രജപക്സയ്ക്ക് പകരം അവിഷ്ക ഫെര്‍ണാണ്ടോ ഇടംനേടി.
Content Highlights: India vs Sri Lanka 3rd T20 Rajkot
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..