റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഇന്ത്യക്ക് വിജയിക്കാം. അതേസമയം ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 203 റണ്‍സ് കൂടി വേണം. 

ഫോളോ ഓണ്‍ വഴങ്ങി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. പിന്നീട് തിരിച്ചുവരാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണു. 16 റണ്‍സെടുത്ത് നില്‍ക്കെ പരിക്കേറ്റ് ഓപ്പണര്‍ എല്‍ഗര്‍ പുറത്തായതും തിരിച്ചടിയായി. ഇന്ത്യക്കായി ഓപ്പണര്‍ മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് രണ്ട് വിക്കറ്റെടുത്തു.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 497 റണ്‍സ് പിന്തുടര്‍ന്ന സന്ദര്‍ശകര്‍ ഒന്നാമിന്നിങ്‌സില്‍ 162 റണ്‍സിന് പുറത്തായി. പിന്നാലെ ഇന്ത്യ സന്ദര്‍ശകരെ ഫോളോഓണിനയക്കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 335 റണ്‍സ് ലീഡാണ് ഇന്ത്യ നേടിയത്.

India vs South Africa, 3rd Test day 3

ദക്ഷിണാഫ്രിക്കയെ ഒന്നാമിന്നിങ്‌സില്‍ ചെറിയ സ്‌കോറിനൊതുക്കിയത് ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമാണ്. ഉമേഷ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. ഷമി, ജഡേജ, ഷഹബാസ് നദീം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സുബെയ്ര് ഹംസ (62), ടെംബ ബവുമ (32), ജോര്‍ജ് ലിന്‍ഡെ (37) എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ അല്‍പ്പമെങ്കിലും പ്രതിരോധിക്കാനായത്.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും ഷഹബാസ് നദീമും ചേര്‍ന്നാണ് പ്രതിരോധത്തിലാക്കിയത്. ഇരുവരുടെയും പന്തുകള്‍ മനസിലാക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ കഷ്ടപ്പെട്ടു.

India vs South Africa, 3rd Test day 3
Image Courtesy: BCCI

മൂന്നാം ദിനത്തിലെ തുടക്കത്തില്‍ തന്നെ ഉമേഷ് യാദവ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ (1) കുറ്റി തെറിപ്പിച്ചു. പിന്നാലെ സുബെയ്ര് ഹംസയും (62), ടെംബ ബവുമയും (32) ചേര്‍ന്ന് നാലാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഹംസയെ ജഡേജ മടക്കിയപ്പോള്‍ ബവുമയെ നദീം പുറത്താക്കി. പിന്നാലെ ഹെന്റിക് ക്ലാസനും (6) പുറത്തായി.

ഡീന്‍ എല്‍ഗര്‍ (0), ഡിക്കോക്ക് (4), ഡെയ്ന്‍ പിഡെറ്റ് (4), കഗിസോ റബാഡ (0), ആന്റിച്ച് നോര്‍ഹെ (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

India vs South Africa, 3rd Test day 3
Image Courtesy: BCCI

നേരത്തെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും സെഞ്ചുറി സ്വന്തമാക്കിയ അജിങ്ക്യ രഹാനെയുടെയും മികവില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 497 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. രോഹിത് 212 റണ്‍സും രഹാനെ 115 റണ്‍സുമെടുത്തു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് രഹാനെ ഇന്ത്യയില്‍ സെഞ്ചുറി നേടുന്നത്. 10 പന്തില്‍ അഞ്ച് സിക്‌സറുകള്‍ സഹിതം 31 റണ്‍സെടുത്ത് ഉമേഷ് യാദവ് റണ്‍റേറ്റ് ഉയര്‍ത്തി. രവീന്ദ്ര ജഡേജ 51 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ജോര്‍ജ് ലിന്‍ഡ് നാല് വിക്കറ്റും കഗിസോ റബാദ മൂന്ന് വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഈ പരമ്പരയിലൂടെ ടെസ്റ്റ് ഓപ്പണറായി അരങ്ങേറ്റം കുറിച്ച രോഹിത് ശര്‍മ റാഞ്ചിയില്‍ ഇരട്ടസെഞ്ചുറിയോടെ ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ (212) കണ്ടെത്തി. മൂന്നിന് 224 എന്ന നിലയില്‍ ഞായറാഴ്ച ബാറ്റിങ് തുടര്‍ന്ന രോഹിത് - രഹാനെ സഖ്യം 306 റണ്‍സില്‍വെച്ചാണ് പിരിഞ്ഞത്. നാലാം വിക്കറ്റില്‍ ഇവര്‍ 267 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തു.

192 പന്തില്‍ 17 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 115 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ആദ്യം മടങ്ങിയത്. ടെസ്റ്റില്‍ രഹാനെയുടെ 11-ാം സെഞ്ചുറിയായിരുന്നു ഇത്.

Content Highlights: India vs South Africa, 3rd Test day 3