ജൊഹാനസ്ബര്‍ഗ്: വാണ്ടറേഴ്‌സില്‍ ഇന്ത്യയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഒപ്പമെത്തി (1-1). രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.

നാലാം ദിനം മഴ മൂലം രണ്ട് സെഷനുകള്‍ നഷ്ടമായ ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക അതിവേഗം സ്‌കോര്‍ ചെയ്ത് ജയം സ്വന്തമാക്കുകയായിരുന്നു.

സ്‌കോര്‍: ഇന്ത്യ - 202/10, 266/10, ദക്ഷിണാഫ്രിക്ക - 229/10, 243/3.

188 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 96* റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറാണ് ഇന്ത്യയില്‍ നിന്ന് ജയം തട്ടിയെടുത്തത്.

92 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത റാസ്സി വാന്‍ഡര്‍ ദസ്സന്റെ വിക്കറ്റാണ് പ്രോട്ടീസിന് നാലാം ദിനം നഷ്ടമായത്. ഇരുവരും മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 82 റണ്‍സ് ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായകമായി.

നാലാം വിക്കറ്റില്‍ ടെംബ ബവുമയ്‌ക്കൊപ്പം (23*) എല്‍ഗാര്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കൂര്‍, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗാറും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് നല്‍കിയത്. മാര്‍ക്രമായിരുന്നു കൂടുതല്‍ അപകടകാരി. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ താരം 38 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായി. മാര്‍ക്രത്തെ ഷാര്‍ദുല്‍ താക്കൂല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മാര്‍ക്രം മടങ്ങിയത്. 

മാര്‍ക്രത്തിന് പകരം ക്രീസിലെത്തിയ കീഗന്‍ പീറ്റേഴ്സണും നന്നായി ബാറ്റുചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. എല്‍ഗാറും പീറ്റേഴ്സണും ചേര്‍ന്ന് അനായാസം ഇന്ത്യന്‍ പേസര്‍മാരെ നേരിട്ടു. രണ്ടാം വിക്കറ്റില്‍ ഇരുവരും 46 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 

പേസര്‍മാര്‍ക്ക് പകരം അശ്വിനെ ഉപയോഗിച്ച് സ്പിന്‍ പ്രയോഗിക്കാന്‍ നായകന്‍ രാഹുല്‍ തീരുമാനിച്ചു. നായകന്റെ തീരുമാനം ശരിവെച്ചുകൊണ്ട് അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 28 റണ്‍സെടുത്ത പീറ്റേഴ്സണെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

നേരത്തെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 266 റണ്‍സിന് ഓള്‍ഔട്ടായി. 239 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും 40 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഹനുമ വിഹാരിയുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Content Highlights: india vs south africa 2nd test day 4 updates