ജോഹന്നാസ്ബെര്‍ഗ്: ആദ്യ രണ്ട് ടെസ്റ്റും തോറ്റ് സമ്പൂര്‍ണ തോല്‍വിയുടെ നാണക്കേട് ഒഴിവാക്കാന്‍ അവസാന ടെസ്റ്റിനിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 187 റണ്‍സില്‍ എല്ലാവരും പുറത്തായി. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കോലിയും ചേതേശ്വര്‍ പൂജാരയും ഒഴികെ മറ്റാര്‍ക്കും അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ മാര്‍ക്രത്തെ നഷ്ടമായി. ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ്. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ് റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. നാല് റണ്‍സോടെ എല്‍ഗറും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന്‍ റബാഡയുമാണ് ക്രീസില്‍. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംങ്‌സ് സ്‌കോര്‍ മറികടക്കാന്‍ 181 റണ്‍സ് മാത്രം മതി ദക്ഷിണാഫ്രിക്കയ്ക്ക്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ നിരയില്‍ മൂന്നു പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. എക്‌സ്ട്രാസ്  വഴി ലഭിച്ച 26 റണ്‍സാണ് ഇന്ത്യയുടെ നാലാമത്തെ വലിയ സ്‌കോര്‍. നാലാം ഓവറില്‍ അക്കൗണ്ട് തുറക്കുംമുമ്പ് ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഫിലാന്‍ഡറിന്റെ പന്തില്‍ ഡി കോക്കിന് ക്യാച്ച് നല്‍കി രാഹുല്‍ മടങ്ങി. തൊട്ടുപിന്നാലെ 32 പന്തില്‍ എട്ടു റണ്‍സെടുത്ത മുരളി വിജയും കൂടാരം കയറി, വിജയിയെ റബാദ പുറത്താക്കുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടി പൊരുതിയ ക്യാപ്റ്റന്‍ കോലി മൂന്നാമനായി മടങ്ങി. 106 പന്തുകള്‍ നേരിട്ട് 54 റണ്‍സെടുത്ത കോലിയെ എന്‍ഗിഡിയുടെ പന്തില്‍ ഡിവില്ല്യേഴ്സ് ക്യാച്ചെടുത്താണ് പുറത്താക്കിയത്. ആദ്യ രണ്ട് ടെസ്റ്റിനും പുറത്തിരിക്കേണ്ടി വന്ന രഹാനെയെ ഒമ്പത് റണ്‍സില്‍ നില്‍ക്കെ മോര്‍ക്കല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിച്ച ക്രീസില്‍ ഉറച്ചുനിന്ന പൂജാരയുടെതായിരുന്നു അടുത്ത ഊഴം. 179 പന്തുകള്‍ നേരിട്ട് 50 റണ്‍സെടുത്ത പൂജാര ഫെലുക്‌വായോടെ പന്തില്‍ ഡികോക്കിന് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ പാര്‍ഥിവ് പട്ടേലും പാണ്ഡ്യയും ഷമിയും വന്നതിലും വേഗത്തില്‍ പവലിയനിലെത്തി. അവസാന നിമിഷം വിക്കറ്റുകള്‍ ചീട്ട്‌കൊട്ടാരം പോലെ വീഴുമ്പോഴും വാലറ്റത്ത് 30 റണ്‍സ് അടിച്ചെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ സ്‌കോര്‍ 187 റണ്‍സിലെത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റബാഡയും രണ്ട് വിക്കറ്റ് വീതം പിഴുതെടുത്ത മോര്‍ക്കലും ഫിലാന്‍ഡറും ഫെലുക്‌വായോയുമാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Content Highlights: India vs South Africa Third Test Cricket