ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം മത്സരമവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നിലവില്‍ 58 റണ്‍സിന്റെ ലീഡുണ്ട്. 35 റണ്‍സെടുത്ത് ചേതേശ്വര്‍ പൂജാരയും 11 റണ്‍സുമായി അജിങ്ക്യ രഹാനെയും പുറത്താവാതെ നില്‍ക്കുന്നു. 

ഓപ്പണര്‍മാരായ കെ.എല്‍.രാഹുലിനെയും മായങ്ക് അഗര്‍വാളിനെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.  രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ടീം സ്‌കോര്‍ 24-ല്‍ നില്‍ക്കേ വെറും എട്ട് റണ്‍സ് മാത്രമെടുത്ത രാഹുല്‍ പുറത്തായി. മാര്‍ക്കോ ജാന്‍സണിന്റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രത്തിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്. 

രാഹുലിന് പകരം ചേതേശ്വര്‍ പൂജാര ക്രീസിലെത്തി. പൂജാരയെ കൂട്ടുപിടിച്ച് മായങ്ക് അഗര്‍വാള്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. എന്നാല്‍ 23 റണ്‍സെടുത്ത മായങ്ക് അനാവശ്യമായി വിക്കറ്റ് കളഞ്ഞു. ഒലിവിയറിന്റെ പന്ത് ഒഴിയാന്‍ ശ്രമിച്ച മായങ്കിന്റെ ശ്രമം പാളി. ഒലിവിയറിന്റെ ഇന്‍സ്വിങ്ങര്‍ നേരെ മായങ്കിന്റെ പാഡില്‍ വന്ന് പതിച്ചു. അമ്പയര്‍ എല്‍.ബി.ഡബ്ല്യു വിധിക്കുകയും ചെയ്തു. 

മായങ്കിന് പകരം അജിങ്ക്യ രഹാനെയാണ് ക്രീസിലെത്തിയത്. പൂജാരയും രഹാനെയും അധികം പരിക്കുപറ്റാതെ ഇന്ത്യയെ കാത്തു.ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 229 റണ്‍സിന് പുറത്തായി. 27 റണ്‍സിന്റെ ലീഡ് ടീം സ്വന്തമാക്കി. രണ്ടാം ദിനം ആകെ 11 വിക്കറ്റുകളാണ് നിലംപൊത്തിയത്.

അര്‍ധസെഞ്ചുറി നേടിയ യുവതാരം കീഗന്‍ പീറ്റേഴ്‌സണും തെംബ ബാവുമയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പിടിച്ചുനിന്നത്. ഇന്ത്യയ്ക്ക് വേണ്ടി ശാര്‍ദുല്‍ ഠാക്കൂര്‍ ഏഴുവിക്കറ്റ് വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ശാര്‍ദുലിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. 

ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് പീറ്റേഴ്‌സണും എല്‍ഗറും നല്‍കിയത്. ഇരുവരും ചേര്‍ന്ന് 74 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മത്സരം ഇന്ത്യയില്‍ നിന്ന് കൈവിട്ടുപോകുമെന്ന് തോന്നിച്ച സമയത്ത് ശാര്‍ദുല്‍ ഠാക്കൂര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. നായകന്‍ ഡീന്‍ എല്‍ഗറെ പുറത്താക്കി. 28 റണ്‍സെടുത്ത എല്‍ഗറെ ശാര്‍ദുല്‍ ഠാക്കൂര്‍ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. എല്‍ഗര്‍ പുറത്തായതിനുപിന്നാലെ യുവതാരം കീഗന്‍ പീറ്റേഴ്‌സണ്‍ അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ ആദ്യ ടെസ്റ്റ് അര്‍ധശതകമാണിത്. എല്‍ഗര്‍ക്ക് പകരം റാസി വാന്‍ ഡ്യൂസനാണ് ക്രീസിലെത്തിയത്. 

പീറ്റേഴ്‌സണ്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അനാവശ്യ ഷോട്ടിന് ശ്രമിച്ച് താരം പുറത്തായി.  118 പന്തുകളില്‍ നിന്ന് 62 റണ്‍സെടുത്ത പീറ്റേഴ്‌സണെ ശാര്‍ദുല്‍ ഠാക്കൂറാണ് മടക്കിയത്. പീറ്റേഴ്‌സന്റെ ബാറ്റിലുരസിയ പന്ത് സ്ലിപ്പില്‍ മായങ്ക് അഗര്‍വാള്‍ കൈയ്യിലൊതുക്കി. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പ് വാന്‍ ഡ്യൂസനെയും മടക്കി ശാര്‍ദുല്‍ കൊടുങ്കാറ്റായി. ഒരു റണ്‍ മാത്രമെടുത്ത ഡ്യൂസനെ ശാര്‍ദുല്‍ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ക്രീസിലൊന്നിച്ച തെംബ ബാവുമ-കൈല്‍ വെറെയ്ന്‍ സഖ്യം ദക്ഷിണാഫ്രിക്കയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 

സൂക്ഷ്മതയോടെ കളിച്ച ഇരുവരും 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഈ കൂട്ടുകെട്ടും പൊളിച്ച് ശാര്‍ദുല്‍ ദക്ഷിണാഫ്രിക്കയുടെ പേടിസ്വപ്‌നമായി. വെറെയ്‌നിനെ മടക്കിയാണ് ശാര്‍ദുല്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ചാം വിക്കറ്റെടുത്തത്. 21 റണ്‍സെടുത്ത വെറെയ്‌നിനെ ശാര്‍ദുല്‍ ഠാക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. വെറെയ്ന്‍ മടങ്ങിയതിന് പിന്നാലെ ബാവുമ അര്‍ധസെഞ്ചുറി നേടി. പക്ഷേ 60 പന്തുകളില്‍ നിന്ന് 51 റണ്‍സെടുത്ത ബാവുമയെ ശാര്‍ദുല്‍ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് പന്ത് ബാവുമയെ പുറത്താക്കിയത്. ഇതോടെ മത്സരത്തില്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കാനും ശാര്‍ദുലിന് കഴിഞ്ഞു. പിന്നാലെ വന്ന റബാദയെ അക്കൗണ്ട് തുറക്കുംമുന്‍പ് മുഹമ്മദ് ഷമി പുറത്താക്കി. 

പിന്നീട് ക്രീസിലൊന്നിച്ച മാര്‍ക്കോ ജാന്‍സണും കേശവ് മഹാരാജും ചേര്‍ന്ന് ചെറുത്തുനിന്നതോടെ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ലീഡെടുത്തു. ഇരുവരും 38 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ കേശവിനെ ക്ലീന്‍ ബൗള്‍ഡാക്കി ബുംറ ഈ കൂട്ടുകെട്ട് തകര്‍ത്തു. 21 റണ്‍സെടുത്ത് കേശവ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. പിന്നാലെ 21 റണ്‍സെടുത്ത ജാന്‍സണെയും റണ്‍സെടുക്കും മുന്‍പ് ലുങ്കി എന്‍ഗിഡിയെയും മടക്കി ശാര്‍ദുല്‍ മത്സരത്തില്‍ ഏഴുവിക്കറ്റെടുത്തു. 

17.5 ഓവറില്‍ 61 റണ്‍സ് വഴങ്ങിയാണ് ശാര്‍ദുല്‍ ഏഴുവിക്കറ്റെടുത്തത്. ഷമി രണ്ട്‌വിക്കറ്റ് നേടിയപ്പോള്‍ ബുംറ ഒരു വിക്കറ്റ് വീഴ്ത്തി. 

Content Highlights: india vs south africa 2nd test day 2 live updates