Photo: twitter.com/BCCI
രാജ്കോട്ട്: പരമ്പരയിലെ മൂന്നുമത്സരങ്ങള്‍ കഴിഞ്ഞപ്പോഴും ഇന്ത്യയുടെയും ഋഷഭ് പന്തിന്റെയും അവസ്ഥയില്‍ മാറ്റമൊന്നുമില്ല. അടുത്തമത്സരം ജയിക്കണം, ഇല്ലെങ്കില്‍ പണിപാളും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി 20 ക്രിക്കറ്റിന് ഇന്ന് രാജ്കോട്ടിലെ പിച്ചില്‍ ഇറങ്ങുമ്പോള്‍ ജയമല്ലാതെ മറ്റൊരു സാധ്യതയും ഇന്ത്യയുടെ മുന്നിലില്ല. അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് മുന്നിലാണ് ദക്ഷിണാഫ്രിക്ക. വെള്ളിയാഴ്ച ജയിച്ചാല്‍ അവര്‍ പരമ്പര സ്വന്തമാക്കും. അഞ്ചാംമത്സരത്തിന്റെ ആവേശം ചോരും. മത്സരം വൈകീട്ട് ഏഴുമുതലാണ്.
ആദ്യ രണ്ടുകളികള്‍ തോറ്റെങ്കിലും മൂന്നാമത്തെ മത്സരത്തില്‍ 48 റണ്‍സിന്റെ കൂറ്റന്‍വിജയം നേടിയതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. ഋതുരാജ് ഗെയ്ക്വാദ്- ഇഷാന് കിഷന് ഓപ്പണിങ് സഖ്യം 10 ഓവറില്‍ 97 റണ്‍സടിച്ച് മിന്നുന്ന തുടക്കം നല്‍കിയത് വിജയത്തില്‍ നിര്‍ണായകമായി. പക്ഷേ, പരമ്പരയിലാകെ മധ്യനിര ബാറ്റിങ് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. ക്യാപ്റ്റന്‍ ഋഷഭ് പന്ത് മൂന്നുമത്സരങ്ങളിലുമായി നേടിയത് (29, 5, 6) 40 റണ്‍സ്. ശ്രേയസ് അയ്യര്‍ മോശമായില്ലെങ്കിലും (36, 40, 14) വണ്‍ഡൗണായി സ്ഥാനമുറപ്പിക്കാന്‍ പറ്റുന്ന ഇന്നിങ്സ് വന്നില്ല. ഋതുരാജ്, ശ്രേയസ്, ഇഷാന് എന്നിവര്‍ക്കെല്ലാം ട്വന്റി 20 ലോകകപ്പിനുള്ള സാധ്യതാടീമില്‍ ഇടംപിടിക്കാന്‍ ശേഷിക്കുന്ന രണ്ടുമത്സരങ്ങളും നിര്‍ണായകമാണ്.
ആദ്യ രണ്ടുമത്സരത്തിലും നിറംമങ്ങിയ ബൗളര്‍മാര്‍ ഫോം കണ്ടെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. പ്രത്യേകിച്ച്, പ്രധാന സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. കഴിഞ്ഞ മത്സരത്തില്‍ നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ചാഹല്‍ മൂന്നുവിക്കറ്റ് നേടി. പരമ്പരയില്‍ ഇന്ത്യ ഇതുവരെ ടീമില്‍ മാറ്റംവരുത്തിയിട്ടില്ല. ജയം നിര്‍ണായകമായിരിക്കേ, വെള്ളിയാഴ്ചയും വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. പേസര്‍മാരായ അര്‍ഷ്ദീപ് സിങ്, ഉമ്രാന് മാലിക് എന്നിവരുടെ കാത്തിരിപ്പ് നീളാനാണ് സാധ്യത. തെംബ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്ക ജയത്തോടെ പരമ്പര ഉറപ്പിക്കാനാകും ഇന്ന് ഇറങ്ങുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..