കിംബര്‍ലി: ദക്ഷിണാഫ്രിക്കയുടെ 11 പേര്‍ ചേര്‍ന്നിട്ടും ഇന്ത്യയുടെ സ്മൃതി മന്ദാന നേടിയ അത്രയും റണ്‍സ് നേടാനായില്ല. വനിതാ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 178 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ മൂന്നുവിക്കറ്റിന് 302, ദക്ഷിണാഫ്രിക്ക 30.5 ഓവറില്‍ 124 റണ്‍സിന് പുറത്ത്.
 
129 പന്തില്‍ 135 റണ്‍സടിച്ച ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. ഹര്‍മന്‍ പ്രീത് കൗര്‍ (55*), വേദം കൃഷ്ണമൂര്‍ത്തി (50*) എന്നിവര്‍ അര്‍ധസെഞ്ചുറികളുമായി പുറത്താകാതെനിന്നപ്പോള്‍ ക്യാപ്റ്റന്‍ മിതാലി രാജ് 20 റണ്‍സെടുത്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 
 
ആദ്യവിക്കറ്റിലും രണ്ടാം വിക്കറ്റിലും ഇന്ത്യ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റില്‍ സ്മൃതിയും ഹര്‍മന്‍പ്രീതും ചേര്‍ന്ന് 134 റണ്‍സെടുത്തു. 14 ബൗണ്ടറിയും ഒരു സിക്‌സും അടക്കമാണ് സ്മൃതി 135 റണ്‍സെടുത്തത്. 34-ാം ഇന്നിങ്സ് കളിക്കുന്ന 21-കാരിയുടെ ആദ്യ സെഞ്ചുറിയും.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ ലിസില്‍ ലീ (73), മാരിസണ്‍ (17) എന്നിവരേ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി രണ്ടക്കം കടന്നുള്ളൂ. പൂനം യാദവ് 25 റണ്‍സിന് നാലുവിക്കറ്റു വീഴ്ത്തി.