Photo: twitter.com/BCCI
വിശാഖപട്ടണം:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് വിജയം. 48 റണ്‍സിനാണ് ഇന്ത്യ പ്രോട്ടീസിനെ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി.
ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ പ്രതീക്ഷ കാത്തു. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്‌വാദും ഇഷാന്‍ കിഷനും നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലും മൂന്നുവിക്കറ്റെടുത്ത ചാഹലുമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
180 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക കരുതലോടെയാണ് കളിയാരംഭിച്ചത്. എന്നാല്‍ നാലാം ഓവറിലെ അവസാന പന്തില്‍ ഓപ്പണറും നായകനുമായ തെംബ ബവൂമയെ വീഴ്ത്തി അക്ഷര്‍ പട്ടേല്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി നല്‍കി. 10 പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമെടുത്ത ബവൂമയെ അക്ഷര്‍ പട്ടേല്‍ ആവേശ് ഖാന്റെ കൈയ്യിലെത്തിച്ചു. ബവൂമ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്ക നാലോവറില്‍ 23 റണ്‍സ് മാത്രമാണ് നേടിയത്.
ബവൂമയ്ക്ക് പകരം റീസ ഹെന്‍ഡ്രിക്‌സിന് കൂട്ടായി ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ പ്രിട്ടോറിയസ് ക്രീസിലെത്തി. ചാഹല്‍ ചെയ്ത അഞ്ചാം ഓവറില്‍ ഹെന്‍ഡ്രിക്‌സിന്റെ ക്യാച്ച് ഋഷഭ് പന്ത് പാഴാക്കി. എന്നാല്‍ ആറാം ഓവറിലെ അവസാന പന്തില്‍ ഹെന്‍ഡ്രിക്‌സ് പുറത്തായി.
20 പന്തുകളില്‍ നിന്ന് 23 റണ്‍സെടുത്ത ഹെന്‍ഡ്രിക്‌സിനെ ഹര്‍ഷല്‍ പട്ടേല്‍ ചാഹലിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന റാസി വാന്‍ ഡെര്‍ ഡ്യൂസനെ പെട്ടെന്ന് മടക്കി ചാഹല്‍ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. വെറും ഒരു റണ്‍ മാത്രമെടുത്ത ഡ്യൂസനെ മികച്ച ക്യാച്ചിലൂടെ ഋഷഭ് പന്ത് പുറത്താക്കി. ഇതോടെ ദക്ഷിണാഫ്രിക്ക 40 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
പിന്നീട് ക്രീസിലെത്തിയത് കഴിഞ്ഞ മത്സരത്തിലെ ഹീറോ ഹെന്റിച്ച് ക്ലാസനാണ്. ക്ലാസനെ കൂട്ടിപിടിച്ച് പ്രിട്ടോറിയസ് ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ ചാഹലിന്റെ തിരിയുന്ന പന്തുകള്‍ക്ക് മുന്നില്‍ പ്രിട്ടോറിയസും വീണു. 16 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത പ്രിട്ടോറിയസിനെ ചാഹല്‍ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക 57 റണ്‍സിന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
അഞ്ചാം വിക്കറ്റില്‍ ഡേവിഡ് മില്ലര്‍ ക്ലാസന് കൂട്ടായെത്തി. മികച്ച ഫോമില്‍ കളിക്കുന്ന മില്ലര്‍ക്കും അടിതെറ്റി. മികച്ച സ്ലോ ബോളിലൂടെ മില്ലറെ ഹര്‍ഷല്‍ പട്ടേല്‍ കുടുക്കി. വെറും മൂന്ന് റണ്‍സ് മാത്രമെടുത്ത മില്ലറെ ഹര്‍ഷല്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക അഞ്ചുവിക്കറ്റിന് 71 റണ്‍സ് എന്ന നിലയിലായി. മില്ലര്‍ക്ക് പകരം വെയ്ന്‍ പാര്‍നെല്‍ വന്നു. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ക്ലാസന്‍ പിടിച്ചുനിന്ന് ടീം സ്‌കോര്‍ ഉയര്‍ത്തി. പക്ഷേ 15-ാം ഓവറില്‍ ക്ലാസനും വീണു.
24 പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്ത ക്ലാസനെ ചാഹല്‍ അക്ഷര്‍ പട്ടേലിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യന്‍ ക്യാമ്പില്‍ വിജയപ്രതീക്ഷ വന്നു. പുതുതായി വന്ന കഗിസോ റബാദയെ (9) ഹര്‍ഷല്‍ പട്ടേല്‍ ചാഹലിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ വിജയമുറപ്പിച്ചു. പിന്നാലെ വന്ന കേശവ് മഹാരാജ് (11), ആന്റിച്ച് നോര്‍ക്യെ (0), തബ്‌റൈസ് ഷംസി (0) എന്നിവര്‍ അതിവേഗം കൂടാരം കയറി. പാര്‍നെല്‍ 22 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ നാലുവിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്‌വാദും ഇഷാന്‍ കിഷനുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യ 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് തോന്നിച്ചെങ്കിലും മധ്യനിര ബാറ്റര്‍മാര്‍ നിറംമങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ഋതുരാജ് ഗെയ്ക്‌വാദും ചേര്‍ന്ന് നല്‍കിയത്. ഇന്ത്യന്‍ ജഴ്‌സിയില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ഋതുരാജ് തകര്‍പ്പന്‍ ഷോട്ടുകളുമായി കളംനിറഞ്ഞു. കിഷനെ കാഴ്ചക്കാരനാക്കി ഋതുരാജ് അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. വെറും 30 പന്തുകളില്‍ നിന്ന് താരം അര്‍ധസെഞ്ചുറി കുറിക്കുകയും ചെയ്തു. ഋതുരാജിന്റെ ആദ്യ അന്താരാഷ്ട്ര അര്‍ധസെഞ്ചുറിയാണിത്.
എന്നാല്‍ ടീം സ്‌കോര്‍ 97-ല്‍ നില്‍ക്കേ ഋതുരാജിനെ മടക്കി കേശവ് മഹാരാജ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു. സ്വന്തം പന്തില്‍ മഹാരാജ് ഋതുരാജിനെ ക്യാച്ചെടുത്ത് പുറത്താക്കി. 35 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 57 റണ്‍സെടുത്ത ശേഷമാണ് ഋതുരാജ് ക്രീസ് വിട്ടത്. ഓപ്പണിങ് വിക്കറ്റില്‍ ഇഷാന്‍ കിഷനൊപ്പം 97 റണ്‍സ് താരം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ഋതുരാജിന് പകരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തി. 10.5 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. ഋതുരാജിന് പകരം ഇഷാന്‍ കിഷന്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. 31 പന്തുകളില്‍ നിന്ന് കിഷന്‍ അര്‍ധസെഞ്ചുറി നേടി. എന്നാല്‍ മറുവശത്ത് ശ്രേയസ് അയ്യര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 11 പന്തുകളില്‍ നിന്ന് 14 റണ്‍സെടുത്ത ശ്രേയസ്സിനെ തബ്‌റൈസ് ഷംസി നോര്‍ക്യെയുടെ കൈയ്യിലെത്തിച്ചു. പിന്നാലെ കിഷനും വീണു.
പ്രിട്ടോറിയസിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച കിഷന്‍ റീസ ഹെന്‍ഡ്രിക്‌സിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 35 പന്തില്‍ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 54 റണ്‍സെടുത്താണ് കിഷന്‍ ക്രീസ് വിട്ടത്. ഇഷാന്‍ പുറത്തായതോടെ നായകന്‍ ഋഷഭ് പന്തും സഹനായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ക്രീസിലൊന്നിച്ചു. ഹാര്‍ദിക് പാണ്ഡ്യയുടെ അനായാസ ക്യാച്ച് ഡേവിഡ് മില്ലര്‍ 15-ാം ഓവറിലെ മൂന്നാം പന്തില്‍ പാഴാക്കി. തൊട്ടടുത്ത ഓവറില്‍ ഋഷഭ് പന്തിന്റെ ക്യാച്ച് ഡ്യൂസന്‍ കൈവിട്ടു. എന്നാല്‍ അതേ ഓവറില്‍ തന്നെ ഋഷഭ് പുറത്തായി. അനാവശ്യ ഷോട്ടിന് ശ്രമിച്ച ഋഷഭ് പ്രിട്ടോറിയസിന്റെ പന്തില്‍ ബവൂമയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. എട്ട് പന്തില്‍ നിന്ന് ആറ് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഈ മത്സരത്തിലും ഋഷഭ് പന്ത് പരാജയമായി.
പന്തിന് പകരം ദിനേശ് കാര്‍ത്തിക്കാണ് ക്രീസിലെത്തിയത്. 13 ഓവറില്‍ 130 റണ്‍സ് കണ്ടെത്തിയിരുന്ന ഇന്ത്യ 18-ാം ഓവറിലാണ് 150 റണ്‍സിലെത്തിയത്. ഇഷാന്‍ കിഷന്‍ പുറത്തായശേഷം റണ്‍റേറ്റില്‍ ഗണ്യമായ കുറവുണ്ടായി. കാര്‍ത്തിക്കിനും പിടിച്ചുനില്‍ക്കാനായില്ല. ആറുറണ്‍സെടുത്ത കാര്‍ത്തിക്ക് റബാദയുടെ പന്തില്‍ പാര്‍നെലിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.
കാര്‍ത്തിക്കിന് പകരം വന്ന അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് ഹാര്‍ദിക് ടീം സ്‌കോര്‍ 180 ല്‍ എത്തിച്ചു. ഹാര്‍ദിക് 21 പന്തില്‍ നിന്ന് 31 റണ്‍സെടുത്തും അക്ഷര്‍ അഞ്ച് റണ്‍സ് നേടിയും പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പ്രിട്ടോറിസ് രണ്ടുവിക്കറ്റെടുത്തപ്പോള്‍ ഷംസി, കേശവ് മഹാരാജ്, റബാദ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
Updating ...
Content Highlights: India vs South Africa 3rd t20 South Africa look to seal series
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..