സെഞ്ചൂറിയന്‍: മൂന്നാം ടെസ്റ്റിലെ വിജയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അടിമുടിമാറ്റി. അതിനുശേഷം ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ മറ്റൊരു ഇന്ത്യയെയായിരുന്നു കണ്ടത്. ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ മറ്റൊരു നേട്ടത്തിനരികിലാണ്. ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം മത്സരത്തില്‍ ജയിക്കാനായാല്‍ ഏകദിനത്തിനു പിന്നാലെ ടി-20 പരമ്പരയും ഇന്ത്യക്ക് ജയിക്കാനാവും. രാത്രി 9.30 മുതല്‍ സൂപ്പര്‍ സ്പോട്ട് പാര്‍ക്കിലാണ് മത്സരം. 

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ആദ്യമത്സരം സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ബാറ്റിങ്ങില്‍ ശിഖര്‍ ധവാന്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഭുവനേശ്വര്‍ കുമാറിനു മുന്നിലാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങിന് അടിതെറ്റിയത്. ക്യാപ്റ്റന്‍ വിരാട് കോലി, മനീഷ് പാണ്ഡെ എന്നിവര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാനായി. 

ഇടവേളയ്ക്കുശേഷം ടീമില്‍ തിരികെയെത്തിയ സുരേഷ് റെയ്‌നയും മാറ്റുതെളിയിച്ചു. എന്നാല്‍, ആദ്യമത്സരത്തില്‍ ഭുവനേശ്വറിനൊഴികെയുള്ള ബൗളര്‍മാര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാനായിട്ടില്ല. യുസ്വേന്ദ്ര ചാഹല്‍, ഉനദ്കട്ട്, ജസ്?പ്രീത് ബുംറ എന്നിവരെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ നേരിട്ടിരുന്നു. 

എ.ബി. ഡിവില്ലിയേഴ്‌സിന്റെയും ഫാഫ് ഡുപ്ലെസിയുടെയും അഭാവം ആതിഥേയ ടീമിനെ ബാധിച്ചിട്ടുണ്ട്. ഒന്നാം മത്സരത്തില്‍ വമ്പന്‍ ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്കുവേണ്ടി റീസ ഹെന്‍ട്രികസിനും ഫെര്‍ഹാന്‍ ബെഹര്‍ഡിയാനും മാത്രമാണ് തിളങ്ങിയത്. ബാക്കിയെല്ലാ താരങ്ങള്‍ക്കും ഭുവനേശ്വര്‍ നയിച്ച ബൗളിങ്ങിനുമുന്നില്‍ അടിതെറ്റി. 

മുന്‍പ് ആറുതവണ ദക്ഷിണാഫ്രിക്ക സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോട്ട് പാര്‍ക്കില്‍ കളിക്കാനിറങ്ങിയിട്ടുണ്ട്. ഇതില്‍ മൂന്നുവീതം തോല്‍വികളും ജയവുമായിരുന്നു ഫലം. എന്നാല്‍, ബുധനാഴ്ച ബാറ്റിങ്ങിനനുകൂലമായ പിച്ചില്‍ ഇന്ത്യന്‍ താരങ്ങളെ പിടിച്ചുകെട്ടാനായില്ലെങ്കില്‍ ആതിഥേയര്‍ക്ക് മത്സരവും പരമ്പരയും സന്ദര്‍ശകര്‍ക്കുമുന്നില്‍ അടിയറവുപറയേണ്ടിവരും. 18 റണ്‍സ് നേടാനായാല്‍ വിരാട് കോലിക്ക് അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ 2000 റണ്‍സ് തികയ്ക്കാനാവും. ബ്രെണ്ടന്‍ മക്കല്ലം, മാര്‍ട്ടിന്‍ ഗപ്ടില്‍ എന്നിവര്‍ മാത്രമാണ് 2000 തികച്ചത്. 

സാധ്യതാ ടീം - ഇന്ത്യ: രോഹിത്, ധവാന്‍, റെയ്ന, കോലി, ധോനി, പാണ്ഡെ, പാണ്ഡ്യ, ബുംറ, ഭുവനേശ്വര്‍, ചാഹല്‍, ഉനദ്കട്ട്. 

ദക്ഷിണാഫ്രിക്ക: സ്മട്സ്, ഹെന്‍ട്രികസ്, ഡുമിനി, മില്ലര്‍, ബെഹര്‍ഡിയന്‍, ക്ലാസന്‍, ഫെഹ്ലുക്ക്വായോ, മോറിസ്, ഡാല, ഷംസി

Content Highlights: India vs South Africa Second T20 Cricket