അപരാജിത സെഞ്ചുറിയുമായി ശ്രേയസ്, രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ


Photo: ANI

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴുവിക്കറ്റിനാണ് ഇന്ത്യ പ്രോട്ടീസിനെ പരാജയപ്പെടുത്തിയത്. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ശ്രേയസ്സ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 93 റണ്‍സെടുത്ത ഇഷാന്‍ കിഷനും മികച്ച പ്രകടനം പുറത്തെടുത്തു.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 45.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമെത്തി. ആദ്യ മത്സരത്തില്‍ പ്രോട്ടീസ് ഒന്‍പത് റണ്‍സിന് വിജയിച്ചിരുന്നു. ഇതോടെ മൂന്നാം ഏകദിനമത്സരം നിര്‍ണായകമായി.279 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. എന്നാല്‍ ധവാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. വെറും 13 റണ്‍സെടുത്ത ധവാനെ ഈ മത്സരത്തിലും വെയ്ന്‍ പാര്‍നല്‍ വീഴ്ത്തി. പാര്‍നലിന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച ധവാന്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ആദ്യ മത്സരത്തിലും ധവാന്‍ പാര്‍നലിന്റെ പന്തില്‍ പുറത്തായിരുന്നു. ധവാന് പകരം ഇഷാന്‍ കിഷനാണ് ക്രീസിലെത്തിയത്. കിഷനും ഗില്ലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

എന്നാല്‍ ടീം സ്‌കോര്‍ 50 എത്തുംമുന്‍പ് ഗില്ലും വീണു. 26 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്ത ഗില്ലിനെ റബാദ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്തായി. ഇതോടെ ഇന്ത്യ അപകടം മണത്തു. ഗില്ലിന് പകരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ശ്രേയസ്സും ഇഷാനും തകര്‍ത്തടിക്കുന്ന കാഴ്ചയ്ക്കാണ് റാഞ്ചി സാക്ഷ്യം വഹിച്ചത്. ഇരുവരും അനായാസം സ്‌കോര്‍ ഉയര്‍ത്തി.

48 റണ്‍സില്‍ നിന്ന് ആരംഭിച്ച കൂട്ടുകെട്ട് ടീം സ്‌കോര്‍ 200 കടത്തി. ഇരുവരും അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. കിഷനായിരുന്നു കൂടുതല്‍ അപകടകാരി. ബൗളര്‍മാരെ കൂസലില്ലാതെ നേരിട്ട കിഷന്‍ സെഞ്ചുറിയിലേക്ക് കുതിക്കുന്ന സമയത്ത് പുറത്തായി. ടീം സ്‌കോര്‍ 209-ല്‍ നില്‍ക്കേ കിഷനെ ഇമാദ് ഫോര്‍ട്യൂയിന്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ കൈയ്യിലെത്തിച്ചു. സെഞ്ചുറിയ്ക്ക് ഏഴുറണ്‍സകലെ കിഷന്‍ വീണു. 84 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും ഏഴ് പടുകൂറ്റന്‍ സിക്‌സിന്റെയും അകമ്പടിയോടെ 93 റണ്‍സെടുത്താണ് താരം മടങ്ങിയത്. ശ്രേയസ്സിനൊപ്പം 155 പന്തുകളില്‍ നിന്ന് 161 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ വിജയമുറപ്പിച്ച് കിഷന്‍ ക്രീസ് വിട്ടു.

കിഷന് പകരം മലയാളി താരം സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. സഞ്ജുവിനെ സാക്ഷിയാക്കി 43-ാം ഓവറില്‍ ശ്രേയസ് അയ്യര്‍ സെഞ്ചുറി നേടി. 103 പന്തുകളില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. താരത്തിന്റെ രണ്ടാം ഏകദിന സെഞ്ചുറി കൂടിയാണിത്. ശ്രേയസ്സിന്റെ ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് റാഞ്ചിയില്‍ പിറന്നത്. പിന്നാലെ സഞ്ജുവും ശ്രേയസ്സും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു. ശ്രേയസ് 111 പന്തുകളില്‍ നിന്ന് 15 ഫോറുകളുടെ അകമ്പടിയോടെ 113 റണ്‍സെടുത്തും സഞ്ജു 36 പന്തുകളില്‍ നിന്ന് 30 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ, ഇമാദ് ഫോര്‍ട്യൂയിന്‍, വെയ്ന്‍ പാര്‍നല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഏഴുവിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ റീസ ഹെന്‍ഡ്രിക്‌സും എയ്ഡന്‍ മാര്‍ക്രവുമാണ് ടീമിന് മാന്യമായ ടോട്ടല്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. 40 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കെ ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റാണ് ആദ്യം വീണത്. വെറും അഞ്ചുറണ്‍സെടുത്ത ഡി കോക്കിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. ഓഫ് സൈഡില്‍ വന്ന പന്ത് നേരിടുന്നതിനിടെ ഡി കോക്കിന്റെ ബാറ്റില്‍ തട്ടി പന്ത് വിക്കറ്റ് പിഴുതു. സ്‌കോര്‍ 40-ല്‍ നില്‍ക്കേ മറ്റൊരു ഓപ്പണറായ ജാനേമാന്‍ മലാനും വീണു. അരങ്ങേറ്റം കുറിച്ച ഷഹബാസ് അഹമ്മദ് മലാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 31 പന്തുകളില്‍ നിന്ന് 25 റണ്‍സ് നേടിയശേഷമാണ് താരം ക്രീസുവിട്ടത്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച റീസ ഹെന്‍ഡ്രിക്‌സും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും 129 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. മികച്ച രീതിയില്‍ ഇരുവരും ബാറ്റിങ് തുടര്‍ന്നതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരന്നു. എന്നാല്‍ മുഹമ്മദ് സിറാജിലൂടെ ഇന്ത്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 76 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 74 റണ്‍സെടുത്ത ഹെന്‍ഡ്രിക്‌സിനെ സിറാജ് ഷഹബാസ് അഹമ്മദിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന ഹെയ്ന്റിച്ച് ക്ലാസന്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ പ്രോട്ടീസ് 200 കടന്നു. 26 പന്തുകളില്‍ നിന്ന് 30 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ ക്ലാസന്റെ ഇന്നിങ്‌സ് പൂര്‍ണതയിലെത്തിയില്ല. ക്ലാസനെ മുഹമ്മദ് സിറാജിന്റെ കൈയ്യിലെത്തിച്ച് കുല്‍ദീപ് യാദവ് ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു. തൊട്ടുപിന്നാലെ ക്രീസില്‍ നിലയുറച്ചുനിന്ന എയ്ഡന്‍ മാര്‍ക്രവും പുറത്തായി. വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ഫോറടിക്കാന്‍ ശ്രമിച്ച മാര്‍ക്രത്തിന്റെ ശ്രമം ശിഖര്‍ ധവാന്‍ കൈയ്യിലൊതുക്കി. 89 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 79 റണ്‍സാണ് താരം നേടിയത്.

പിന്നീട് ക്രീസില്‍ നിലയുറപ്പിക്കാന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. മധ്യഓവറുകളില്‍ നന്നായി കളിച്ചെങ്കിലും അവസാന ഓവറുകളില്‍ വേണ്ടപോലെ സ്‌കോര്‍ ഉയര്‍ത്താന്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. അവസരത്തിനൊത്തുയര്‍ന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ അവസാന ഓവറുകളില്‍ മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഡേവിഡ് മില്ലര്‍ ക്രീസിലെത്തിയെങ്കിലും വെടിക്കെട്ട് ബാറ്റിങ് നടത്താനായില്ല. 16 റണ്‍സെടുത്ത വെയ്ന്‍ പാര്‍നല്‍ 47-ാം ഓവറില്‍ പുറത്തായി. മില്ലറും പാര്‍നലും ചേര്‍ന്നാണ് ടീം സ്‌കോര്‍ 250 കടത്തിയത്. പാര്‍നല്‍ മടങ്ങിയപ്പോള്‍ നായകന്‍ കേശവ് മഹാരാജ് ക്രീസിലെത്തി. എന്നാല്‍ അവസാന ഓവറില്‍ താരത്തെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. വെറും അഞ്ച് റണ്‍സ് മാത്രമാണ് നായകന് നേടാനായത്. പിന്നാലെ വന്ന ഇമാദ് ഫോര്‍ട്യൂയിന്‍ റണ്‍സെടുക്കാതെയും മില്ലര്‍ 34 പന്തുകളില്‍ നിന്ന് 35 റണ്‍സുമായും പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് 10 ഓവറില്‍ ഒരു മെയ്ഡനടക്കം 38 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്തു. വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Updating ...

Content Highlights: india vs south africa, ind vs sa odi, india vs south africa odi, one day match, cricket, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented