നിര്‍ണായക മത്സരത്തില്‍ 'ആവേശ' ജയം; പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ


Published:

Updated:

Photo: twitter.com/BCCI

രാജ്കോട്ട്: ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 16.5 ഓവറില്‍ 87 റണ്‍സിലൊതുക്കിയ ഇന്ത്യ 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ജയത്തോടെ പരമ്പര 2-2ന് സമനിലയിലായി. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.

നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര പ്രതിരോധത്തിലായി. ചാഹല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. കളിക്കിടെ രണ്ടു തവണ പന്ത് ദേഹത്ത് തട്ടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ നാലാം ഓവറില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. ഭുവനേശ്വര്‍ കുമാറിന്റെയും ആവേശ് ഖാന്റെയും പന്തുകള്‍ താരത്തിന്റെ ദേഹത്ത് തട്ടിയിരുന്നു. തൊട്ടടുത്ത ഓവറില്‍ ഡ്വെയ്ന്‍ പ്രെറ്റോറിയസുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് ക്വിന്റണ്‍ ഡിക്കോക്ക് (14) റണ്ണൗട്ടായതോടെ പ്രോട്ടീസിന്റെ തകര്‍ച്ച തുടങ്ങി.

ഡിക്കോക്കിനു പിന്നാലെ പ്രെറ്റോറിയസിനെ (0) ആവേശ് ഖാന്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ഹെന്റിച്ച് ക്ലാസനെ (8) നിലയുറപ്പിക്കും മുമ്പ് ചാഹല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. അപകടകാരിയായ ഡേവിഡ് മില്ലറുടെ (9) കുറ്റിതെറിപ്പിച്ച് ഹര്‍ഷല്‍ പട്ടേല്‍ പ്രോട്ടീസിന് അടുത്ത തിരിച്ചടി സമ്മാനിച്ചു. 20 റണ്‍സെടുത്ത റാസ്സി വാന്‍ഡെര്‍ ദസ്സനും മടങ്ങിയതോടെ പ്രോട്ടീസിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. മാര്‍ക്കോ യാന്‍സന്‍ (12), കേശവ് മഹാരാജ് (0), ആന്റിച്ച് നോര്‍ക്യ (1), ലുങ്കി എന്‍ഗിഡി (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുക്കേണ്ടി വന്ന ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു. മുന്‍നിര പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹാര്‍ദിക് പാണ്ഡ്യ - ദിനേഷ് കാര്‍ത്തിക്ക് സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയ 65 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. 27 പന്തില്‍ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 55 റണ്‍സെടുത്ത കാര്‍ത്തിക്ക് അവസാന ഓവറിലാണ് പുറത്തായത്. ഇന്ത്യയുടെ ടോപ് സ്‌കോററും കാര്‍ത്തിക്കാണ്. 31 പന്തുകള്‍ നേരിട്ട പാണ്ഡ്യ മൂന്ന് വീതം സിക്സും ഫോറുമടക്കം 46 റണ്‍സെടുത്തു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഏഴു പന്തില്‍ നിന്ന് അഞ്ചു റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ്, ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ പുറത്ത്. തൊട്ടടുത്ത ഓവറില്‍ ശ്രേയസ് അയ്യരെ (4) വിക്കറ്റിന് മുന്നില്‍ കുടുക്കി മാര്‍ക്കോ യാന്‍സന്‍ ഇന്ത്യയെ ഞെട്ടിച്ചു. ഇതിനിടെ റണ്‍സ് സ്‌കോര്‍ ചെയ്യാനായത് ഇഷാന്‍ കിഷന് മാത്രമായിരുന്നു. പവര്‍പ്ലേയില്‍ കണിശതയോടെ പന്തെറിഞ്ഞ പ്രോട്ടീസ് ബൗളര്‍മാര്‍ക്കെതികേ കിഷന്‍ ഒരു സിക്സും മൂന്ന് ഫോറും നേടി. ഒടുവില്‍ 26 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത കിഷനെ പവര്‍പ്ലേ ഓവറുകള്‍ അവസാനിച്ച ശേഷമുള്ള ആദ്യ പന്തില്‍ തന്നെ ആന്റിച്ച് നോര്‍ക്യ മടക്കി. ഇതോടെ ഇന്ത്യ മൂന്നിന് 40 റണ്‍സെന്ന നിലയിലായി.

പിന്നാലെ ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ഋഷഭ് പന്ത് - ഹാര്‍ദിക് പാണ്ഡ്യ സഖ്യം പ്രോട്ടീസ് ബൗളര്‍മാര്‍ക്കെതിരേ സ്‌കോര്‍ ചെയ്യാന്‍ നന്നേ ബുദ്ധിമുട്ടി. നാലാം വിക്കറ്റില്‍ സാവധാനം 41 റണ്‍സ് സ്‌കോര്‍ ചെയ്ത ഈ സഖ്യം 13-ാം ഓവറിലാണ് പിരിഞ്ഞത്. 23 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത പന്തിനെ ഇത്തവണയും പ്രോട്ടീസ് ഓഫ്സൈഡ് കെണിയില്‍ വീഴ്ത്തി. ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന കേശവ് മഹാരാജിന്റെ പന്ത് കളിക്കാനുള്ള പന്തിന്റെ ശ്രമം പ്രെറ്റോറിയസിന്റെ ക്യാച്ചില്‍ അവസാനിച്ചു.

പിന്നാലെ ക്രീസില്‍ ഒന്നിച്ച പാണ്ഡ്യ - ദിനേഷ് കാര്‍ത്തിക്ക് സഖ്യമാണ് ഇന്ത്യന്‍ കാണികള്‍ക്ക് മത്സരത്തില്‍ ആഹ്ലാദിക്കാനുള്ള വക നല്‍കിയത്. മൂന്നാം ട്വന്റി20 വിജയിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങിയത്.

Content Highlights: India vs South Africa 4th t20 Live Score

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


UDAIPUR MURDER

1 min

ഉദയ്പൂര്‍ കൊലപാതകം: കോടതി പരിസരത്ത് പ്രതികളെ വളഞ്ഞിട്ട് ആക്രമിച്ച് ജനക്കൂട്ടം | VIDEO

Jul 2, 2022

Most Commented