കേപ്ടൗണ്‍: വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രേം സ്മിത്ത്. കോലി കൂടുതല്‍ കാലം ഇന്ത്യയുടെ ക്യാപ്റ്റനായി തുടരുമോ എന്ന് തനിക്കുറപ്പില്ലെന്ന് സ്മിത്ത് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടന്ന ഒരു ചാനൽ പരിപാടിയിലാണ് സ്മിത്തിന്റെ പ്രതികരണം.

'നിങ്ങള്‍ക്ക് ലോകത്തെ മികച്ച കളിക്കാരനാകാം. ആ നേട്ടം നിങ്ങള്‍ക്ക് ആസ്വദിക്കുകയും ചെയ്യാം. പക്ഷേ ടീമിലെ സഹതാരങ്ങള്‍ എന്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് അന്വേഷിക്കാന്‍ നമ്മള്‍ ചിലപ്പോള്‍ മറന്നുപോകും. അതുകൊണ്ടുതന്നെ ക്യാപ്റ്റനെന്ന നിലയില്‍ കോലി ടീമംഗങ്ങളെ ഒപ്പം കൂട്ടണം' സ്മിത്ത് വ്യക്തമാക്കി. 

'കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തില്‍ കുറച്ച് മത്സരങ്ങളില്‍ നിന്ന് കോലി വിട്ടുനിന്നിരുന്നു. അതിനുശേഷം മടങ്ങിയെത്തിയ കോലിക്ക് വളരെയധികം സമ്മര്‍ദമുണ്ടായി. മാധ്യമവിചാരണകള്‍ നേരിടേണ്ടിവന്നു. ഇന്ത്യയിലായിരുന്നെങ്കില്‍ കോലിക്ക് ഈ സമ്മര്‍ദങ്ങള്‍ മറികടക്കാനാകുമായിരുന്നു. പക്ഷേ വിദേശത്ത് ടീമിന്റെ ഫോം വീണ്ടെടുക്കാന്‍ നന്നായിതന്നെ കഷ്ടപ്പെടേണ്ടിവരും. കോലിക്ക് ഈ ഭാരം താങ്ങാനാകുമോ? അതോ ഇന്ത്യക്ക് പുതിയ ക്യാപ്റ്റനെ ലഭിക്കുമോ? എനിക്കറിയില്ല' സ്മിത്ത് പറയുന്നു.

ക്രിക്കറ്റിനോടുള്ള കോലിയുടെ തീവ്രമായ ഇഷ്ടം അദ്ദേഹത്തിന് കരിയറില്‍ വ്യക്തിഗത നേട്ടങ്ങളുണ്ടാക്കിക്കൊടുത്തിട്ടുണ്ടെന്നും ആ ഇഷ്ടമാണ് കോലിയില്‍ നിന്ന് മികച്ച പ്രകടനം പുറത്തുവരാന്‍ കാരണമെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി. അതേസമയം ടീമിലെ മറ്റുതാരങ്ങള്‍ക്ക് പ്രചോദനമാകുന്നതില്‍ കോലി പലപ്പോഴും പരാജയപ്പെടാറുണ്ടെന്നും ചില സമയത്തുള്ള കോലിയുടെ നെഗറ്റീവായ പെരുമാറ്റം ടീമിനെ ബാധിക്കാറുണ്ടെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

Content Highlights: India vs South Africa Graeme Smith Raises Big Questions Over Virat Kohli's Leadership Skills