കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ പുറത്താകാതെ 86 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ കരിയറില്‍ റെക്കോഡുകളുടെ പെരുമഴ. ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം, ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ ഏകദിന ക്യാപ്റ്റന്‍, ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരം എന്നീ റെക്കോഡുകളെല്ലാം ധവാന്‍ സ്വന്തം പേരില്‍ കുറിച്ചു. 

ലങ്കയ്‌ക്കെതിരേ 23 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് ധവാന്‍ 6000 റണ്‍സിലെത്തിയത്. 140 ഇന്നിങ്‌സുകളില്‍ നിന്നാണ് ധവാന്‍ ഇത്രയും റണ്‍സെടുത്തത്. 123 ഇന്നിങ്‌സില്‍ നിന്ന് 6000 റണ്‍സ് നേടിയ ഹാഷിം അംലയാണ് ഈ റെക്കോഡില്‍ മുന്നില്‍. വിരാട് കോലി (136), കെയ്ന്‍ വില്ല്യംസണ്‍ (139) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. വിവ് റിച്ചാര്‍ഡ്‌സ് (141), ജോ റൂട്ട് (141), സൗരവ് ഗാംഗുലി (147), എബി ഡിവില്ലിയേഴ്‌സ് (147) എന്നിവര്‍ ധവാന് പിന്നിലാണ്.

6000 റണ്‍സ് പൂര്‍ത്തിയാക്കുത്ത പത്താമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ധവാന്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (18426), വിരാട് കോലി (12169), സൗരവ് ഗാംഗുലി (11363), രാഹുല്‍ ദ്രാവിഡ് (10889), എംഎസ് ധോനി (10773), മുഹമ്മദ് അസ്ഹറുദ്ദീന്‍ (9378), രോഹിത് ശര്‍മ (9205), യുവരാജ് സിങ്ങ് (8701), വീരേന്ദര്‍ സെവാഗ് (8273) എന്നിവരാണ് ധവാന് മുമ്പ് 6000 ക്ലബ്ബില്‍ ഇടം നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സും ധവാന്‍ സ്വന്തമാക്കി. വേഗത്തില്‍ 10000 ക്ലബ്ബിലെത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് ധവാന്‍. 17 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോള്‍  ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ 1000 റണ്‍സെന്ന നേട്ടവും ധവാന്‍ സ്വന്തം പേരില്‍ കുറിച്ചു. ഈ നേട്ടം കൈവരിക്കുന്ന 12-ാമത്തെ ഇന്ത്യന്‍ താരമാണ് ധവാന്‍. ശ്രീലങ്കയ്‌ക്കെതിരേ വേഗത്തില്‍ 1000 ഏകദിന റണ്‍സ് നേടിയതും ധവാന്‍ തന്നെയാണ്.

Content Highlights: India vs Sri Lanka 2021 Records Galore for Skipper Shikhar Dhawan in Colombo