കാണ്‍പുര്‍: 'കാവിലെ പാട്ടുമത്സരത്തിന് കാണാം' എന്നുപറയാന്‍ ഇനി മഹേന്ദ്രസിങ് ധോനിക്ക് അവസരമുണ്ടായെന്നുവരില്ല. ക്യാപ്റ്റനെന്നനിലയിലും കളിക്കാരനെന്നനിലയിലും ധോനിയുടെ സ്ഥാനം ഏറ്റവും കൂടുതല്‍ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണിത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയുമായുള്ള അഞ്ചുമത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഞായറാഴ്ച കാണ്‍പുരില്‍ തുടക്കംകുറിക്കുമ്പോള്‍, അത് ധോനിയുടെ കരിയറിലേക്കുള്ള ചൂണ്ടുപലകകൂടിയാകും.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സുദീര്‍ഘപരമ്പരയുടെ രണ്ടാം ഘട്ടമാണ് ഞായറാഴ്ച തുടങ്ങുക. ആദ്യഘട്ടം ട്വന്റി 20 പരമ്പരയായിരുന്നു. അതില്‍ ഇന്ത്യ 2-0ന് തോറ്റു. അടുത്തത് ടെസ്റ്റ് പരമ്പരയാണ്. അതില്‍ ധോനി കളിക്കുന്നുമില്ല. ഫലത്തില്‍, അടുത്തവര്‍ഷമാദ്യം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ് വരെ ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ധോനിക്ക് ഈ പരമ്പര സ്വന്തമാക്കിയേ തീരൂ.

അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ബംഗ്ലാദേശിനെതിരെ ചരിത്രത്തിലെ ആദ്യ പരമ്പരതോല്‍വിക്കുശേഷമുള്ള തിരിച്ചുവരവാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിനോട് തോറ്റതോടെ ഏകദിന ടീം റാങ്കിങ്ങില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. സ്വന്തം നാട്ടിലാണ് മത്സരമെന്നതും പരമ്പര നടക്കുന്ന ഗ്രൗണ്ടുകള്‍ ഇന്ത്യക്ക് നല്ല റെക്കോഡുള്ളവയാണെന്നതും പ്രതീക്ഷപകരുന്നു.

വിരാട് കോലി ഫോമിലേക്ക് ഉയരുമോ എന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്ന മറ്റൊരുകാര്യം. ലോകകപ്പുള്‍പ്പെടെ കഴിഞ്ഞ പത്ത് ഇന്നിങ്‌സുകളിലായി ഒരു അര്‍ധശതകംപോലും കടക്കാന്‍ കോലിക്കായിട്ടില്ല. ബംഗ്ലാദേശിനെതിരെപ്പോലും മൂന്ന് മത്സരങ്ങളില്‍ നേടിയത് 49 റണ്‍സ് മാത്രം. ബൗളര്‍മാരും പരിക്ഷീണരാണ്. ബംഗ്ലാദേശില്‍ മോഹിത്, ഉമേഷ്, ഭുവനേശ്വര്‍ എന്നിവര്‍ ചേര്‍ന്ന് നേടിയത് അഞ്ച് വിക്കറ്റുകള്‍ മാത്രം. ഇന്ത്യന്‍ ബൗളിങ്ങിന്റെ ബലഹീനത ട്വന്റി 20 മത്സരത്തിലും പ്രകടമായി.

ഇന്ത്യയുടെ അതേ പാതയിലൂടെ തന്നെയാണ് ദക്ഷിണാഫ്രിക്കയുടെയും വരവ്. ഇന്ത്യക്കുമുന്‍പേ ബംഗ്ലാദേശിനോട് പരമ്പരതോറ്റ ടീമാണ് അവരുടേത്. അവരുടെ വിശ്വസ്തന്‍ ഹാഷിം അംലയുടെ സ്ഥിതിയും വളരെ മോശമാണ്. കഴിഞ്ഞ ഏഴ് ഇന്നിങ്‌സുകളിലായി അംലയ്ക്കും ഒരു അര്‍ധസെഞ്ച്വറി കണ്ടെത്താനായിട്ടില്ല.

14-ന് ഇന്‍ഡോറിലും 18-ന് രാജ്‌കോട്ടിലും 22-ന് ചെന്നൈയിലും 25-ന് വാംഖഡെയിലുമാണ് പരമ്പരയിലെ ഏകദിനമത്സരങ്ങള്‍. പരമ്പരയിലെ ഏക പകല്‍മാത്ര മത്സരമാണ് കാണ്‍പുരിലേത്. രാവിലെ ഒമ്പത് മണിക്ക് മത്സരം ആരംഭിക്കും.

സാധ്യതാ ടീമുകള്‍ ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, എം.എസ്. ധോനി (ക്യാപ്റ്റന്‍), അംബാട്ടി റായുഡു, സുരേഷ് റെയ്‌ന, അക്ഷര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, ഉമേഷ് യാദവ്.
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, ഹാഷിം അംല, ഫാഫ് ഡുപ്ലെസി, എ.ബി. ഡിവില്ലിയേഴ്‌സ് (ക്യാപ്റ്റന്‍), ജെ.പി. ഡുമിനി, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ഡെയ്ല്‍ സ്റ്റെയ്ന്‍, മോണി മോര്‍ക്കല്‍, കഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍.