കാര്യവട്ടത്ത് ക്ലാസ്സായി ഇന്ത്യ, ആദ്യ ട്വന്റി 20യില്‍ വിജയം എട്ടുവിക്കറ്റിന്‌


Photo: twitter.com/BCCI

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. സൂര്യകുമാര്‍ 50 റണ്‍സെടുത്തും രാഹുല്‍ 51 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടിന് 106. ഇന്ത്യ 16.4 ഓവറില്‍ രണ്ടിന് 110. അര്‍ഷ്ദീപ് സിങ്ങിനെ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തു.



ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കവും മികച്ചതായിരുന്നില്ല. പെട്ടെന്നുതന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണറും നായകനുമായ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. വെറും രണ്ട് പന്തുകള്‍ മാത്രം നേരിട്ട രോഹിത് റണ്‍സെടുക്കാതെ ക്രീസ് വിട്ടു. കഗിസോ റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി താരം മടങ്ങി.

പിന്നാലെ വന്ന സൂപ്പര്‍താരം വിരാട് കോലിയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. വെറും മൂന്നുറണ്‍സ് മാത്രമെടുത്ത കോലിയെ ആന്റിച്ച് നോര്‍ക്യെ ക്വിന്റണ്‍ ഡികോക്കിന്റെ കൈയ്യിലെത്തിച്ചു. കോലി പുറത്താവുമ്പോള്‍ ഇന്ത്യ 17 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു.

മറുവശത്ത് രാഹുല്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. എന്നാല്‍ കോലിയ്ക്ക് പകരം വന്ന സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ നേടിക്കൊണ്ട് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. 11-ാം ഓവറിലാണ് ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നത്. ചെറിയ വിജയലക്ഷ്യമായിരുന്നിട്ടുപോലും ഇന്ത്യയ്ക്ക് അനായാസം റണ്‍സ് കണ്ടെത്താനായില്ല. സൂര്യകുമാര്‍ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റുവീശിയപ്പോള്‍ രാഹുല്‍ അതീവ ശ്രദ്ധയോടെയാണ് കളിച്ചത്. ഇരുവരും ചേര്‍ന്ന് വൈകാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. സൂര്യകുമാറും രാഹുലും അര്‍ധസെഞ്ചുറി നേടി. ആദ്യം സൂര്യകുമാറാണ് അര്‍ധശതകം നേടിയത്. വെറും 33 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം കുറിച്ചത്. താരത്തിന്റെ എട്ടാം അന്താരാഷ്ട്ര ട്വന്റി 20 അര്‍ധശതകമാണിത്. പിന്നാലെ തകര്‍പ്പന്‍ സിക്‌സടിച്ച് രാഹുല്‍ അര്‍ധസെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചു.

സൂര്യകുമാര്‍ 33 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 50 റണ്‍സെടുത്തും രാഹുല്‍ 56 പന്തുകളില്‍ നിന്ന് രണ്ട് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 51 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. 16.4 ഓവറില്‍ ഇന്ത്യ വിജയം നേടി.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദയും ആന്റിച്ച് നോര്‍ക്യെയും ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ കാത്തിരുന്നത് വമ്പന്‍ തകര്‍ച്ചയാണ്. വെറും ഒന്‍പത് റണ്‍സെടുക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നിലംപൊത്തി. ബുംറയ്ക്കും ഭുവനേശ്വറിനും പകരം ടീമിലിടം നേടിയ അര്‍ഷ്ദീപ് സിങ്ങും ദീപക് ചാഹറും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ പിച്ചിച്ചീന്തി.

ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണറും നായകനുമായ തെംബ ബവൂമയെ പുറത്താക്കി ദീപക് ചാഹറാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അക്കൗണ്ട് തുറക്കുംമുന്‍പേ ബവൂമയെ ദീപക് ചാഹര്‍ ക്ലീന്‍ ബൗള്‍ഡാക്കി. നാല് പന്ത് നേരിട്ട ബവൂമ നിരാശപ്പെടുത്തി. പിന്നീട് അര്‍ഷ്ദീപിന്റെ ഊഴമായിരുന്നു. രണ്ടാം ഓവറില്‍ അര്‍ഷ്ദീപ് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്.

രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ അര്‍ഷ്ദീപ് അപകടകാരിയായ ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റ് പിഴുതു. നാലുപന്തില്‍ നിന്ന് ഒരു റണ്‍ മാത്രമെടുത്ത ഡി കോക്കിന്റെ ബാറ്റിലുരസിയാണ് പന്ത് വിക്കറ്റിലേക്ക് തിരിഞ്ഞത്. പിന്നാലെ വന്ന റിലീ റോസ്സോയെ നിലയുറപ്പിക്കും മുന്‍പ് അര്‍ഷ്ദീപ് പറഞ്ഞയച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ റോസ്സോ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

റോസ്സോയ്ക്ക് പകരമെത്തിയത് അപകടകാരിയായ ഡേവിഡ് മില്ലറാണ്. എന്നാല്‍ മില്ലറെ അതിമനോഹരമായ ഇന്‍സ്വിങ്ങറിലൂടെ അര്‍ഷ്ദീപ് വീഴ്ത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ മില്ലര്‍ ക്ലീന്‍ ബൗള്‍ഡായി പുറത്തായി. ദക്ഷിണാഫ്രിക്കയുടെ വിശ്വസ്തതാരം തലതാഴ്ത്തി ക്രീസ് വിട്ടു. ആ ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങിയ അര്‍ഷ്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ അഭിമാനമായി മാറി.

തൊട്ടടുത്ത ഓവറില്‍ ചാഹര്‍ വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് ഭീഷണിയുയര്‍ത്തി. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ വമ്പനടിയ്ക്ക് പേരുകേട്ട യുവതാരം ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ മടക്കി ചാഹര്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ചാം വിക്കറ്റ് പിഴുതു. നേരിട്ട ആദ്യ പന്തില്‍ തന്നെ സ്റ്റബ്‌സ് അര്‍ഷ്ദീപ് സിങ്ങിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്ക വെറും ഒന്‍പത് റണ്‍സിന് അഞ്ചുവിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. പിന്നീട് ക്രീസിലൊന്നിച്ച എയ്ഡന്‍ മാര്‍ക്രവും ഓള്‍റൗണ്ടര്‍ വെയ്ന്‍ പാര്‍നെലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

മികച്ച ഷോട്ടുകളുമായി കളിച്ച മാര്‍ക്രം ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. പാര്‍നെല്‍ പിന്തുണ നല്‍കി. ഇരുവരും ടീം സ്‌കോര്‍ 40 കടത്തി. എന്നാല്‍ എട്ടാം ഓവറില്‍ മാര്‍ക്രത്തെ മടക്കി ഹര്‍ഷല്‍ പട്ടേല്‍ വീണ്ടും ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയിലേക്ക് തള്ളിയിച്ചു. 24 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 25 റണ്‍സെടുത്ത മാര്‍ക്രത്തെ ഹര്‍ഷല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക 42 ന് ആറ് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

മാര്‍ക്രം മടങ്ങിയതോടെ വെയന്‍ പാര്‍നെല്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. കേശവ് മഹാരാജ് താരത്തിന് പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 68-ല്‍ എത്തിച്ചെങ്കിലും അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 37 പന്തുകളില്‍ നിന്ന് ഓരോ സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 24 റണ്‍സെടുത്ത പാര്‍നെലിനെ അക്ഷര്‍ സൂര്യകുമാര്‍ യാദവിന്റെ കൈയ്യിലെത്തിച്ചു.

പാര്‍നെല്‍ മടങ്ങുമ്പോള്‍ 16-ാം ഓവറിലേക്ക് കളിയെത്തിയിരുന്നു. അവസാന ഓവറുകളില്‍ കേശവ് മഹാരാജ് നടത്തിയ ചെറുത്തുനില്‍പ്പ് ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചു. കേശവിന്റെ ബാറ്റിങ് മികവില്‍ ടീം സ്‌കോര്‍ 100 കടന്നു. 19 ഓവറിലാണ് ടീം മൂന്നക്കം കണ്ടത്. എന്നാല്‍ അവസാന ഓവറില്‍ താരത്തെ ഹര്‍ഷല്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി. 35 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 41 റണ്‍സെടുത്താണ് കേശവ് ക്രീസ് വിട്ടത്. റബാദയും (7) ആന്റിച്ച് നോര്‍ക്യെയും (2) പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്ങ് നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു. ഹര്‍ഷല്‍ പട്ടേലും ദീപക് ചാഹറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

Updating ...

Content Highlights: india vs south africa, indian cricket, trivandrum t20, greenfield stadium, sports news, cricket, ind


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented