ന്യൂലാന്‍ഡ്‌സ്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരവും പരമ്പരയും സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് ദിവസം ബാക്കി നില്‍ക്കെ വേണ്ടത് വെറും 111 റണ്‍സ് മാത്രം. എട്ട് വിക്കറ്റുകള്‍ അവരുടെ കൈവശം ബാക്കിയുണ്ട്. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി നല്‍കാനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 16(22), നായകന്‍ ഡീന്‍ എള്‍ഗാര്‍ 30(96) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍. ഷമിയും ബുംറയുമാണ് ഇന്ത്യക്ക് വേണ്ടി വിക്കറ്റുകള്‍ വീഴ്ത്തിയത്. 48 റണ്‍സുമായി കീഗന്‍ പീറ്റേഴ്‌സന്‍ ക്രീസിലുണ്ട്.

നേരത്തെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 198 റണ്‍സിന് എല്ലാവരും പുറത്തായി ആദ്യ ഇന്നിങ്സിലെ 13 റണ്‍സിന്റെ ലീഡ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്ത്യ 212 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍വെച്ചു. ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഋഷഭ് പന്താണ് ഇന്ത്യയുടെ നെടുംതൂണായത്. 139 പന്തില്‍ ആറു ഫോറും നാല് സിക്സും സഹിതം 100 റണ്‍സോടെ ഋഷഭ് പുറത്താകാതെ നിന്നു. മൂന്നാം ദിനം ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ദിനത്തിലെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് ചേതേശ്വര്‍ പൂജാര പുറത്തായി. 33 പന്തില്‍ ഒമ്പത് റണ്‍സെടുത്ത താരത്തെ മാര്‍ക്കോ ജാന്‍സെന്‍ കീഗന്‍ പീറ്റേഴ്‌സണ്‍ന്റെ കൈയിലെത്തിച്ചു. 

തൊട്ടടുത്ത ഓവറില്‍ മോശം ഫോമിലുള്ള അജിങ്ക്യ രഹാനേയും ക്രീസ് വിട്ടു. ഒമ്പത് പന്തില്‍ ഒരു റണ്ണെടുത്ത രഹാനേയുടെ വിക്കറ്റ് റബാദയ്്ക്കാണ്. ഇതോടെ ഇന്ത്യ നാല് വിക്കറ്റിന് 58 റണ്‍സ് എന്ന നിലയിലായി. പിന്നീട് അഞ്ചാം വിക്കറ്റില്‍ വിരാട് കോലിയും ഋഷഭ് പന്തും ഒത്തുചേര്‍ന്നു. ഇരുവരും ചേര്‍ന്ന് 94 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പ്രതിരോധിച്ചു കളിച്ച കോലി 143 പന്തില്‍ 29 റണ്‍സാണ് അടിച്ചെടുത്തത്. കോലിയെ പുറത്താക്കി ലുങ്കി എന്‍ഗിഡി ഈ കൂട്ടുകെട്ട് പൊളിച്ചു. 

ഒരറ്റത്ത് ഋഷഭ് പന്ത് നിലയുറപ്പിച്ചെങ്കിലും പിന്നീട് വന്നവരെല്ലാം പെട്ടെന്ന് ക്രീസ് വിട്ടു. അശ്വിന്‍ ഏഴു റണ്‍സെടുത്തും ശാര്‍ദ്ദുല്‍ താക്കൂര്‍ അഞ്ചു റണ്‍സിനും പുറത്തായി. ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും അക്കൗണ്ട് തുറക്കാനായില്ല. ജസ്പ്രീത് ബുംറ രണ്ട് റണ്‍സെടുത്തു. 10 റണ്‍സെടുത്ത കെഎല്‍ രാഹുലും ഏഴു റണ്‍സെടുത്ത മായങ്ക് അഗര്‍വാളും രണ്ടാം ദിനം പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാന്‍സെന്‍ നാല് വിക്കറ്റ് വീഴ്ത്തി. ലുങ്കി എന്‍ഗിഡിയും കാഗിസോ റബാദയും മൂന്നു വിക്കറ്റ് വീതം നേടി.

സ്‌കോര്‍ ഇന്ത്യ: 223, 198 ദക്ഷിണാഫ്രിക്ക 210, 101-2

Content Highlights: India vs South Africa third test day three live updates