ദ്രാവിഡിന്റെ ബൗളിങ്, നാടകീയത; ഓര്‍മയുണ്ടോ വാതുവെയ്പ്പിന്റെ നിഴലിലായ കൊച്ചിയിലെ ആ മത്സരം


അഭിനാഥ് തിരുവലത്ത്

ഒടുവില്‍ 2002 ജൂണ്‍ ഒന്നിന് ജൊഹാനസ്ബര്‍ഗില്‍ നിന്ന് ജോര്‍ജിലേക്കുള്ള യാത്രാമധ്യേ ഹോക്കര്‍ സിഡ്ഡെലി എച്ച് എസ് 748 ടര്‍ബോപ്രോപ് എന്ന വിമാനം തകര്‍ന്ന് വീണ് ഹാന്‍സി ക്രോണ്യയും രണ്ട് പൈലറ്റുമാരും മരണപ്പെടുകയും ചെയ്തു

ഇന്ത്യയ്‌ക്കെതിരേ 2000-ൽ കൊച്ചിയിൽ നടന്ന ഏകദിനത്തിൽ ബാറ്റ് ചെയ്യുന്ന ഹെർഷൽ ഗിബ്‌സും ഗാരി കേർസ്റ്റനും | Photo: Getty Images

നന്തപുരി ഇപ്പോള്‍ ക്രിക്കറ്റ് ആവേശത്തിലാണ്. ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം രാജ്യാന്തര സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കാനിരിക്കെ നാടൊട്ടുക്ക് ക്രിക്കറ്റ് ലഹരിയിലാണ്. ബുധനാഴ്ച വൈകീട്ട് ഏഴുമണിക്കാണ് മത്സരം. ഇതിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്ത്യന്‍ ടീമിനും ദക്ഷിണാഫ്രിക്കന്‍ ടീമിനും ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേരളം ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം കേരളത്തില്‍ ആദ്യമായി എത്തിയത് എന്നാണെന്ന് ഓര്‍ക്കുന്നുണ്ടോ? 2000 മാര്‍ച്ച് ഒമ്പതിന് നടന്ന ഏകദിന മത്സരത്തിനായാണ് പ്രോട്ടീസ് ടീം ആദ്യമായി കേരളത്തില്‍ കാലുകുത്തുന്നത്. പില്‍ക്കാലത്ത് വാതുവെയ്പ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ മത്സരം കൂടിയായിരുന്നു ഇത്. 2000-ല്‍ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കും അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുമായാണ് അന്നത്തെ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തിയത്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു. ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ന് പരാജയപ്പെട്ടു. അതിനു ശേഷമായിരുന്നു ഏകദിന പരമ്പര. പക്ഷേ ഏകദിനത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും അന്ന് ദക്ഷിണാഫ്രിക്കയെ നയിച്ചിരുന്നത് പില്‍ക്കാലത്ത് വാതുവെയ്പ്പ് വിവാദത്തില്‍ അകപ്പെടുകയും ഒരു വിമാനാപകടത്തില്‍ ജീവന്‍ നഷ്ടമാകുകയും ചെയ്ത ഹാന്‍സ് ക്രോണ്യയായിരുന്നു.മാര്‍ച്ച് ഒമ്പതിന് കൊച്ചിയില്‍ നടന്ന ആദ്യ ഏകദിനം സംഭവബഹുലമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ തന്നെ ദക്ഷിണാഫ്രിക്ക ഇന്ത്യയെ വെള്ളം കുടിപ്പിച്ചു. ഇന്ത്യയുടെ മുന്‍ പരിശീലകന്‍ കൂടിയായ ഗാരി കേര്‍സ്റ്റനും ഹെര്‍ഷല്‍ ഗിബ്‌സും സെഞ്ചുറിയുമായി കളംനിറഞ്ഞതോടെ ഒരു വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയ്ക്ക് 40-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. 127 പന്തില്‍ 111 റണ്‍സെടുത്ത ഗിബ്‌സിനെ മടക്കി സുനില്‍ ജോഷിയാണ് 235 റണ്‍സ് നീണ്ട ആ കൂട്ടുകെട്ട് അവസാനിപ്പിച്ചത്. 43-ാം ഓവറില്‍ കേര്‍സ്റ്റനും മടങ്ങി. ആ വിക്കറ്റ് സ്വന്തമാക്കിയത് ആരെന്നോ? ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. അദ്ദേഹം പന്തെടുത്ത ചുരുക്കം ചില മത്സരങ്ങളിലൊന്നായിരുന്നു കൊച്ചിയിലേത്. 43-ാം ഓവറിലെ രണ്ടാം പന്തില്‍ ദ്രാവിഡ്, കേര്‍സ്റ്റനെ അജയ് ജഡേജയുടെ കൈകളിലെത്തിച്ചു. പിന്നാലെ അപകടകാരിയായ ലാന്‍സ് ക്ലൂസ്‌നറെ അക്കൗണ്ട് തുറക്കും മുമ്പ് ഒരു റിട്ടേണ്‍ ക്യാച്ചിലൂടെയും ദ്രാവിഡ് മടക്കി. ജാക്ക് കാലിസ് തകര്‍ത്തടിച്ചതോടെ 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 301 റണ്‍സ്.

302 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്കായി സച്ചിനും ഗാംഗുലിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. ആദ്യ പന്തില്‍ തന്നെ പൊള്ളോക്കിനെ കവര്‍ ഏരിയയിലൂടെ ഒരു ബൗണ്ടറിയടിച്ചാണ് ഗാംഗുലി തുടങ്ങിയത്. അതേ ഓവറിലെ നാലാം പന്ത് എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറിയിലേക്ക്. അഞ്ചാം പന്തും ബൗണ്ടറിയടിച്ച ഗാംഗുലി ഇന്ത്യയുടെ നയം വ്യക്തമാക്കി. സച്ചിനും വെറുതെ നിന്നില്ല. മൂന്നാം ഓവറില്‍ തിരികെയെത്തിയ പൊള്ളോക്കിനെ സച്ചിന്‍ പോയന്റിലൂടെ ബൗണ്ടറി കടത്തി. എന്നാല്‍ ഗാംഗുലി 31 റണ്‍സിലും സച്ചിന്‍ 26 റണ്‍സിലും വീണതോടെ ഇന്ത്യ പതറി. ദ്രാവിഡും (17) പിന്നാലെ സ്ഥാനക്കയറ്റം കിട്ടിയെത്തിയ സുനില്‍ ജോഷിയും (13) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. മുഹമ്മദ് അസ്ഹറുദ്ദീനുമായുള്ള ധാരണപ്പിശകില്‍ ജോഷി റണ്ണൗട്ടാകുകയായിരുന്നു. എങ്കിലും ബാറ്റ് ക്രീസില്‍ കുത്തുന്നതില്‍ ജോഷി കാണിച്ച അലംഭാവമാണ് റണ്ണൗട്ടിന് കാരണമായത്.

പിന്നീടാണ് ഇന്ത്യന്‍ മധ്യനിരയുടെ കരുത്ത് ദക്ഷിണാഫ്രിക്ക തിരിച്ചറിഞ്ഞത്. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് അസ്ഹറുദ്ദീനും അജയ് ജഡേജയും ചേര്‍ന്ന് 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷോണ്‍ പൊള്ളോക്കും നാന്റി ഹെയ്‌വാര്‍ഡും ഹെന്റി വില്യംസും നിക്കി ബോയെയുമെല്ലാം ചേര്‍ന്ന് ശ്രമിച്ചിട്ടും പിരിക്കാനാകാതിരുന്ന ഈ കൂട്ടുകെട്ടിന് ഒടുവില്‍ 33-ാം ഓവര്‍ എറിയാനൊത്തിയ ജാക്ക് കാലിസിനു മുന്നിലാണ് കാലിടറിയത്. 51 പന്തില്‍ 42 റണ്‍സുമായി അസ്ഹര്‍ മടങ്ങുമ്പോള്‍ ഇന്ത്യ 33 ഓവറില്‍ അഞ്ചിന് 180 റണ്‍സ്. ശേഷിക്കുന്ന 102 പന്തില്‍ നിന്ന് ജയിക്കാന്‍ വേണ്ടിയിരുന്നത് 122 റണ്‍സ്.

ഇന്ത്യ കളികൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തില്‍ റോബിന്‍ സിങ്ങിനെ കൂട്ടുപിടിച്ച് ജഡേജ തകര്‍ത്തടിച്ചു. ഇതിനിടെ ജഡേജയുടെ ക്യാച്ച് കൈക്കലാക്കാനുള്ള ഡെറിക് ക്രൂക്ക്‌സിന്റെ ശ്രമത്തിന് കൊച്ചിയിലെ കാണികളില്‍ നിന്ന് നിറഞ്ഞ കൈയടി. പിന്നാലെ വീണ്ടും ജഡേജയുടെ ഒരു അനായാസ ക്യാച്ച് ക്രൂക്ക്‌സ് കൈവിട്ടു. ഇതിനെല്ലാം പിന്നില്‍ ഒത്തുകളിയായിരുന്നുവെന്ന് ഏറെക്കാലം കഴിഞ്ഞാണ് നാം മനസിലാക്കിയത്. 92 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ഒടുവില്‍ ക്രൂക്ക്‌സ് തന്നെയാണ് ജഡേജയെ ക്യാച്ചെടുത്ത് പുറത്താക്കുന്നത്. 48-ാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ സമീര്‍ ഡിഗെയും വീണതോടെ ഇന്ത്യ ഏഴിന് 287 റണ്‍സെന്ന നിലയില്‍. എന്നാല്‍ അനില്‍ കുംബ്ലെയെ കൂട്ടുപിടിച്ച് റോബിന്‍ സിങ് ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചു.

മത്സരത്തിന്റെ അവസാന ഓവര്‍ നാടകീയമായിരുന്നു. പൊള്ളോക്ക് എറിഞ്ഞ അവസാന ഓവറില്‍ എട്ടു റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ റോബിന്‍ സിങ് സിംഗിളെടുത്തു. പൊള്ളോക്കിന്റെ രണ്ടാം പന്ത് നോ ബോള്‍ അല്ലാതിരുന്നിട്ടുകൂടി അമ്പയര്‍ രംഗചാരി വിജയരാഘവന്‍ നോ ബോള്‍ വിളിച്ചതിനെ കമന്റേറ്റര്‍മാര്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. മൂന്നാം പന്ത് കുംബ്ലെയുടെ ബാറ്റില്‍ തട്ടി തേര്‍ഡ്മാന്‍ ബൗണ്ടറിയിലേക്ക്. കാലിസ് പന്ത് ബൗണ്ടറി കടക്കും മുമ്പ് തട്ടിയിട്ടെങ്കിലും അമ്പയര്‍ അത് ബൗണ്ടറിയെന്ന് വിധിയെഴുതിയതോടെ ടീം അംഗങ്ങള്‍ ഡ്രസ്സിങ് റൂമിലേക്ക് ഓടി. പക്ഷേ മത്സരത്തിന്റെ നാടകീയത അപ്പോഴും അവസാനിച്ചിരുന്നില്ല. ആ പന്ത് ബൗണ്ടറി കടന്നില്ലെന്നും അതിനു മുമ്പ് കാലിസ് അത് തട്ടിയകറ്റിയെന്നും തേര്‍ഡ് അമ്പയര്‍ ലളിതേശ്വര്‍ വര്‍മയ്ക്ക് റീപ്ലേയില്‍ വ്യക്തമായതോടെ മാച്ച് റഫറി രാമന്‍ ശുബ്ബ റാവു ഇരു ടീമിന്റെയും ഡ്രസ്സിങ് റൂമുകളിലേക്ക് ഓടി കാര്യം ധരിപ്പിച്ചു. മൂന്ന് പന്തില്‍ ഒരു റണ്‍ കൂടി വേണമായിരുന്നു ഇന്ത്യയ്ക്ക് അപ്പോഴും വിജയത്തിലേക്ക്. മാച്ച് റഫറിയുടെ നിര്‍ദേശം അനുസരിച്ച് ഇരു ടീമും കളത്തിലിറങ്ങി. നാലാം പന്തില്‍ തന്നെ റോബിന്‍ സിങ് സിംഗിളെടുത്ത് ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു.

ഹാന്‍സി ക്രോണ്യ

ആ പര്യടനം തന്നെ ഒത്തുകളിയായിരുന്നു

പരമ്പര അവസാനിച്ചതിനു പിന്നാലെ ആ പര്യടനം തന്നെ സംശയത്തിന്റെ നിഴലിലായി. സഞ്ജീവ് ചൗള എന്ന ബ്രിട്ടീഷ് ഇന്ത്യനായിരുന്നു ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ മുഖ്യ പ്രതി. നീണ്ട നാളത്തെ നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് ഇയാളെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറിയത്. ടെസ്റ്റ് പരമ്പരയിലും കൊച്ചിയില്‍ നടന്ന ആദ്യ ഏകദിനത്തിലും ഒത്തുകളി നടന്നിട്ടുണ്ടെന്ന് തുടക്കത്തില്‍ തന്നെ വ്യക്തമായ തെളിവുകള്‍ ലഭിച്ചു. ടെസ്റ്റ് പരമ്പരയിലെ മുംബൈ ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ ടീം 250 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യില്ലെന്നതായിരുന്നു തീരുമാനം. ഹാന്‍സി ക്രോണ്യയും സഞ്ജീവ് ചൗളയും വാതുവെയ്പ്പുകാരുമായി ധാരണയുണ്ടാക്കിയത് ഇത്തരത്തിലായിരുന്നു എന്നാണ് ഡല്‍ഹി പോലീസ് 13 വര്‍ഷങ്ങള്‍ക്ക് ശേഷം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഹെര്‍ഷെല്‍ ഗിബ്സ്, നിക്കി ബോയെ, പീറ്റര്‍ സ്ട്രിഡോം എന്നീ മൂന്ന് താരങ്ങളും ഒത്തുകളിയില്‍ ഉള്‍പ്പെട്ടിരുന്നു. കൊച്ചിയിലെ മത്സരം നടക്കുന്നതിന്റെ അന്നും (09/03/2000) തലേ ദിവസവും (08/03/2000) കേസില്‍ ഉള്‍പ്പെ്ട ഹമീദ് കാസിമും സഞ്ജീവ് ചൗളയും ഹാന്‍സി ക്രോണ്യയും തമ്മില്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും ലഭിച്ചു. ക്രോണ്യ സഞ്ജീവിനോട് പണം ആവശ്യപ്പെടുന്നതിന്റെയും അത് തരാമെന്ന് സഞ്ജീവ് സമ്മതിക്കുന്നതിന്റെയും ഓഡിയോ രേഖകളും സംഭവം അന്വേഷിച്ച കിങ് കമ്മീഷന് ലഭിച്ചിരുന്നു. മോശം പ്രകടനം നടത്താന്‍ തന്നെ നിരന്തരം വാതുവെയ്പ്പുകാര്‍ നിര്‍ബന്ധിച്ചിരുന്നതായി ക്രോണ്യ തന്നെ നല്‍കിയ മൊഴിയും കിങ് കമ്മീഷന്റെ പക്കലുണ്ടായിരുന്നു. ഇതിനു പിന്നാലെ താരത്തിന് ആജീവനാന്ത വിലക്ക് ലഭിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കന്‍ പരിശീലകനായിരുന്ന കാലത്ത് ബോബ് വൂള്‍മറും ഹാന്‍സി ക്രോണ്യയും

ഒടുവില്‍ 2002 ജൂണ്‍ ഒന്നിന് ജൊഹാനസ്ബര്‍ഗില്‍ നിന്ന് ജോര്‍ജിലേക്കുള്ള യാത്രാമധ്യേ ഹോക്കര്‍ സിഡ്ഡെലി എച്ച് എസ് 748 ടര്‍ബോപ്രോപ് എന്ന വിമാനം തകര്‍ന്ന് വീണ് ഹാന്‍സി ക്രോണ്യയും രണ്ട് പൈലറ്റുമാരും മരണപ്പെടുകയും ചെയ്തു. ക്രോണ്യ മാത്രമായിരുന്നു ആ വിമാനത്തിലെ ഏക യാത്രക്കാരന്‍ എന്നത് കാരണം തന്നെ ആ അപകടം ഇന്നും ദുരൂഹതയുടെ നിഴലിലാണ്. ക്രിക്കറ്റ് വാതുവെപ്പ് സംഘത്തിന്റെ ഉത്തരവനുസരിച്ചാണ് ക്രോണിയെ കൊലപ്പെടുത്തിയതെന്ന ഗൂഢാലോചന സിദ്ധാന്തങ്ങള്‍ അക്കാലത്തുണ്ടായിരുന്നു. പിന്നാലെ 2007 മാര്‍ച്ചില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ബോബ് വൂള്‍മറിന്റെ ദുരൂഹ മരണത്തെ തുടര്‍ന്ന് നോട്ടിംഗ്ഹാംഷെയറിന്റെ മുന്‍ പരിശീലകന്‍ ക്ലൈവ് റൈസ് ഇക്കാര്യം വീണ്ടും സൂചിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlights: india vs South Africa odi in cochin and the Hansie Cronje match fixing scandal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented