ക്ലാസ്സായി ക്ലാസന്‍ ! ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 യിലും ഇന്ത്യയ്ക്ക് തോല്‍വി


Published:

Updated:

46 പന്തുകളില്‍ നിന്ന് 81 റണ്‍സെടുത്ത് തകര്‍ത്തടിച്ച ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് നേതൃത്വം നല്‍കിയത്. 

Photo: twitter.com/ICC

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. നാല് വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം സന്ദര്‍ശകര്‍ വെറും 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 46 പന്തുകളില്‍ നിന്ന് 81 റണ്‍സെടുത്ത് തകര്‍ത്തടിച്ച ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് നേതൃത്വം നല്‍കിയത്.

ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0 ന് മുന്നിലെത്തി. ആദ്യ മത്സരത്തിലും പ്രോട്ടീസാണ് വിജയം നേടിയത്. ഇന്ത്യയ്ക്ക് ഇനി പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയം നേടണം. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ ആറിന് 148, ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ ആറിന് 149.

149 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഭുവനേശ്വര്‍ കുമാറിന്റെ മൂളിപ്പറക്കുന്ന പന്തുകള്‍ക്ക് മുന്നില്‍ പതറുന്ന കാഴ്ചയ്ക്കാണ് കട്ടക്ക് വേദിയായത്. ആദ്യ ആറോവറിനുള്ളില്‍ തന്നെ മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ പറഞ്ഞയച്ച് ഭുവി കൊടുങ്കാറ്റായി. ആദ്യ ഓവറിലെ അവസാന പന്തില്‍ ഡി കോക്കിന് പകരം ടീമിലിടം നേടിയ റീസ ഹെന്റിക്‌സിനെ മനോഹരമായ പന്തിലൂടെ ഭുവനേശ്വര്‍ ക്ലീന്‍ ബൗള്‍ഡാക്കി. വെറും നാല് റണ്‍സാണ് ഓപ്പണറുടെ സമ്പാദ്യം.

പിന്നാലെ വന്ന ഡ്വെയിന്‍ പ്രിട്ടോറിയസിനെയും നിലയുറപ്പിക്കുംമുന്‍പ് ഭുവനേശ്വര്‍ പുറത്താക്കി. അഞ്ചുപന്തില്‍ നിന്ന് നാല് റണ്‍സെടുത്ത പ്രിട്ടോറിയസ് ഭുവനേശ്വറിന്റെ പന്തില്‍ സിക്‌സ് അടിക്കാന്‍ ശ്രമിച്ചെങ്കിലും അത് ആവേശ് ഖാന്റെ കൈയ്യിലൊതുങ്ങി. പ്രിട്ടോറിയസിന് പകരം കഴിഞ്ഞ മത്സരത്തിലെ ഹീറോ റാസി വാന്‍ ഡെര്‍ ഡ്യൂസനാണ് ക്രീസിലെത്തിയത്.

എന്നാല്‍ ആറാം ഓവറിലെ മൂന്നാം പന്തില്‍ ഭുവനേശ്വര്‍ ഡ്യൂസന്റെ കുറ്റി തെറുപ്പിച്ചു. അതിമനോഹരമായ ഇന്‍സ്വിങ്ങര്‍ ഡ്യൂസന്റെ ബാറ്റിനടുത്തൂടെ മൂളിപ്പറന്ന് വിക്കറ്റില്‍ മുത്തമിട്ടു. വെറും ഒരു റണ്‍ മാത്രമെടുത്ത് ഡ്യൂസന്‍ മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 29 എന്ന സ്‌കോറിലേക്ക് വീണിരുന്നു.

പിന്നീട് ക്രീസിലൊന്നിച്ച ഹെയ്ന്റിച്ച് ക്ലാസനും നായകന്‍ തെംബ ബവൂമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 50 കടത്തി. ഇരുവരും ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിടാന്‍ തുടങ്ങിയതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോറിന് ജീവന്‍വെച്ചു. ക്ലാസനും ബവൂമയും അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ക്ലാസനായിരുന്നു കൂടുതല്‍ അപകടകാരി.

എന്നാല്‍ യൂസ്‌വേന്ദ്ര ചാഹലിലൂടെ ഇന്ത്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 30 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ബവൂമയെ ക്ലീന്‍ ബൗള്‍ഡാക്കി ചാഹല്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. ക്ലാസനൊപ്പം 64 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്രീസ് വിട്ടത്. ബവൂമയ്ക്ക് പകരം അപകടകാരിയായ ഡേവിഡ് മില്ലര്‍ ക്രീസിലെത്തി.

നേരിട്ട ആദ്യ പന്തില്‍ തന്നെ മില്ലര്‍ പുറത്തായെന്ന് തോന്നിച്ചെങ്കിലും ദുഷ്‌കരമായ താരത്തിന്റെ ക്യാച്ച് ദിനേശ് കാര്‍ത്തിക്കിന് കൈയ്യിലാക്കാനായില്ല. പിന്നാലെ ക്ലാസന്‍ അര്‍ധസെഞ്ചുറി നേടി. 32 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം നേടിയത്. ബവൂമ പുറത്തായിട്ടും ക്ലാസന്‍ അനായാസം ബാറ്റുവീശി. മില്ലറും തകര്‍ത്തടിച്ചതോടെ ദക്ഷിണാഫ്രിക്ക അനായാസം വിജയത്തിലേക്ക് കുതിച്ചു. ചാഹല്‍ ചെയ്ത 16-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് 23 റണ്‍സാണ് അടിച്ചെടുത്തത്. ഹര്‍ഷല്‍ പട്ടേല്‍ ചെയ്ത 17-ം ഓവറില്‍ ക്ലാസന്‍ പുറത്തായി. ഹര്‍ഷലിന്റെ പന്തില്‍ സിക്‌സ് നേടാനുള്ള താരത്തിന്റെ ശ്രമം പകരക്കാരനായി വന്ന രവി ബിഷ്‌ണോയിയുടെ കൈയ്യിലൊതുങ്ങി. 46 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെ 81 റണ്‍സെടുത്ത ശേഷമാണ് ക്ലാസന്‍ ക്രീസ് വിട്ടത്.

പിന്നാലെ വന്ന വെയ്ന്‍ പാര്‍നലിനെ നിലയുറപ്പിക്കും മുന്‍പ് ഭുവനേശ്വര്‍ ക്ലീന്‍ ബൗള്‍ഡാക്കി. വെറും ഒരു റണ്‍ മാത്രമാണ് താരത്തിന് നേടാനായത്. പക്ഷേ അപ്പോഴേക്കും ഇന്ത്യയില്‍ നിന്ന് വിജയമകന്നിരുന്നു. തൊട്ടടുത്ത ഓവറില്‍ മില്ലര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിജയറണ്‍ നേടി. മില്ലര്‍ 20 റണ്‍സെടുത്തും റബാദ റണ്‍സെടുക്കാതെയും പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്തു. ചാഹലും ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റ് വീഴ്ത്തി. ചാഹല്‍ നാലോവറില്‍ 49 റണ്‍സാണ് വഴങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. 40 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ മികച്ച ബൗളിങ്ങാണ് ഇന്ത്യയെ ചെറിയ സ്‌കോറിനുള്ളില്‍ ഒതുക്കിയത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി കിട്ടി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ ഋതുരാജ്‌ഗെയ്ക്‌വാദിനെ പുറത്താക്കി കഗിസോ റബാദ ഇന്ത്യയ്ക്ക് ഞെട്ടല്‍ സമ്മാനിച്ചു. നാല് പന്തില്‍ നിന്ന് വെറും ഒരു റണ്‍ മാത്രമെടുത്ത ഗെയ്ക്‌വാദിനെ റബാദ കേശവ് മഹാരാജിന്റെ കൈയ്യിലെത്തിച്ചു.

ഗെയ്ക്‌വാദിന് പകരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തി. ശ്രേയസ്സിനെ സാക്ഷിയാക്കി ഇഷാന്‍ കിഷന്‍ കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്നു. എന്നാല്‍ ഏഴാം ഓവറിലെ നാലാം പന്തില്‍ കിഷനെ മടക്കി ആന്റിച്ച് നോര്‍ക്യെ ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 21 പന്തില്‍ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 34 റണ്‍സെടുത്ത കിഷനെ നോര്‍ക്യെ വാന്‍ ഡ്യൂസന്റെ കൈയിലെത്തിച്ചു. ശ്രേയസ്സിനൊപ്പം 45 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് കിഷന്‍ ക്രീസ് വിട്ടത്. കിഷന് പകരം നായകന്‍ ഋഷഭ് പന്ത് ക്രീസിലെത്തി.

എന്നാല്‍ പന്തിന് പിടിച്ചുനില്‍ക്കാനായില്ല. അനാവശ്യ ഷോട്ട് കളിച്ച ഇന്ത്യന്‍ നായകന്‍ കേശവ് മഹാരാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഏഴ് പന്തില്‍ നിന്ന് അഞ്ചുറണ്‍സെടുത്ത പന്തിനെ വാന്‍ ഡ്യൂസ്സന്‍ ക്യാച്ചെടുത്ത് പുറത്താക്കി. പന്തിന് പകരം ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി. ആദ്യ പത്തോവറില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സാണ് നേടിയത്.

പന്തിന് പകരം വന്ന ഹാര്‍ദിക്കും നിരാശപ്പെടുത്തി. 12 പന്തില്‍ നിന്ന് ഒന്‍പത് റണ്‍സ് മാത്രമെടുത്ത ഹാര്‍ദികിനെ മികച്ച പന്തിലൂടെ വെയ്ന്‍ പാര്‍നെല്‍ ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ ശ്രേയസ് അയ്യരും പുറത്തായി. ക്രീസിലുറച്ചുനിന്ന ശ്രേയസ്സിനെ ഡ്വെയ്ന്‍ പ്രിട്ടോറിയസ് ക്ലാസന്റെ കൈയ്യിലെത്തിച്ചു. 35 പന്തുകളില്‍ നിന്ന് രണ്ട് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 40 റണ്‍സെടുത്താണ് ശ്രേയസ് ക്രീസ് വിട്ടത്. ഇതോടെ ഇന്ത്യ 98 ന് അഞ്ച് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

അഞ്ചുവിക്കറ്റ് നഷ്ടമായതോടെ ദിനേശ് കാര്‍ത്തിക്കും അക്ഷര്‍ പട്ടേലും ക്രീസിലൊന്നിച്ചു. പക്ഷേ അക്ഷര്‍ പട്ടേലിന് പിടിച്ചുനില്‍ക്കാനായില്ല. വെറും 10 റണ്‍സെടുത്ത താരത്തെ നോര്‍ക്യെ ക്ലീന്‍ ബൗള്‍ഡാക്കി. അക്ഷര്‍ പുറത്താകുമ്പോള്‍ ഇന്ത്യ 17 ഓവറില്‍ 112 റണ്‍സ് മാത്രമാണ് നേടിയത്. അവസാന ഓവറുകളില്‍ കാര്‍ത്തിക്കിന് വേണ്ടപോലെ റണ്‍സ് കണ്ടെത്താനായില്ല. കണിശതയോടെ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. എന്നാല്‍ അവസാന ഓവറില്‍ കാര്‍ത്തിക്ക് തകര്‍ത്തടിച്ചു. അവസാന ഓവറില്‍ പിറന്ന 18 റണ്‍സാണ് ഇന്ത്യന്‍ ടോട്ടല്‍ 148-ല്‍ എത്തിച്ചത്. കാര്‍ത്തിക്ക് 21 പന്തില്‍ നിന്ന് 30 റണ്‍സെടുത്തും ഹര്‍ഷല്‍ പട്ടേല്‍ ഒന്‍പത് പന്തില്‍ നിന്ന് 12 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ക്യെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കഗിസോ റബാദ, വെയ്ന്‍ പാര്‍നെല്‍, ഡ്വെയിന്‍ പ്രിട്ടോറിയസ്, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: india vs south africa, ind vs sa, indian cricket, south africa cricket, cricket news, latest cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented