കേപ്ടൗണ്‍:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തു.14 റണ്‍സെടുത്ത് വിരാട് കോലിയും ഏഴ് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും പുറത്താവാതെ ക്രീസിലുണ്ട്. ഇതോടെ ഇന്ത്യയ്ക്ക് 70 റണ്‍സിന്റെ ലീഡായി. 

ദക്ഷിണാഫ്രിക്ക 210 റണ്‍സിന് ഓള്‍ ഔട്ടായതോടെ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ 13 റണ്‍സിന്റെ ലീഡ് സ്വന്തമായി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ കെ.എല്‍.രാഹുലിനെയും മായങ്ക് അഗര്‍വാളിനെയുമാണ് നഷ്ടപ്പെട്ടത്.

ടീം സ്‌കോര്‍ 20-ല്‍ നില്‍ക്കേ മായങ്ക് അഗര്‍വാളാണ് ആദ്യം പുറത്തായത്. ഏഴ് റണ്‍സ് മാത്രമെടുത്ത മായങ്കിനെ കഗിസോ റബാദ ഡീന്‍ എല്‍ഗറുടെ കൈയ്യിലെത്തിച്ചു. തൊട്ടുപിന്നാലെ 10 റണ്‍സെടുത്ത രാഹുലിനെ മടക്കി മാര്‍ക്കോ ജാന്‍സണ്‍ ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേകി. 10 റണ്‍സെടുത്ത രാഹുല്‍ എയ്ഡന്‍ മാര്‍ക്രത്തിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നീട് ക്രീസിലൊന്നിച്ച വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് വിക്കറ്റ് വീഴാതെ ഇന്ത്യയെ രണ്ടാം ദിനം കാത്തു.

72 റണ്‍സെടുത്ത കീഗന്‍ പീറ്റേഴ്‌സണിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ അഞ്ചുവിക്കറ്റ് വീഴ്ത്തി. 

ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എയ്ഡന്‍ മാര്‍ക്രത്തെയാണ് ആദ്യം നഷ്ടമായത്. 22 പന്തുകളില്‍ നിന്ന് എട്ട് റണ്‍സ് മാത്രമെടുത്ത മാര്‍ക്രത്തെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കി.

പിന്നാലെ ടീം സ്‌കോര്‍ 45-ല്‍ നില്‍ക്കേ 25 റണ്‍സെടുത്ത കേശവ് മഹാരാജിനെ ഉമേഷ് യാദവ് ക്ലീന്‍ബൗള്‍ഡാക്കി. ഏകദിന ശൈലിയിലാണ് മഹാരാജ് ബാറ്റ് വീശിയത്. 

പിന്നീട് ക്രീസിലൊന്നിച്ച കീഗന്‍ പീറ്റേഴ്‌സണും റാസി വാന്‍ ഡെര്‍ ഡ്യൂസനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 67 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ടീം സ്‌കോര്‍ 100 കടത്തുകയും ചെയ്തു. 

എന്നാല്‍ ഡ്യൂസനെ പുറത്താക്കി ഉമേഷ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. 21 റണ്‍സെടുത്ത ഡ്യൂസനെ യാദവ് കോലിയുടെ കൈയ്യിലെത്തിച്ചു. ഡ്യൂസന് പകരം തെംബ ബാവുമ പീറ്റേഴ്‌സണ് കൂട്ടായി ക്രീസിലെത്തി.

ബാവുമയെ കൂട്ടുപിടിച്ച് പീറ്റേഴ്‌സണ്‍ ടീം സ്‌കോര്‍ ഉയര്‍ത്തി. ഒപ്പം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. ബാവുമയ്‌ക്കൊപ്പം 42  റണ്‍സിന്റെ കൂട്ടുകെട്ടാണ് പീറ്റേഴ്‌സണ്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. 28 റണ്‍സെടുത്ത ബാവുമയെ വിരാട് കോലിയുടെ കൈയ്യിലെത്തിച്ച് ഷമി ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു. തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് കോലി ബാവുമയെ പറഞ്ഞയച്ചത്. 

പിന്നാലെ വന്ന വിക്കറ്റ് കീപ്പര്‍ വെറെയ്‌നിന് പിടിച്ചുനില്‍ക്കാനായില്ല. നേരിട്ട രണ്ടാം പന്തില്‍ തന്നെ ഷമിയ്ക്ക് വിക്കറ്റ് സമ്മാനിച്ച് വെറെയ്ന്‍ മടങ്ങി. ഋഷഭ് പന്താണ് വെറെയ്‌നിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്ക 159 ന് ആറ് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.വെറെയ്‌നിന് പകരം വന്ന മാര്‍ക്കോ ജാന്‍സണും പിടിച്ചുനില്‍ക്കാനായില്ല. ഏഴ് റണ്‍സ് മാത്രമെടുത്ത ജാന്‍സണെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി.

ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് തളരാതെ പിടിച്ചുനിന്ന പീറ്റേഴ്‌സണ്‍ ഒടുവില്‍ പുറത്തായി. ജസ്പ്രീത് ബുംറയുടെ പന്തില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് ക്യാച്ച് നല്‍കിയാണ് പീറ്റേഴ്‌സണ്‍ മടങ്ങിയത്. 166 പന്തുകള്‍ നേരിട്ട പീറ്റേഴ്‌സണ്‍ 72 റണ്‍സെടുത്തു. പിന്നീട് ക്രീസിലൊന്നിച്ച കഗിസോ റബാദയും ഡ്യൂവാന്‍ ഒലിവിയറും ചേര്‍ന്ന് ടീം സ്‌കോര്‍ 200 കടത്തി. പക്ഷേ ഈ കൂട്ടുകെട്ടിന് അധികം ആയുസ്സുണ്ടായില്ല. 15 റണ്‍സെടുത്ത റബാദയെ ബുംറയുടെ കൈയ്യിലെത്തിച്ച് ശാര്‍ദുല്‍ ഠാക്കൂര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.

വൈകാതെ മൂന്ന് റണ്‍സെടുത്ത ലുങ്കി എന്‍ഗിഡിയെ മടക്കി ബുംറ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സിന് തിരശ്ലീലയിട്ടു. ഈ വിക്കറ്റോടെ ബുംറ മത്സരത്തില്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. 

23.3 ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് ബുംറ അഞ്ചുവിക്കറ്റ് നേടിയത്. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ശാര്‍ദൂല്‍ ഠാക്കൂര്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

Content Highlights: India vs South Africa third test day two live updates