ജൊഹാനസ്ബര്‍ഗ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് ദിവസം ബാക്കിനില്‍ക്കേ ദക്ഷിണാഫ്രിക്കയ്ക്ക് 122 റണ്‍സ് കൂടി നേടിയാല്‍ മത്സരം സ്വന്തമാക്കാം. എട്ടുവിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളൂ. 

46 റണ്‍സുമായി നായകന്‍ ഡീല്‍ എല്‍ഗറും 11 റണ്‍സുമായി റാസ്സി വാന്‍ ഡെര്‍ ഡ്യൂസ്സനും പുറത്താവാതെ നില്‍ക്കുന്നു. 

240 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗറും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് നല്‍കിയത്. മാര്‍ക്രമായിരുന്നു കൂടുതല്‍ അപകടകാരി. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ താരം 38 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായി. മാര്‍ക്രത്തെ ശാര്‍ദൂല്‍ ഠാക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മാര്‍ക്രം മടങ്ങിയത്. 

മാര്‍ക്രത്തിന് പകരം ക്രീസിലെത്തിയ കീഗന്‍ പീറ്റേഴ്‌സണും നന്നായി ബാറ്റുചെയ്തതോടെ ഇന്ത്യ വിറച്ചു. എല്‍ഗറും പീറ്റേഴ്‌സണും ചേര്‍ന്ന് അനായാസം ഇന്ത്യന്‍ പേസര്‍മാരെ നേരിട്ടു. രണ്ടാം വിക്കറ്റില്‍ ഇരുവരും 46 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 

പേസര്‍മാര്‍ക്ക് പകരം അശ്വിനെ ഉപയോഗിച്ച് സ്പിന്‍ പ്രയോഗിക്കാന്‍ നായകന്‍ രാഹുല്‍ തീരുമാനിച്ചു. നായകന്റെ തീരുമാനം ശരിവെച്ചുകൊണ്ട് അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 28 റണ്‍സെടുത്ത പീറ്റേഴ്‌സണെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ദക്ഷിണാഫ്രിക്ക പതറി. 

പക്ഷേ പീറ്റേഴ്‌സണ് പകരം ക്രീസിലെത്തിയ റാസി വാന്‍ ഡ്യൂസനെ കൂട്ടുപിടിച്ച് എല്‍ഗര്‍ ടീം സ്‌കോര്‍ 100 കടത്തി. വിക്കറ്റ് വീഴാതെ ടീമിനെ കാക്കാന്‍ ഇരുതാരങ്ങള്‍ക്കും കഴിഞ്ഞു. 

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 266 റണ്‍സിന് ഓള്‍ഔട്ടായി. 239 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും 40 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഹനുമ വിഹാരിയുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 

രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് പൂജാരയും രഹാനെയും ചേര്‍ന്ന് നല്‍കിയത്. മൂന്നാം വിക്കറ്റില്‍ പൂജാരയും രഹാനെയും ചേര്‍ന്ന് 111 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ടീം സ്‌കോര്‍ 155-ല്‍ എത്തിച്ചു. എന്നാല്‍ അവിടെനിന്ന് ഇന്ത്യയുടെ പതനം തുടങ്ങി. 78 പന്തുകളില്‍ നിന്ന് 58 റണ്‍സെടുത്ത രഹാനെയെയാണ് ആദ്യം നഷ്ടമായത്. കഗിസോ റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വെറെയ്നിന് ക്യാച്ച് നല്‍കി രഹാനെ മടങ്ങി. തൊട്ടുപിന്നാലെ പൂജാരയെ വിക്കറ്റിന് മുന്നില്‍ കുടുക്കി റബാദ കൊടുങ്കാറ്റായി. 86 പന്തുകളില്‍ നിന്ന് 53 റണ്‍സെടുത്ത ശേഷമാണ് പൂജാര ക്രീസ് വിട്ടത്. പിന്നാലെ വന്ന ഋഷഭ് പന്ത് അലക്ഷ്യമായി വിക്കറ്റ് കളഞ്ഞ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. റബാദയുടെ പന്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച പന്തിന്റെ ബാറ്റിലുരസി ബോള്‍ വെറെയ്നിന്റെ കൈയ്യിലെത്തി. റണ്‍സെടുക്കാതെയാണ് പന്തിന്റെ മടക്കം.

പന്തിന് പകരമെത്തിയ അശ്വിന്‍ ആക്രമിച്ച് കളിക്കാന്‍ ആരംഭിച്ചെങ്കിലും 16 റണ്‍സെടുത്ത താരത്തെ ലുങ്കി എന്‍ഗിഡി വെറെയ്‌നിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ അപകടം മണത്തു. അശ്വിന് പകരമെത്തിയ ശാര്‍ദൂല്‍ ഠാക്കൂര്‍ അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ ലീഡ് 200 കടന്നു. 24 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്ത ശാര്‍ദൂലിനെ മാര്‍ക്കോ ജാന്‍സണ്‍ കേശവ് മഹാരാജിന്റെ കൈയ്യിലെത്തിച്ചു. 

പിന്നാലെ വന്ന ഷമി അക്കൗണ്ട് കുറക്കുംമുന്‍പ് ജാന്‍സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഹനുമ വിഹാരി മറുവശത്ത് പിടിച്ചുനിന്നു. ഷമിയുടെ പകരക്കാരനായി വന്ന ബുംറ വെറും ഏഴ് റണ്‍സ് മാത്രമെടുത്ത് എന്‍ഗിഡിയ്ക്ക് വിക്കറ്റ് നല്‍കി ഡ്രസ്സിങ് റൂമിലേക്ക് നടന്നു. 

അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജിന് സ്‌ട്രൈക്ക് മാറാതെ പരമാവധി റണ്‍സ് നേടാനാണ് വിഹാരി ശ്രമിച്ചത്. ഓവറിലെ ആദ്യ അഞ്ചുപന്തും നേരിട്ട് അവസാന പന്തില്‍ സിംഗിളെടുത്ത് വിഹാരി കളി മുന്നോട്ട് കൊണ്ടുപോയി. ഒടുവില്‍ വിഹാരിയുടെ പ്രതിരോധത്തിന് വിള്ളല്‍ വന്നു. സിറാജിന് സ്‌ട്രൈക്ക് കിട്ടിയ രണ്ടാം പന്തില്‍ തന്നെ താരത്തിന്റെ കുറ്റി തെറിപ്പിച്ച് എന്‍ഗിഡി ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. 84 പന്തുകളില്‍ നിന്ന് 40 റണ്‍സെടുത്ത് വിഹാരി പുറത്താവാതെ നിന്നു. 

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ, ലുങ്കി എന്‍ഗിഡി, മാര്‍ക്കോ ജാന്‍സണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഡ്യൂവാന്‍ ഒലിവിയര്‍ ശേഷിച്ച വിക്കറ്റ് സ്വന്തമാക്കി.

Content Highlights: india vs south africa 2nd test day 3 updates