ന്യൂലാന്‍ഡ്‌സ്: പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക. കേപ്ടൗണില്‍ ഏഴു വിക്കറ്റ് ജയത്തോടെ മത്സരവും പരമ്പരയും (2-1) ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ടെസ്റ്റ് 113 റണ്‍സിന് ജയിച്ച ഇന്ത്യ, ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു.

കേപ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു.

സ്‌കോര്‍: ഇന്ത്യ - 10/223, 10/198, ദക്ഷിണാഫ്രിക്ക - 10/210, 3/212.

അര്‍ധ സെഞ്ചുറി നേടിയ കീഗന്‍ പീറ്റേഴ്സനാണ് നാലാം ദിനം ഇന്ത്യന്‍ പ്രതീക്ഷ തകര്‍ത്തത്. 113 പന്തില്‍ നിന്ന് 82 റണ്‍സെടുത്താണ് പീറ്റേഴ്സണ്‍ മടങ്ങിയത്.

41 റണ്‍സുമായി റാസ്സി വാന്‍ഡെര്‍ ദസ്സനും 32 റണ്‍സുമായി ടെംബ ബവുമയും പുറത്താകാതെ നിന്നു. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (16), നായകന്‍ ഡീന്‍ എള്‍ഗാര്‍ (30) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിനിടെ രണ്ടു തവണ ഡിആര്‍എസ് സംബന്ധിച്ച് വിവാദമുണ്ടാകുകയും ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നതിനിടെ 21-ാം ഓവറിലായിരുന്നു ആദ്യ സംഭവം. ആര്‍.അശ്വിന്റെ പന്തില്‍ എല്‍ഗാറിനെതിരെയുള്ള എല്‍ബിഡബ്ല്യു അപ്പീലില്‍ ഫീല്‍ഡ് അമ്പയര്‍ മാറായിസ് എറാസ്മസ് ശരിവെച്ചെങ്കിലും ഈ തീരുമാനം ഡിആര്‍എസിലൂടെ തിരുത്തപ്പെടുകയായിരുന്നു. ക്യാപ്റ്റന്‍ കോലി ഉള്‍പ്പെടെയുള്ളവര്‍ കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ നടത്തിയത്.

പിന്നാലെ 37-ാം ഓവറിലായിരുന്നു അടുത്ത സംഭവം. മുഹമ്മദ് ഷമിയുടെ പന്തില്‍ ദസ്സനെ ക്യാച്ചെടുത്തതായി ഇന്ത്യന്‍ താരങ്ങളുടെ അപ്പീലുയര്‍ന്നു. പക്ഷേ ഫീല്‍ഡ് അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. ക്യാപ്റ്റന്‍ കോലി ഉടന്‍ തന്നെ റിവ്യു എടുത്തു. 

റീപ്ലേയില്‍ പന്ത് ബാറ്റ് കടക്കുമ്പോള്‍ സ്നിക്കോ മീറ്ററില്‍ സ്പൈക്ക് കാണിച്ചെങ്കിലും അതേസമയം തന്നെ ദസ്സന്റെ ബാറ്റ് നിലത്തുരയുന്നതും കാണാമായിരുന്നു. ഇതോടെ കൃത്യമായ തീരുമാനമെടുക്കാന്‍ സാധിക്കാതെ തേര്‍ഡ് അമ്പയര്‍ ഫീല്‍ഡ് അമ്പയറോട് തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനാവശ്യപ്പെടുകയായിരുന്നു. 

ഇതോടെ കോലി തന്റെ അമര്‍ഷം പ്രകടിപ്പിച്ചു. ആദ്യം ഫീല്‍ഡ് അമ്പയര്‍ എറാസ്മസിനോട് എന്തോ പറഞ്ഞ കോലി ദസ്സനോടും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി.

നേരത്തെ രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഋഷഭ് പന്താണ് ഇന്ത്യയുടെ നെടുംതൂണായത്. 139 പന്തില്‍ ആറു ഫോറും നാല് സിക്സും സഹിതം 100 റണ്‍സോടെ ഋഷഭ് പുറത്താകാതെ നിന്നു.

കെ.എല്‍ രാഹുല്‍ (10), മായങ്ക് അഗര്‍വാള്‍ (7), ചേതേശ്വര്‍ പൂജാര (9), അജിങ്ക്യ രഹാനെ (1), ആര്‍. അശ്വിന്‍ (7) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി.

Content Highlights: india vs south africa 3rd test day 4