സെഞ്ചൂറിയന്‍: രണ്ടാം ടെസ്റ്റില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍. അതിഥേയരുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പക്വതയോടെ ബാറ്റ് വീശിയെങ്കിലും ആദ്യദിനത്തിലെ അവസാന സെക്ഷനില്‍ തുടരെത്തുടരെ വിക്കറ്റെടുത്താണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 77 പന്ത് നേരിട്ട് 24 റണ്‍സോടെ ക്യാപ്റ്റന്‍ ഡുപ്ലെസിസും 23 പന്തില്‍നിന്ന് 10 റണ്‍സ് നേടിയ മഹാരാജുമാണ് ക്രീസില്‍. 

മൂന്ന് വിക്കറ്റ് പിഴുതെടുത്ത അശ്വിനാണ് ആദ്യ ദിനം ഇന്ത്യന്‍ ബൗളിങ്ങില്‍ മികവ് കാട്ടിയത്. എല്‍ഗറും മാര്‍ക്രവും ചേര്‍ന്ന് 85 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് നല്‍കിയത്. 83 പന്തില്‍നിന്ന് 31 റണ്‍സെടുത്ത എല്‍ഗറിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. മികച്ച രീതിയില്‍ ഇന്ത്യന്‍ പേസ് പടയെ നേരിട്ട മാര്‍ക്രത്തിന് ആറ് റണ്‍സ് അകലെയാണ് സെഞ്ച്വറി നഷ്ടമായത് (150 പന്തില്‍ 94 റണ്‍സ്), ഇരുവരെയും അശ്വിനാണ് മടക്കിയത്. പിന്നീടെത്തിയ ഡിവില്ല്യേഴ്‌സിനെ ഇഷാന്ത് ശര്‍മയാണ് പുറത്താക്കിയത്. 

ഒരു ഘട്ടത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ രണ്ട് അപ്രതീക്ഷിത റണ്‍ഔട്ടാണ് പ്രതിസന്ധിയിലാക്കിയത്. 82 റണ്‍സ് നേടിയ അംലയെ പാണ്ഡ്യ റണ്ണൗട്ടാക്കുകയായുന്നു. ഫിലാന്‍ഡറിനെ പാര്‍ഥിവ് പട്ടേലും റണ്ണൗട്ടാക്കി. നേരിട്ട ആദ്യ പന്തില്‍ തന്നെ ഡീകോക്കിനെ കോലിയുടെ കൈകളിലെത്തിച്ച് അശ്വിന്‍ മൂന്നാമത്തെ വിക്കറ്റും സ്വന്തമാക്കി. 

ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുലും ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മ്മയും വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്‍ത്ഥിവ് പട്ടേലും ടീമില്‍ ഇടംപിടിച്ചിരുന്നു. അതേസമയം രഹാനെ രണ്ടാം ടെസ്റ്റിലും സൈഡ് ബെഞ്ചിലാണ്. പരിക്കേറ്റ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്. ഈ ടെസ്റ്റില്‍ വിജയിക്കുകയോ സമനിലയോ നേടിയില്ലെങ്കില്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും.

Content Highlights: India vs South Africa Centurion Test Cricket