അരങ്ങേറ്റത്തില്‍ തിളങ്ങി ശിവം മാവി; ആദ്യ ടി20-യില്‍ 2 റണ്‍സിന്റെ ജയം സ്വന്തമാക്കി ഇന്ത്യ


ട്വന്റി 20 അരങ്ങേറ്റത്തില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ശിവം മാവിയാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്

Photo: twitter.com/BCCI

മുംബൈ: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക ഇന്നിങ്‌സിന്റെ അവസാന പന്തില്‍ 160 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ (1-0) മുന്നിലെത്തി.

ട്വന്റി 20 അരങ്ങേറ്റത്തില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ശിവം മാവിയാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് മാവി നാല് വിക്കറ്റ് വീഴ്ത്തിയത്. ഉമ്രാന്‍ മാലിക്കും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

അവസാന ഓവറുകളില്‍ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് ലങ്ക കീഴടങ്ങിയത്. ക്യാപ്റ്റന്‍ ദസുന്‍ ഷാനകയും പിന്നാലെ ചമിക കരുണരത്‌നെയും തകര്‍ത്തടിച്ചതോടെ ലങ്കയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ബൗളിങ് മികവ് ഇന്ത്യയെ തുണച്ചു.

163 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലങ്കയ്ക്ക് രണ്ടാം ഓവറില്‍ തന്നെ പഥും നിസ്സങ്കയെ (1) നഷ്ടമായി. അരങ്ങേറ്റത്തിലെ ആദ്യ ഓവറില്‍ തന്നെ ശിവം മാവിയാണ് താരത്തെ മടക്കിയത്. പിന്നാലെ നിലയുറപ്പിക്കും മുമ്പ് ധനഞ്ജയ ഡിസില്‍വയേയും (8) മടക്കി മാവി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.

തുടര്‍ന്ന് എട്ടാം ഓവറില്‍ ചരിത് അസലങ്കയെ (12) മടക്കി ഉമ്രാന്‍ മാലിക്ക് ലങ്കയെ വീണ്ടും പ്രതിരോധത്തിലാക്കി. ഈ സമയമത്രയും സ്‌കോര്‍ മുന്നോട്ടുകൊണ്ടുപോയത് കുശാല്‍ മെന്‍ഡിസായിരുന്നു. 25 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 28 റണ്‍സെടുത്ത മെന്‍ഡിസിനെ തന്റെ ആദ്യ ഓവറില്‍ തന്നെ ഹര്‍ഷല്‍ പട്ടേല്‍ മടക്കി. പിന്നാലെ 11-ാം ഓവറില്‍ ഭാനുക രജപക്‌സയേയും (10) മടക്കിയ ഹര്‍ഷല്‍ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.

എന്നാല്‍ ആറാം വിക്കറ്റില്‍ വാനിന്ദു ഹസരംഗയെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ദസുന്‍ ഷാനക പ്രത്യാക്രമണം തുടങ്ങി. 10 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 21 റണ്‍സെടുത്ത ഹസരംഗ, ഷാനകയ്ക്ക് ഉറച്ച പിന്തുണ നല്‍കി. എന്നാല്‍ 15-ാം ഓവറില്‍ ഹസരംഗയെ മടക്കി മാവി മത്സരം വീണ്ടും ഇന്ത്യയുടെ വരുതിയിലാക്കി. എന്നാല്‍ ഒരറ്റത്ത് തകര്‍ത്തടിച്ച ഷാനക ലങ്കയുടെ പ്രതീക്ഷ കാത്തു. എന്നാല്‍ 17-ാം ഓവറില്‍ 155 കി.മീ വേഗത്തിലെത്തിയ ഉമ്രാന്‍ മാലിക്കിന്റെ പന്തില്‍ ഷാനകയ്ക്ക് പിഴച്ചു. ചാഹലിന് ക്യാച്ച്. 27 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 45 റണ്‍സെടുത്ത ഷാനക പുറത്തായതോടെ ലങ്ക പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് കരുതി. എന്നാല്‍ 16 പന്തില്‍ നിന്ന് രണ്ട് സിക്‌സടക്കം 23 റണ്‍സെടുത്ത ചമിക കരുണരത്‌നെ ഇന്ത്യയെ വിറപ്പിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണമെന്നിരിക്കേ അക്ഷര്‍ പട്ടേലിനെ ഒരു തവണ സിക്‌സറിന് പറത്തിയിട്ടും ആ ഓവറില്‍ 10 റണ്‍സ് മാത്രമേ കരുണരത്‌നെയ്ക്ക് സ്വന്തമാക്കാനായുള്ളൂ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു.

ഇഷാന്‍ കിഷന്‍, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ 150 പോലും കടക്കില്ലെന്ന് തോന്നിച്ച ഇന്ത്യന്‍ ഇന്നിങ്സിനെ 162-ല്‍ എത്തിച്ചത് ആറാം വിക്കറ്റില്‍ ഒന്നിച്ച ദീപക് ഹൂഡ - അക്ഷര്‍ പട്ടേല്‍ കൂട്ടുകെട്ടാണ്. ഇരുവരും ചേര്‍ന്ന് 68 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിലേക്ക് ചേര്‍ത്തത്.

23 പന്തില്‍ നിന്ന് നാല് സിക്സും ഒരു ഫോറുമടക്കം 41 റണ്‍സോടെ പുറത്താകാതെ നിന്ന ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്ഷര്‍ 20 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 31 റണ്‍സെടുത്തു.

മധ്യനിരയുടെ തകര്‍ച്ചയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. കസുന്‍ രഞ്ജിത എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 17 റണ്‍സടിച്ചാണ് ഇഷാന്‍ കിഷന്‍ തുടങ്ങിയത്. പിന്നാലെ മൂന്നാം ഓവറില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടമായി. അഞ്ച് പന്തില്‍ നിന്ന് ഏഴ് റണ്‍സ് മാത്രമെടുത്ത താരത്തെ മഹീഷ് തീക്ഷണ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവിനും (7), സഞ്ജു സാംസണും (5) കാര്യമായ സംഭാവന നല്‍കാനായില്ല.

നാലാം വിക്കറ്റില്‍ കിഷനും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ 11-ാം ഓവറില്‍ വാനിന്ദു ഹസരംഗ കിഷനെ മടക്കി. 29 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 37 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 27 പന്തില്‍ നിന്ന് നാല് ഫോറടക്കം 29 റണ്‍സെടുത്ത ഹാര്‍ദിക് 15-ാം ഓവറില്‍ പുറത്തായതിനു പിന്നാലെയായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ ഹൂഡ - അക്ഷര്‍ കൂട്ടുകെട്ടിന്റെ പിറവി.

Content Highlights: India vs Sri Lanka 1st T20 at Wankhede Stadium Mumbai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented