കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളിക്കുമെന്ന് ഉറപ്പായി. 

ഞായറാഴ്ച കോലി ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. ജനുവരി 11-നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ശനിയാഴ്ച കേപ്ടൗണിലെത്തിയ ഇന്ത്യന്‍ സംഘം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മേല്‍നോട്ടത്തിലാണ് ഞായറാഴ്ച പരിശീലനത്തിനിറങ്ങിയത്. 

പുറം വേദന കാരണം ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കോലി കളിച്ചിരുന്നില്ല. കെ.എല്‍ രാഹുലാണ് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ചത്. മത്സരം ഇന്ത്യ ഏഴു വിക്കറ്റിന് തോറ്റിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഒപ്പമെത്തി (1-1).

ഞായറാഴ്ച കോലി നെറ്റ്‌സില്‍ പരിശീലിച്ചു. ഇതിന്റെ ചിത്രങ്ങള്‍ ബിസിസിഐ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്.

കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റ് മത്സരവും ജയിച്ചിട്ടില്ല. ഇവിടെ കളിച്ച അഞ്ച് ടെസ്റ്റുകളില്‍ മൂന്നും ഇന്ത്യ തോറ്റു. രണ്ടു മത്സരങ്ങള്‍ സമനിലയിലായി.

Content Highlights: india vs south africa virat kohli returns to nets