യുവനിര പൊരുതിയിട്ടും ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് തോല്‍വി


ശ്രീലങ്ക ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പൊരുതിയ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സിലെത്താനേ സാധിച്ചുള്ളൂ

Photo: twitter.com/ICC

പുണെ: ആവേശം അവസാന ഓവര്‍ വരെ നീണ്ട ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ശ്രീലങ്ക. 16 റണ്‍സിനായിരുന്നു ലങ്കന്‍ ജയം.

ശ്രീലങ്ക ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പൊരുതിയ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ശ്രീലങ്ക ഒപ്പമെത്തി (1-1). അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് നേടാനായത് വെറും നാല് റണ്‍സ് മാത്രം.

മുന്‍നിര തകര്‍ന്നപ്പോള്‍ ഇന്ത്യയ്ക്കായി പൊരുതിയത് സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, ശിവം മാവി എന്നിവരായിരുന്നു. തകര്‍ത്തടിച്ച് 31 പന്തില്‍ നിന്ന് ആറ് സിക്‌സും മൂന്ന് ഫോറുമടക്കം 65 റണ്‍സെടുത്ത അക്ഷര്‍ പട്ടേലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറിലെ മൂന്നാം പന്തില്‍ അക്ഷര്‍ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷയും അവസാനിച്ചു. 15 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 26 റണ്‍സെടുത്ത ശിവം മാവിയും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു.

207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത് ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. ആദ്യ ഓവറില്‍ 12 റണ്‍സ് പിറന്നെങ്കിലും രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇഷാന്‍ കിഷന്‍ (2) പുറത്ത്. അതേ ഓവറിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലും (5) വീണു. മൂന്നാം ഓവറില്‍ രാഹുല്‍ ത്രിപാഠിയും (5) പുറത്തായതോടെ ഇന്ത്യ മൂന്നിന് 21 റണ്‍സെന്ന നിലയിലേക്ക് വീണു.

ഇതിനു പിന്നാലെ സാമാന്യം ഭേദപ്പെട്ട തുടക്കം ലഭിച്ച ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും (12), ദീപക് ഹൂഡയും (9) പുറത്തായതോടെ ഇന്ത്യ അഞ്ചിന് 57 റണ്‍സെന്ന ദയനീയ സ്ഥിതിയിലായി.

എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് - അക്ഷര്‍ പട്ടേല്‍ സഖ്യം ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. തകര്‍ത്തടിച്ച ഇരുവരും 91 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. ഹസരംഗ എറിഞ്ഞ 14-ാം ഓവറില്‍ നാല് സിക്‌സടക്കം ഇരുവരും അടിച്ചെടുത്ത 26 റണ്‍സ് ഒരു ഘട്ടത്തില്‍ മത്സരത്തിന്റെ ഗതി തന്നെ മാറ്റി. പക്ഷേ 16-ാം ഓവറില്‍ സുര്യകുമാറിനെ മടക്കി ദില്‍ഷന്‍ മധുഷങ്ക ലങ്കയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 36 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 51 റണ്‍സെടുത്താണ് സൂര്യ മടങ്ങിയത്.

എന്നാല്‍ ഏഴാം വിക്കറ്റില്‍ അക്ഷറിനൊപ്പം ചേര്‍ന്ന ശിവം മാവി തകര്‍ത്തടിച്ചതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ കൈവന്നു. എന്നാല്‍ അവസാന രണ്ട് ഓവറുകള്‍ നന്നായി എറിഞ്ഞ ലങ്കന്‍ ബൗളര്‍മാര്‍ ആ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയായി. ലങ്കയ്ക്കായി ദില്‍ഷന്‍ മധുഷങ്ക, കസുന്‍ രജിത, ദസുന്‍ ഷാനക എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ്, ക്യാപ്റ്റന്‍ ദസുന്‍ ഷാനക എന്നിവരുടെ ഇന്നിങ്സുകളാണ് ലങ്കയെ മികച്ച സ്‌കോറിലെത്തിച്ചത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ദസുന്‍ ഷാനകയാണ് ലങ്കന്‍ സ്‌കോര്‍ 200 കടത്തിയത്. 22 പന്തുകള്‍ നേരിട്ട താരം ആറ് സിക്സും രണ്ട് ഫോറുമടക്കം 56 റണ്‍സോടെ പുറത്താകാതെ നിന്നു. കുശാല്‍ മെന്‍ഡിസ് 31 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 52 റണ്‍സെടുത്ത് പുറത്തായി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് കുശാല്‍ മെന്‍ഡിസ് സമ്മാനിച്ചത്. തുടക്കം മുതല്‍ തന്നെ കത്തിക്കയറിയ താരം പഥും നിസ്സങ്കയെ കൂട്ടുപിടിച്ച് ഓപ്പണിങ് വിക്കറ്റില്‍ 50 പന്തില്‍ നിന്ന് 80 റണ്‍സ് ലങ്കന്‍ സ്‌കോറിലേക്ക് ചേര്‍ത്തു. ഒമ്പതാം ഓവറിലെ രണ്ടാം പന്തില്‍ മെന്‍ഡിസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യയ്ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തൊട്ടടുത്ത ഓവറില്‍ 146 കി.മീ വേഗത്തിലെത്തിയ ഉമ്രാന്‍ മാലിക്കിന്റെ ആദ്യ പന്തില്‍ വിക്കറ്റ് തെറിച്ച് ഭാനുക രജപക്സയും (2) മടങ്ങി.

ട്വന്റി 20 സ്ട്രൈക്ക്റേറ്റിലേക്ക് എത്താന്‍ സാധിക്കാതിരുന്ന
പഥും നിസ്സങ്കയുടെ ഊഴമായിരുന്നു അടുത്തത്. അക്ഷര്‍ പട്ടേലിന്റെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച താരം അരങ്ങേറ്റക്കാരന്‍ രാഹുല്‍ ത്രിപാഠിയുടെ കൈയിലൊതുങ്ങി. 35 പന്തില്‍ നിന്ന് നാല് ബൗണ്ടറികളോടെ 33 റണ്‍സായിരുന്നു നിസ്സങ്കയുടെ സമ്പാദ്യം. പിന്നാലെ ധനഞ്ജയ ഡിസില്‍വയേയും (3) അക്ഷര്‍ മടക്കി.

എന്നാല്‍ 19 പന്തില്‍ നിന്ന് നാല് സിക്സടക്കം 37 റണ്‍സെടുത്ത ചരിത് അസലങ്ക ലങ്കന്‍ ഇന്നിങ്സിന് വീണ്ടും ജീവന്‍ നല്‍കി. എന്നാല്‍ 16-ാം ഓവറില്‍ ഉമ്രാന്‍ മാലിക്കിനു മുന്നില്‍ അലസങ്ക വീണു. തൊട്ടടുത്ത പന്തില്‍ വാനിന്ദു ഹസരംഗയുടെ (0) കുറ്റി തെറിപ്പിച്ച ഉമ്രാന്‍, ലങ്കയുടെ ആറാം വിക്കറ്റും പിഴുതു.

എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ദസുന്‍ ഷാനക ലങ്കയെ 206-ല്‍ എത്തിക്കുകയായിരുന്നു. ചമിക കരുണരത്നെ 11 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഉമ്രാന്‍ മാലിക്ക് മൂന്നും അക്ഷര്‍ പട്ടേല്‍ രണ്ടും വിക്കറ്റുകള്‍ നേടി.

Content Highlights: India vs Sri Lanka 2nd T20 in Pune


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented