പോര്‍ട്ട് എലിസബത്ത്: അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്തി കോഹ്‌ലിയും സംഘവും ചരിത്രമെഴുതി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. 73 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.  ടോസ് നഷ്ടപ്പെട്ട് ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 42.2 ഓവറില്‍ 201 റണ്‍സിലവസാനിച്ചു.

ജെ.പി. ഡുമിനി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ദക്ഷിണാഫ്രിക്കയെ തളയ്ക്കുന്നതില്‍ നിര്‍ണായക പ്രകടനം നടത്തിയത് കുല്‍ദീപ് യാദവ്- യുസ്വേന്ദ്ര ചാഹല്‍ സഖ്യമാണ്. കുല്‍ദീപ് യാദവ് 10 ഓവറില്‍ 57 റണ്‍സ് വഴങ്ങി നാലും ചാഹല്‍ 9.2 ഓവറില്‍ 43 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. പാണ്ഡ്യ ഒന്‍പത് ഓവറില്‍ 30 റണ്‍സിന് രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ബുംമ്ര ഒരു വിക്കറ്റ് നേടി.

ഓപ്പണര്‍ രോഹിത് ശര്‍മയുടെ പതിനേഴാം ഏകദിന സെഞ്ചുറിയുടെ ബലത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 274 റണ്‍സ് നേടിയത്. രോഹിത് ശര്‍മയ്ക്കൊഴികെ മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്കൊന്നും ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിനെ കാര്യമായി ചെറുക്കാന്‍ കഴിഞ്ഞില്ല. 36 റണ്‍സെടുത്ത വിരാട് കോലിയാണ് റണ്‍വേട്ടയില്‍ രണ്ടാമന്‍. ശിഖര്‍ ധവാന്‍ 34 ഉം ശ്രേയസ് അയ്യര്‍ 30 ഉം റണ്‍സെടുത്തു. മറ്റുള്ളവരെല്ലാം നിസാര സ്‌കോറിനാണ് പുറത്തായത്. രഹാനെ എട്ടും ധോനി പതിമൂന്നും ഭുവനേശ്വര്‍ കുമാര്‍ പത്തൊന്‍പതും റണ്‍സാണ് നേടിയത്.

ഒരുവേള രോഹിത് ശര്‍മയുടെ കരുത്തില്‍ മികച്ച സ്‌കോറിലേയ്ക്ക് കുതിച്ച ഇന്ത്യയെ തടഞ്ഞത് ഒന്‍പത് ഓവറില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ലുങ്കിയാണ്. റബാഡ ഒരു വിക്കറ്റ് വീഴ്ത്തി. പരമ്പരയില്‍ ആദ്യമായി ഫോം കണ്ടെത്തിയ രോഹിത് ശര്‍മ 107 പന്തില്‍ നിന്നാണ് സെഞ്ചുറി തികച്ചത്. രോഹിതിന്റെ പതിനേഴാം ഏകദിന സെഞ്ചുറിയാണിത്.

മറുവശത്ത് ഇന്ത്യന്‍ ബൗളര്‍മാരുടെ ആക്രമണം ചെറുത്ത് ടീമിനെ രക്ഷിക്കാന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം (40 പന്തില്‍ 32), ഡേവിഡ് മില്ലര്‍ (56 പന്തില്‍ 36) എന്നിവര്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.

ontent Highlights: India vs South Africa Fifth ODI